പെണ്‍വേഷത്തില്‍ ശുചിമുറിയില്‍ കയറി വീഡിയോ പകര്‍ത്തി; യുവാവ് അറസ്റ്റില്‍
Kerala News
പെണ്‍വേഷത്തില്‍ ശുചിമുറിയില്‍ കയറി വീഡിയോ പകര്‍ത്തി; യുവാവ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th August 2023, 8:33 am

കൊച്ചി: പര്‍ദ ധരിച്ച് സ്ത്രീകളുടെ ശുചിമുറിയില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. ഇന്‍ഫോ പാര്‍ക്കിലെ പ്രമുഖ ഐ.ടി. സ്ഥാപനത്തിലെ ജീവനക്കാരനായ കണ്ണൂര്‍ കരിവെള്ളൂര്‍ മുല്ലേഴിപ്പാറ വീട്ടില്‍ അഭിമന്യു എം.എ. (23) ആണ് അറസ്റ്റിലായത്. ഇടപ്പള്ളി ലുലു മാളിലെ ശുചിമുറിയില്‍ കയറി വീഡിയോ പകര്‍ത്തിയതിനാണ് കളമശ്ശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. സാധാരണ വേഷത്തില്‍ മാളിലെത്തിയ അഭിമന്യു, ഒഴിഞ്ഞ സ്ഥലത്തുവെച്ച് കയ്യില്‍ കരുതിയിരുന്ന പര്‍ദ ധരിച്ച് സ്ത്രീകളുടെ ശുചിമുറിയില്‍ കയറുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചുവെക്കുകയും അതില്‍ ചെറിയ ദ്വാരം ഉണ്ടാക്കി ശൗചാലയത്തിന്റെ വാതിലിനോട് ചേര്‍ത്ത് ഒട്ടിച്ചുവെക്കുകയുമായിരുന്നു.

എന്നാല്‍ വാതിലിന് മുന്നില്‍ നിന്ന് പരുങ്ങുന്ന ഇയാളുടെ അസ്വാഭാവിക പെരുമാറ്റം കണ്ട് സംശയം തോന്നിയ സ്ത്രീകള്‍ സെക്യൂരിറ്റി ജീവനക്കാരെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ സ്ത്രീയല്ലെന്നും ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു ലക്ഷ്യമെന്നും മനസിലായത്.

ചോദ്യം ചെയ്യലില്‍ പാലാരിവട്ടത്തുള്ള ഒരു തുണിക്കടയില്‍ നിന്നാണ് അഭിമന്യു പര്‍ദ വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. പര്‍ദയും വീഡിയോ പകര്‍ത്തുവാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെഷന്‍ 354 (സി), 419 (ആള്‍മാറാട്ടം), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 66 (ഇ) എന്നീ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

കളമശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതയില്‍ ഹാജരാക്കിയ അഭിമന്യുവിനെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. പ്രതി ഇതിന് മുമ്പും ഇത്തരം പ്രവണതകള്‍ കാണിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

CONTENT HIGHLIGHTS:  entered the bathroom dressed as a woman and took a video; The youth was arrested