ഹരിയാന കലാപം; ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ മോനു മനേസറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഖാപ് പഞ്ചായത്ത്
national news
ഹരിയാന കലാപം; ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ മോനു മനേസറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഖാപ് പഞ്ചായത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th August 2023, 11:46 am

നൂഹ്: ഹരിയാനയിലെ നൂഹിലെ കലാപത്തില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ മോനു മനേസറിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കര്‍ഷക യൂണിയനുകളും ഖാപ് പഞ്ചായത്തുകളും. നൂഹില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും ബുധനാഴ്ച ചേര്‍ന്ന മഹാപഞ്ചായത്തില്‍ സംഘടനകള്‍ ആവശ്യപ്പെട്ടു.

അക്രമത്തെ അപലപിച്ചുകൊണ്ട് ഹരിയാനയിലെ ഹിസറിലാണ് ഖാപ്പുകളുടെയും കര്‍ഷക യൂണിയനുകളുടെയും, മതനേതാക്കളുടെയും മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. സമ്മേളനത്തില്‍ സമാധാനവും ഐക്യവും ആഹ്വാനം ചെയ്യുന്ന നിരവധി പ്രമേയങ്ങള്‍ പാസാക്കുകയും ചെയ്തു.

ഭാരതീയ കിസാന്‍ മസ്ദൂര്‍ യൂണിയന്‍ സംഘടിപ്പിച്ച മഹാപഞ്ചായത്തില്‍ ഹിന്ദുക്കളും മുസ്‌ലിങ്ങളും സിഖുകാരും പങ്കെടുത്തു. സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാ മതത്തില്‍പ്പെട്ടവരും പ്രവര്‍ത്തിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു.

രേവാരി, മഹേന്ദര്‍ഗഡ്, ജജ്ജാര്‍ എന്നീ ജില്ലകളിലെ 50 പഞ്ചായത്തുകള്‍ മുസ്‌ലിം വ്യാപാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. പിന്നാലെയാണ് മഹാപഞ്ചായത്ത് ചേര്‍ന്നത്.

നൂഹിലെ വര്‍ഗീയ കലാപം ഹരിയാന സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയെയും കര്‍ഷക യൂണിയനുകള്‍ വിമര്‍ശിച്ചു. അതേസമയം മുസ്‌ലിം വ്യാപാരികളുടെ ബഹിഷ്‌കരണത്തെ പിന്തുണച്ച് കൊണ്ട് ചില സംഘടനകള്‍ സംസാരിച്ചു. മറ്റുള്ളവര്‍ അക്രമത്തെ അപലപിക്കുകയും മനേസറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജാട്ട് സമുദായത്തില്‍പ്പെട്ടവരാണ് മനേസറിന്റെ അറസ്റ്റ് ആവശ്യപ്പെടുകയും സാമുദായിക സൗഹാര്‍ദത്തിന് അഭ്യര്‍ത്ഥിക്കുകയും ചെയ്തത്.

ബജ്‌റംഗ്ദളും വി.എച്ച്.പിയും സംഘടിപ്പിച്ച ബ്രജ്മണ്ഡല്‍ ജലാഭിഷേക് യാത്രക്ക് പിന്നാലെയാണ് ഹരിയാനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. മനേസറിന്റെ സാന്നിധ്യം യാത്രയിലുണ്ടായിരുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. പ്രകോപനപരമായ വീഡിയോയും അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഫെബ്രുവരി 30നാണ് ജുനൈദ്, നാസിര്‍ എന്നിവരെ പശു കടത്തിയതില്‍ പങ്കുണ്ടെന്നാരോപിച്ച് മോനു അടക്കമുള്ള ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് കൊലപ്പെടുത്തിയത്.

അതേസമയം ഏറ്റുമുട്ടലില്‍ മനേസറിന്റെ പങ്ക് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിക്കുമെന്ന് ഹരിയാന സംസ്ഥാന പോലീസ് മേധാവി പി.കെ അഗര്‍വാളിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

വര്‍ഗീയ കലാപത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന നൂഹിലെ സ്‌കൂളുകളും ഗതാഗത സേവനങ്ങളും ഇന്ന് വീണ്ടും തുറക്കും. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 113 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്ത് 305 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജൂലായ് 31 ന് നടന്ന വര്‍ഗീയ സംഘര്‍ഷത്തില്‍ രണ്ട് ഹോം ഗാര്‍ഡുകളും ഒരു പള്ളി ഇമാം ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു.

content highlights: Haryana Rebellion; Khap Panchayat demands arrest of Bajrang Dal activist Monu Manesar