മോദിയെ വിമര്‍ശിച്ചു; അധിര്‍ രഞ്ജന്‍ ചൗധരിയെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു
national news
മോദിയെ വിമര്‍ശിച്ചു; അധിര്‍ രഞ്ജന്‍ ചൗധരിയെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th August 2023, 9:11 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി എം.പിയെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഇന്നും അധിര്‍ രഞ്ജന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. പിന്നാലെ മോദിയും മന്ത്രിമാരും സംസാരിക്കുമ്പോള്‍ ചൗധരി ശല്യപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇദ്ദേഹത്തിനെതിരെ പ്രമേയം കൊണ്ടുവന്നത്. തുടര്‍ന്ന് വോയ്‌സ് വോട്ടില്‍ പ്രമേയം പാസാക്കുകയായിരുന്നു.

ആദ്യമായാണ് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവിനെ സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുന്നത്.
അതേസമയം ഈ തീരുമാനം വിശ്വസിക്കാനാകാത്തതും ജനാധിപത്യവിരുദ്ധമാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

‘മോദിക്കെതിരെ സംസാരിച്ചതിന് ലോക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ സസ്‌പെന്‍ഡ് ചെയ്തു. ഇത് അവിശ്വസനീയമാണ്, ജനാധിപത്യവിരുദ്ധമാണ്,’ ലോക്‌സഭയിലെ കോണ്‍ഗ്രസ് വിപ്പ് മാണിക്കം ടാഗോര്‍ പറഞ്ഞു.

അതേസമയം അധിര്‍ രഞ്ജന്‍ ഇത്തരം പെരുമാറ്റം ശീലമാക്കിയിരിക്കുന്നുവെന്നാണ് പ്രഹ്‌ളാദ് ജോഷി സഭയില്‍ പറഞ്ഞത്.

‘ഇത്തരം പ്രവണത അദ്ദേഹത്തിന്റെ പതിവായി മാറിയിട്ടുണ്ട്. ഈ സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവാണ് അദ്ദേഹം. നിരവധി തവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഈ രീതി മാറ്റാന്‍ അദ്ദേഹം തയ്യാറാകുന്നില്ല,

ചര്‍ച്ചകളില്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്. സര്‍ക്കാരിന്റെ അന്തസ് താഴ്ത്താനാണ് അദ്ദേഹത്തിന്റെ ശ്രമം. ഇന്നും അദ്ദേഹം മാപ്പ് പറയണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു, പക്ഷേ ഖേദം പ്രകടിപ്പിക്കാന്‍ തയാറായിട്ടില്ല’ പ്രഹ്ലാദ് ജോഷി പറഞ്ഞു.

പ്രിവിലേജ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ ചൗധരിയുടെ സസ്‌പെന്‍ഷന്‍ തുടരും. മണിപ്പൂരില്‍ ഓരോ ദിവസവും ഓരോ വിധവകള്‍ സൃഷ്ടിക്കപ്പെടുകയാണെന്ന് ഇന്നും അധിര്‍ സഭയില്‍ ഉന്നയിച്ചു.

‘മണിപ്പൂര്‍ കലാപത്തെ ഒരു സംസ്ഥാനത്തെയും അക്രമവുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ഹസ്തിനപുരത്ത് ദ്രൗപദി വിവസ്ത്രയാക്കപ്പെട്ടപ്പോള്‍ ധൃതരാഷ്ട്രര്‍ അന്ധനായിരുന്ന പോലെ ഇന്നും രാജാവ് അന്ധനായിരിക്കുകയാണ്,’ എന്നാണ് അദ്ദേഹം പറഞ്ഞത്.

തുടര്‍ന്ന് ഭരണപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍ താന്‍ ആരുടെയും പേര് പറഞ്ഞില്ലെന്നും ഹസ്തിനപുരം ആണെങ്കിലും മണിപ്പൂര്‍ ആണെങ്കിലും ഒരു വ്യത്യാസവുമില്ലെന്നും അധിര്‍ കൂട്ടിച്ചേര്‍ത്തു.

അവിശ്വാസ പ്രമേയത്തിന് മറുപടി നല്‍കുന്ന വേളയില്‍ അധിര്‍ രഞ്ജനെ മോദിയും പരിഹസിച്ചിരുന്നു.
കോണ്‍ഗ്രസ് അധിര്‍ രഞ്ജനെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹത്തോട് തങ്ങള്‍ക്ക് സഹതാപമുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു.

‘ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിനെ സ്പീക്കര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 1999ല്‍ ശരദ് പവാര്‍ അവിശ്വാസ പ്രമേയം നയിച്ചു. 2003ല്‍ സോണിയ ഗാന്ധിയും. എന്നാല്‍ എന്തുകൊണ്ടാണ് ഇന്ന് അധിര്‍ രഞ്ജന്‍ ചൗധരിയെ സംസാരിക്കാന്‍ അനുവദിക്കാത്തത്. അദ്ദേഹത്തിന്റെ പാര്‍ട്ടി അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിച്ചില്ല.

എന്തുകൊണ്ടാണ് അധിര്‍ രഞ്ജന്‍ ചൗധരിയെ മാറ്റി നിര്‍ത്തിയത്. ഒരു പക്ഷേ കൊല്‍ക്കത്തയില്‍ നിന്ന് ഫോണ്‍ വന്നത് കൊണ്ടാകാം. ഞങ്ങള്‍ക്ക് അധിര്‍ രഞ്ജനോട് സഹതാപം തോന്നുന്നു,’ എന്നാണ് മോദി പറഞ്ഞത്.

content highlights: adhir ranjan choudhari suspended from loksabha