എഡിറ്റര്‍
എഡിറ്റര്‍
‘ക്ഷമിക്കണം, ഞാന്‍ ഇന്ന് രാവിലത്തെ പത്രം വായിച്ചിട്ടില്ല’; അമിത് ഷായുടെ മകനെതിരായ ആരോപണത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരെ പരിഹസിച്ച് നിതീഷ് കുമാര്‍
എഡിറ്റര്‍
Monday 9th October 2017 7:30pm

 


പാട്‌ന: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരായ സാമ്പത്തിക ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തെ പരിഹസിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം അമിത് ഷായുടെ മകന്‍ ജെയ് ഷായുടെ കമ്പനിയുടെ വരുമാനം 1600 മടങ്ങ് വര്‍ധിച്ചതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വയറിന്റെ റിപ്പോര്‍ട്ട് ചര്‍ച്ചയായതോടെ ബി.ജെ.പി നേതൃത്വം പരുങ്ങലിലായിരിക്കുകയാണ്. പ്രതിപക്ഷവും മാധ്യമങ്ങളും ബി.ജെ.പിയ്‌ക്കെതിരെ രംഗത്തു വന്നിരിക്കുകയാണ്. ഇതിനിടെയാണ് ബി.ജെ.പിയുമായി സഖ്യത്തിലുള്ള ബിഹാര്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.

‘ക്ഷമിക്കണം, ഞാനിന്ന് രാവിലത്തെ പത്രം വായിച്ചിട്ടില്ല. അതുകൊണ്ട് പ്രതികരിക്കുന്നത് ശരിയല്ല.’ എന്നായിരുന്നു ജെയ് ഷായ്‌ക്കെതിരായ ആരോപണത്തെ കുറിച്ച് ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് നിതീഷ് കുമാര്‍ പറഞ്ഞത്. തനിക്ക് കമ്പനികളില്‍ പണം നിക്ഷേപിക്കുന്നതിനെ കുറിച്ച് അറിയില്ലെന്നും നിതീഷ് പറഞ്ഞു.


Also Read:  16000 മടങ്ങ് ലാഭം ഉണ്ടാക്കിയ അമിത്ഷായുടെ മകന്റെ കമ്പനി നോട്ടു നിരോധനത്തിന്റെ നാലാഴ്ച മുമ്പ് പൂട്ടിയതെന്ത് കൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ


അതേസമയം, വരുമാന വര്‍ധനവ് ആരോപണത്തില്‍ അമിത് ഷായുടെ മകന്‍ ജെയ് ഷാ മാനനഷ്ടകേസ് നല്‍കിയിരിക്കുകയാണ്. തനിക്കെതിരെ വാര്‍ത്ത നല്‍കിയ ന്യൂസ് പോര്‍ട്ടലിനും വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ക്കും എതിരെയാണ് ജെയ് കേസ് നല്‍കിയിരിക്കുന്നത്. നൂറ് കോടിയുടെ നഷ്ടപരിഹാരമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്തെ അറിയപ്പെടുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകയായ രോഹിണി സിംഗാണ് അമിത് ഷായുടെ മകന്റെ കമ്പനിയുടെ ലാഭവിവര കണക്കുകളുടെ റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവന്നത്. നേരത്തെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ ഡി.എല്‍.എഫ് ഇടപാടുകള്‍ തമ്മിലുള്ള വാര്‍ത്ത പുറത്ത് കൊണ്ടുവന്നതും രോഹിണി സിങ്ങാണ്.

വാര്‍ത്ത വന്നതിന് പിന്നാലെ ബി.ജെ.പി നേതൃത്വം വെട്ടിലായിരുന്നു. പ്രതിപക്ഷം ബി.ജെ.പിയ്‌ക്കെതിരെ രംഗത്തു വന്നിരുന്നു. ആരോപണം അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

Advertisement