മോഹൻലാലുമായി പിണങ്ങി; 12 കൊല്ലത്തോളം വർക്ക് ചെയ്തിട്ടില്ല: സത്യൻ അന്തിക്കാട്
Malayalam Cinema
മോഹൻലാലുമായി പിണങ്ങി; 12 കൊല്ലത്തോളം വർക്ക് ചെയ്തിട്ടില്ല: സത്യൻ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th September 2025, 11:39 am

വർഷങ്ങളായി മലയാളികൾ സ്നേഹത്തോടെയും പ്രതീക്ഷയോടെയും കാണുന്ന കൂട്ടുകെട്ടാണ് മോഹൻലാൽ- സത്യൻ അന്തിക്കാടിന്റേത്. കുറുക്കന്റെ കല്ല്യാണം മുതൽ ഇപ്പോഴിതാ പുറത്തിറങ്ങിയ പുതിയ ചിത്രം ഹൃദയപൂർവ്വം വരെ നീളുന്നു ആ കൂട്ടുകെട്ട്.

അതിൽ മിക്ക സിനിമകളും ഹിറ്റുകൾ. മോഹൻലാലുമായി ഒരിടവേളയ്ക്ക് ശേഷം രസതന്ത്രത്തിലാണ് വീണ്ടും സത്യൻ അന്തിക്കാട് ഒന്നിച്ചത്. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് സത്യൻ അന്തിക്കാട്.

‘ഞാൻ മോഹൻലാലിനോട് പിണങ്ങിയിട്ടുണ്ട്. അദ്ദേഹത്തോട് പിണങ്ങിയിട്ട് ഒരുപാട് നാൾ മോഹൻലാലിനെ വെച്ച് സിനിമ ചെയ്യാതെ ഇരുന്നിട്ടുണ്ട്. പക്ഷെ, മോഹൻലാൽ അത് അറിഞ്ഞിട്ടില്ല. അത് ഞാൻ പിന്നീട് പറയുമ്പോഴാണ് അദ്ദേഹത്തിനത് മനസിലായത്. എനിക്ക് മോഹൻലാലിനെ ഞാൻ ആഗ്രഹിക്കുന്ന സമയത്ത് കിട്ടാത്തത് കൊണ്ടായിരുന്നു എന്റെയുള്ളിലെ പിണക്കം,’ സത്യൻ അന്തിക്കാട് പറയുന്നു.

തനിക്ക് പിണക്കം മാത്രമാണ് ഉണ്ടായിരുന്നതെന്നും ദേഷ്യം ഉണ്ടായിട്ടില്ലെന്നും സത്യൻ അന്തിക്കാട് പറയുന്നു. പക്ഷെ, മോഹൻലാൽ അതുപോലും അറിഞ്ഞിട്ടില്ലെന്നും രസതന്ത്രം സിനിമ ചെയ്യുന്നതിന് മുമ്പ് 12 കൊല്ലത്തോളം മോഹൻലാലുമായി താൻ വർക്ക് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ മോഹൻലാലും താനുമായി വർക്ക് ചെയ്യാൻ തുടങ്ങിയപ്പോൾ തനിക്ക് തോന്നിയത് ‘ഇന്നലെ അദ്ദേഹം പോയത്’ പോലെയാണെന്നും വ്യക്തിപരമായിട്ട് അത്രയും കംഫർട്ടാക്കുന്ന നടനാണ് മോഹൻലാൽ എന്നും സത്യൻ അന്തിക്കാട് പറഞ്ഞു. നമുക്ക് ഇഷ്ടവും ബഹുമാനവും തോന്നുന്ന ആളാണ് മോഹൻലാൽ എന്നും ഒരിക്കൽ പോലും അകലാൻ തോന്നാത്ത സുഹൃത്താണ് മോഹൻലാലെന്നും സത്യൻ അന്തിക്കാട് പറയുന്നു.

‘സിനിമക്കകത്തെ ലാൽ പുറത്തേ ലാൽ അങ്ങനെയൊന്നുമില്ല… ഞങ്ങളൊന്നിച്ച് ഒരേ വഴിയിൽ കൂടി യാത്ര ചെയ്യുന്നവരാണ്,’ സത്യൻ അന്തിക്കാട് പറഞ്ഞു.

Content Highlight: Haven’t worked with Mohanlal for 12 years says Sathyan Anthikad