ബെംഗളൂരു: കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ ആര്‍.എസ്.എസ് നേതാവിനെ കേസെടുത്തു. ഉപ്പലിഗെയില്‍ നടന്ന ദീപോത്സവ പരിപാടിയുടെ സംഘാടകര്‍ക്കും ആര്‍.എസ്.എസ് നേതാവിനുമെതിരെയാണ് നടപടി.
‘കഹാലെ ന്യൂസ്’ എന്ന യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്ത കല്ലഡ്ക പ്രഭാകര്‍ ഭട്ടിന്റെ പ്രസംഗം മതവിദ്വേഷം ജനിപ്പിക്കുന്നതാണെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ശത്രുത വളര്‍ത്തല്‍, മതവിശ്വാസങ്ങളെ അപമാനിക്കല്‍, പൊതുസമധാനം തകര്‍ക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഒക്ടോബര്‍ 20നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരിപാടി നടന്ന പ്രദേശത്തുള്ള ഒരു താമസക്കാരനാണ് ആര്‍.എസ്.എസ് നേതാവിനെതിരെ പരാതി നല്‍കിയത്.
കഴിഞ്ഞയാഴ്ച, സംസ്ഥാനത്തെ സ്‌കൂളുകളിലേത് ഉള്‍പ്പെടെയുള്ള ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനം നിരോധിക്കണമെന്ന് കോണ്‍ഗ്രസ് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിരുന്നു. പ്രിയങ്ക് ഖാര്‍ഗെയുടെ ആവശ്യം സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യ അംഗീകരിച്ചതായായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കൂടാതെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യാത്ത ഒരു സംഘടനയ്ക്ക് ആസ്ഥാനം പണികഴിപ്പിക്കാന്‍ എവിടെ നിന്നാണ് പണം കിട്ടുന്നതെന്നും ഖാര്‍ഗെ ചോദിച്ചിരുന്നു. 300 മുതല്‍ 400 കോടി രൂപ വരെയുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ എവിടെ നിന്നാണ് ആര്‍.എസ്.എസിന് പണം ലഭിക്കുന്നതെന്നായിരുന്നു ഖാര്‍ഗെയുടെ ചോദ്യം.
സോഷ്യലിസം, സെക്യുലറിസം എന്നീ ആശയങ്ങളെ കുറിച്ചുള്ള ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
ബ്രിട്ടീഷ് സൈന്യത്തില്‍ ചേര്‍ന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സൈന്യത്തിനെതിരെ പോരാടാന്‍ ഇന്ത്യക്കാരോട് സവര്‍ക്കര്‍ ആഹ്വാനം ചെയ്തിരുന്നതായും ഖാര്‍ഗെ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: Hate speech and attempt to create division; Case filed against RSS leader in Karnataka