കൂട്ടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടാല്‍ ഞങ്ങള്‍ കേറി വന്നോളും; ഞങ്ങള്‍ പരസ്പ്പരം മനസിലാക്കാറുണ്ട്: ഹാഷിര്‍
Malayalam Cinema
കൂട്ടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടാല്‍ ഞങ്ങള്‍ കേറി വന്നോളും; ഞങ്ങള്‍ പരസ്പ്പരം മനസിലാക്കാറുണ്ട്: ഹാഷിര്‍
ഐറിന്‍ മരിയ ആന്റണി
Thursday, 2nd April 2026, 10:38 pm

ഇന്‍സ്റ്റാഗ്രാം റീലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ഹാഷിര്‍. സമൂഹമാധ്യമങ്ങളിലൂടെ വലിയ ഫാന്‍ബേയ്സ് സൃഷ്ടിക്കാന്‍ കഴിഞ്ഞ താരം വാഴ- ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കും കാലെടുത്തുവെച്ചു.

ചിത്രത്തിന്റെ രണ്ടാം ഭാഗമായെത്തിയ വാഴ2 വില്‍ ഹാഷിറും സംഘവുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. നവവാഗതനായ സവിന്‍ എസ്. എ സംവിധാനം ചെയ്ത ചിത്രം ഇന്നാണ് തിയേറ്ററുകളിലെത്തിയത്. ആദ്യ ഭാഗത്തിന് ഒപ്പമോ, അതിനോ മുകളിലോ നില്‍ക്കുന്നതാണ് സിനിമയെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ചിത്രത്തില്‍ ഹാഷിര്‍, അലന്‍, വിനായക് തുടങ്ങി എല്ലാവരുടെയും പെര്‍ഫോമന്‍സിനും നല്ല കയ്യടിയുണ്ട്.

ഇപ്പോഴിതാ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ സിനിമയെ കുറിച്ചും തന്റെ സുഹൃത്തുക്കളെ കുറിച്ചും ഹാഷിര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കൂട്ടത്തില്‍ ഒരാള്‍ രക്ഷപ്പെടുകയാണെങ്കില്‍ തങ്ങളെല്ലാവരും രക്ഷപ്പെടുമെന്ന് നടന്‍ പറയുന്നു.

‘ആരെങ്കിലും ഒരുത്തന്‍ ഒന്ന് രക്ഷപ്പെടണേ എന്നാണ് ഞങ്ങള്‍ എപ്പോഴും പറയുന്നത്. അത് വഴിയേ അങ്ങ് കേറിവന്നോളും. ഞങ്ങള്‍ നാല് പേരില്‍ ഒരുത്തന്‍ രക്ഷപ്പെട്ടാല്‍ മതി. ആദ്യം ഞാനാണ് പോകുന്നതെങ്കില്‍ ഞാന്‍ പോകുന്നതിന്റെ വഴിയേ അവരെയും കൂടെ കൊണ്ട് പോകും.

ഒരാള്‍ ഗള്‍ഫില്‍ പോയി രക്ഷപ്പെട്ടാല്‍, എനിക്ക് ഒരു വിസ അയക്കണേ എന്ന് പറയുന്നത് പോലെയാണിത്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. നമ്മള്‍ പരസ്പ്പരം മനസിലാക്കേണ്ടതുണ്ട്. ഒരു ടീമായി നിന്ന് പോയാലെ വിജയിക്കാന്‍ കഴിയൂ. അങ്ങനെ ഞാന്‍ പറയുന്നത് എന്താണോ അത് മനസിലാക്കുന്ന നല്ല സുഹൃത്തുക്കള്‍ എനിക്കുണ്ട്,’

സെറ്റില്‍ ചിലപ്പോള്‍ ഞങ്ങള്‍ക്ക് അബദ്ധങ്ങളൊക്കെ പറ്റും. ആദ്യമായിട്ടാണല്ലോ സിനിമയിലൊക്കെ അഭിനയിക്കുന്നത്. ഷോട്ട് കഴിഞ്ഞ് എന്താടാ കാണിച്ച് വെച്ചിരിക്കുന്നത് എന്നൊക്കെ തമാശക്ക് പറയുന്നത് മൈക്കില്‍ കൂടി കേള്‍ക്കും. അവസാനം അവര് തന്നെ മൈക്ക് ഊരി വെക്കാന്‍ തുടങ്ങി,’ ഹാഷിര്‍ പറഞ്ഞു.

വാഴയുടെ ആദ്യ ഭാഗം പോലെ തന്നെ ഒരു കൂട്ടം ചെറുപ്പക്കാരുടെ കുട്ടികാലം മുതല്‍ യൗവനം വരെയുള്ള ജീവിത കഥയാണ് സിനിമ പറയുന്നത്. വിപിന്‍ ദാസ് തന്നെയാണ് സിനിമയുടെ തിരക്കഥ നിര്‍വഹിക്കുന്നത്.
Wbts പ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ്, ഐക്കണ്‍ സ്റ്റുഡിയോസ്, ഷൈന്‍ സ്‌ക്രീന്‍സ് എന്നിവയുടെ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി അനീഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

Content Highlight: Hashir talks about Vazha 2 and his friends 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.