അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുമായി സഖ്യമില്ലെന്ന് ജെ.ഡി.എസ്; സ്വതന്ത്രരായി മത്സരിക്കുമെന്ന് എച്ച്.ഡി. ദേവഗൗഡ
national news
അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുമായി സഖ്യമില്ലെന്ന് ജെ.ഡി.എസ്; സ്വതന്ത്രരായി മത്സരിക്കുമെന്ന് എച്ച്.ഡി. ദേവഗൗഡ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th July 2023, 4:45 pm

ബെംഗളൂരു: 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയോട് സഖ്യം ചേരാതെ സ്വതന്ത്രമായി മത്സരിക്കുമെന്ന് ജനതാ ദള്‍ (സെക്കുലര്‍) അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് സ്വതന്ത്രമായി മത്സരിക്കുമെന്നും അദ്ദേഹം ബെംഗളൂരുവില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഞാന്‍ ഒരു കാര്യം വ്യക്തമായി പറയാന്‍ ആഗ്രഹിക്കുകയാണ്. ഇവിടെ ആരുമായും സഖ്യം തുടങ്ങാന്‍ സാധ്യതയില്ല. ഈ പോരാട്ടം ഞങ്ങള്‍ ഒറ്റയ്ക്ക് സ്വതന്ത്രരായാണ് നടത്തുക.

പാര്‍ട്ടി അഞ്ചോ, ആറോ, മൂന്നോ, രണ്ടോ, ഇനി ഒരു സീറ്റിലാണ് ജയിക്കുന്നതെങ്കില്‍ പോലും ജെ.ഡി.എസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി മത്സരിക്കും. പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച ശേഷം ഞങ്ങള്‍ ശക്തരായ പ്രദേശങ്ങളില്‍ മാത്രമെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തൂ,’ എന്നായിരുന്നു ദേവഗൗഡ മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം, ബി.ജെ.പിയും ജെ.ഡി.എസും ചേര്‍ന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അവര്‍ ചില കുതന്ത്രങ്ങള്‍ ഒരുക്കുന്നുണ്ടെന്നും എന്നാല്‍ അതൊന്നും അവിടെ ഏശാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കര്‍ണാടകയില്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴിലുള്ള വിവിധ രാഷ്ട്രീയ പ്രശ്‌നങ്ങളെ നേരിടുമെന്ന് എച്ച്.ഡി. കുമാരസ്വാമി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നതാണ്. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും ഒരുമിച്ച് നീങ്ങുമെന്നതിന്റെ സൂചനയായാണ് നേരത്തെ വിലയിരുത്തപ്പെട്ടിരുന്നത്.

തിങ്കളാഴ്ച 10 ബി.ജെ.പി എം.എല്‍.എമാര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിന് പിന്നാലെ ബി.ജെ.പി, ജെ.ഡി.എസ് എം.എല്‍.എ കര്‍ണാടക നിയമസഭ ബഹിഷ്‌കരിച്ചിരുന്നു. നിയമസഭയെ അപകീര്‍ത്തിപ്പെടുത്തും വിധം ബി.ജെ.പി എം.എല്‍.എമാര്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു സ്പീക്കറുടെ വിമര്‍ശനം.

Content Highlights: HD devagouda says there won’t be any alliance with NDA in next lok sabha election