ലോക സിനിമയില്‍ തന്നെ അത്ഭുതമാണ് അദ്ദേഹം; ഒരു പ്രതിഭയാണ്: ജഗദീഷ്
Entertainment
ലോക സിനിമയില്‍ തന്നെ അത്ഭുതമാണ് അദ്ദേഹം; ഒരു പ്രതിഭയാണ്: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th June 2025, 7:05 pm

മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് വന്ന നടനാണ് ജഗദീഷ്. ആദ്യ കാലങ്ങളിൽ കോമഡി വേഷങ്ങൾ മാത്രമായിരുന്നു ലഭിച്ചിരുന്നതെങ്കിലും പിന്നീട് സ്വഭാവവേഷങ്ങളും നായക വേഷങ്ങളും അദ്ദേഹത്തിന് ലഭിച്ചു.

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, അധിപൻ എന്നിവയുൾപ്പെടെ ഏതാനും സിനിമകൾക്ക് അദ്ദേഹം കഥകളും തിരക്കഥകളും എഴുതിയിട്ടുണ്ട്. ഇപ്പോൾ നടന്‍ ശ്രീനിവാസനെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്.

ശ്രീനിവാസന്‍ ലോക സിനിമയില്‍ തന്നെ അത്ഭുതമാണെന്നും ഓരോ ദിവസവും ഡിസ്‌കസ് ചെയ്യുന്ന കാര്യങ്ങള്‍ സ്‌ക്രിപ്റ്റില്‍ എഴുതിവെക്കുമെന്നും ജഗദീഷ് പറയുന്നു.

98 സീനുകളുള്ള ഒരു സിനിമയിലെ 97ാമത്തെ സീന്‍ വരെ ഫസ്റ്റ് ഡേ ഷൂട്ട് ചെയ്യാന്‍ എഴുതിക്കൊടുക്കുമെന്നും ഇത് വേറെ എഴുത്തുകാരനെക്കൊണ്ട് സാധിക്കില്ലെന്നും ജഗദീഷ് പറയുന്നു.

ഒരു കഥാപാത്രം എങ്ങനെയൊക്കെയാണ് സംസാരിക്കുക, പെരുമാറുക എന്ന് ഒരു അഞ്ച് സീന്‍ എഴുതിക്കഴിഞ്ഞാല്‍ മനസിലാകുമായിരിക്കുമെന്നും എന്നാല്‍ ആദ്യ ദിവസം തന്നെ 97ാമത്തെ സീന്‍ എഴുതിക്കൊടുക്കാന്‍ ശ്രീനിവാസന് മാത്രമേ സാധിക്കുകയുള്ളുവെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

‘ശ്രീനിവാസന്‍ ലോക സിനിമയില്‍ തന്നെ അത്ഭുതമാണ്. ഡീറ്റെയില്‍ ആയിട്ടുള്ള സ്‌ക്രീന്‍ പ്ലേ ഫുള്‍ സ്‌കാപ് പേപ്പറിലായിരിക്കും എഴുതി വെക്കുക. ഓരോ ദിവസവും ഡിസ്‌കസ് ചെയ്യുന്ന കാര്യങ്ങള്‍ മാര്‍ജനില്‍ പോയിന്റുകളാക്കി എഴുതിവെക്കും. അത്ഭുതമെന്ന് പറയുന്നത്, 98 സീനുകളുണ്ടെങ്കില്‍ 97ാമത്തെ സീന്‍ വേണമെങ്കില്‍ ഫസ്റ്റ് ഡേ ഷൂട്ട് ചെയ്യാന്‍ എഴുതിക്കൊടുക്കും.

ഇത് വേറെ ഒരു എഴുത്തുകാരനെക്കൊണ്ടും പറ്റില്ല. കാരണം കഥ ഡെവലപ് ചെയ്യുന്ന രീതിയില്‍ ഒരു കഥാപാത്രം എങ്ങനെയൊക്കെയാണ് സംസാരിക്കുക, പെരുമാറുക എന്ന് ഒരു അഞ്ച് സീന്‍ എഴുതിക്കഴിഞ്ഞാല്‍ അത് പിടികിട്ടും. ഇത് ഫസ്റ്റ് ഡേ 97ാമത്തെ സീന്‍ എഴുതിക്കൊടുക്കാന്‍ ശ്രീനിവാസന് കഴിയും. അദ്ദേഹമൊരു പ്രതിഭയാണ്,’ ജഗദീഷ് പറയുന്നു.

Content Highlight: He is a wonder in world cinema; a genius says Jagadish