പുതിയ കാസ്റ്റിങ്ങുമായി ഹാരി പോട്ടര്‍; നെഗറ്റീവ് കമന്റുകള്‍ക്ക് പിന്നാലെ കമന്റ് ബോക്‌സ് ഓഫ് ചെയ്ത് എച്ച്.ബി.ഒ
Entertainment
പുതിയ കാസ്റ്റിങ്ങുമായി ഹാരി പോട്ടര്‍; നെഗറ്റീവ് കമന്റുകള്‍ക്ക് പിന്നാലെ കമന്റ് ബോക്‌സ് ഓഫ് ചെയ്ത് എച്ച്.ബി.ഒ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th May 2025, 11:42 pm

ബ്രിട്ടീഷ് എഴുത്തുകാരിയായ ജെ.കെ. റൗളിങ് എഴുതിയ ഫാന്റസി നോവലുകളുടെ പരമ്പരയാണ് ഹാരി പോട്ടര്‍. ഇതിന് മലയാളികള്‍ക്കിടയിലും ഏറെ ആരാധകരുണ്ട്. ഹാരി പോട്ടര്‍ സീരിസിലെ സിനിമകളില്‍ ഒന്നെങ്കിലും കണ്ടിട്ടില്ലാത്ത സിനിമാസ്വാദകര്‍ കുറവാണ്.

ഹാരി പോട്ടറിന്റെ റീബൂട്ട് സിനിമയെത്തുന്നു എന്നത് മുമ്പ് വലിയ വാര്‍ത്തയായിരുന്നു. അതിനായി കഴിഞ്ഞ വര്‍ഷം മാസങ്ങള്‍ നീണ്ട ഗ്ലോബല്‍ കാസ്റ്റിങ് കോളുകള്‍ വിളിച്ചിരുന്നു. ഇപ്പോള്‍ ഈ സിനിമയിലെ കാസ്റ്റിങ് പുറത്തുവിട്ടിരിക്കുകയാണ് എച്ച്.ബി.ഒ.

ഹാരി, റോണ്‍, ഹെര്‍മിയോണ്‍ എന്നിവരുടെ വേഷങ്ങള്‍ സ്ഥിരീകരിച്ചു കൊണ്ട് പുതിയ കുട്ടി അഭിനേതാക്കളുടെ ചിത്രങ്ങളാണ് എച്ച്.ബി.ഒ പുറത്തുവിട്ടത്. ഹാരി പോട്ടറായി ഡൊമിനിക് മക്ലാഫ്ലിനും ഹെര്‍മിയോണ്‍ ആയി അറബെല്ല സ്റ്റാന്റണും റോണ്‍ വീസ്ലിയായി അലസ്റ്റെയര്‍ സ്റ്റൗട്ടുമാണ് എത്തുന്നത്. കഴിഞ്ഞ വര്‍ഷം കാസ്റ്റിങ് കോള്‍ ആരംഭിച്ചതിനുശേഷം 30,000ത്തില്‍ അധികം ആളുകളില്‍ നിന്നാണ് മൂവരെയും തെരഞ്ഞെടുത്തിരിക്കുന്നത്.

എച്ച്.ബി.ഒയുടെ പോസ്റ്റ്:

പ്രിയപ്പെട്ട മിസ്റ്റര്‍ പോട്ടര്‍, മിസ് ഗ്രേഞ്ചര്‍, മിസ്റ്റര്‍ വീസ്ലി. ഹോഗ്വാര്‍ട്ട്‌സ് സ്‌കൂള്‍ ഓഫ് വിച്ച്ക്രാഫ്റ്റ് ആന്‍ഡ് വിസാര്‍ഡ്രിയില്‍ നിങ്ങള്‍ക്ക് ഒരു സ്ഥാനമുണ്ടെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.

ഹാരി പോട്ടറായി ഡൊമിനിക് മക്ലാഫ്ലിനെയും ഹെര്‍മിയോണ്‍ ഗ്രേഞ്ചറായി അറബെല്ല സ്റ്റാന്റണിനെയും റോണ്‍ വീസ്ലിയായി അലസ്റ്റെയര്‍ സ്റ്റൗട്ടിനെയും എച്ച്.ബി.ഒ ഒറിജിനല്‍ സീരീസ് ഹാരി പോട്ടറിലേക്ക് സ്വാഗതം ചെയ്യുന്നു.

View this post on Instagram

A post shared by Max (@streamonmax)

അതേസമയം എച്ച്.ബി.ഒ കാസ്റ്റിങ് പുറത്ത് വിട്ടതിന് പിന്നാലെ പോസ്റ്റിന് താഴെ നിരവധി മോശം കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. അതോടെ എച്ച്.ബി.ഒ തങ്ങളുടെ പോസ്റ്റിന്റെ കമന്റ് സെക്ഷനുകള്‍ ഓഫ് ചെയ്തിട്ടു.

എങ്കില്‍ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പുതിയ കാസ്റ്റിങ്ങിനെ വിമര്‍ശിച്ചു കൊണ്ട് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അതേസമയം കുട്ടി അഭിനേതാക്കളെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടും നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.

ഹാരി പോട്ടര്‍:

ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ഹാരി പോട്ടര്‍ സീരിസിലെ ആദ്യ സിനിമ പുറത്തിറങ്ങിയത് 2001 നവംബറിലായിരുന്നു. ഹാരി പോട്ടര്‍ ആന്‍ഡ് ദ ഫിലോസഫേഴ്സ് സ്റ്റോണ്‍ ആയിരുന്നു ഹാരി പോട്ടര്‍ സീരീസിലെ ആദ്യ സിനിമ. സീരിസില്‍ ആകെ എട്ട് സിനിമകളാണ് പുറത്തിറങ്ങിയിട്ടുള്ളത്.

Content Highlight: HBO Announced New Cast Of Harry Potter