ലോകകപ്പ് നേടിയ 'നാലാമത്' ക്യാപ്റ്റനെന്ന് പറയുമ്പോള്‍ വിരാട് അടക്കമുള്ളവരെ മറക്കുകയാണോ?
icc world cup
ലോകകപ്പ് നേടിയ 'നാലാമത്' ക്യാപ്റ്റനെന്ന് പറയുമ്പോള്‍ വിരാട് അടക്കമുള്ളവരെ മറക്കുകയാണോ?
ആദര്‍ശ് എം.കെ.
Monday, 3rd November 2025, 12:37 pm

രണ്ട് ഫൈനലുകളില്‍ കണ്ണുനീരണിഞ്ഞെങ്കിലും മൂന്നാം ഫൈനലില്‍ ഐ.സി.സി വനിതാ ലോകകപ്പ് കിരീടം ഇന്ത്യയുടെ ചുംബനമേറ്റുവാങ്ങിയിരിക്കുകയാണ്. മിതാലി രാജും ജുലന്‍ ഗോസ്വാമിയും അന്‍ജും ചോപ്രയും നീതു ഡേവിഡും അടക്കമുള്ളവര്‍ വെട്ടിയ വഴിയിലൂടെ അവരുടെ കൈപിടിച്ചുനടന്ന ഹര്‍മന്‍പ്രീത് കൗര്‍ ഇന്ന് ഇന്ത്യയെ കിരീടത്തിലേക്ക് കൈപിടിച്ചുനടത്തി.

ഐ.സി.സി വേദിയില്‍ ഇന്ത്യന്‍ വനിതകള്‍ നേടുന്ന ആദ്യ സീനിയര്‍ കിരീടമാണ്. സീനിയര്‍ കിരീടമെന്ന് എടുത്തുപറയാനും കാരണമുണ്ട്, ഇതിന് മുമ്പ് ഇന്ത്യ വനിതാ ക്രിക്കറ്റില്‍ രണ്ട് കിരീടം നേടിയിട്ടുണ്ട് എന്നത് തന്നെ. അണ്ടര്‍ 19 വനിതാ ലോകകപ്പിലാണ് ഇന്ത്യയുടെ ഈ രണ്ട് കിരീട നേട്ടങ്ങളും പിറവിയെടുത്തത്.

രണ്ട് തവണയാണ് ഐ.സി.സി അണ്ടര്‍ 19 വനിതാ ലോകകപ്പ് അരങ്ങേറിയത്. ഇതില്‍ രണ്ടിലും കിരീടം നേടിയത് ഇന്ത്യയായിരുന്നു.

2023ല്‍ ഷെഫാലി വര്‍മയുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിനെയും 2025ല്‍ നിക്കി പ്രസാദിന്റെ നേതൃത്വത്തില്‍ സൗത്ത് ആഫ്രിക്കയെയും പരാജയപ്പെടുത്തി ഇന്ത്യ കപ്പുയര്‍ത്തി.

ഇതുമാത്രമല്ല, അണ്ടര്‍ 19ല്‍ വിരാട് കോഹ്‌ലിയും മുഹമ്മദ് കൈഫും അടക്കമുള്ള താരങ്ങളും ഇന്ത്യയ്ക്കായി ലോകകപ്പ് സ്വന്തമാക്കിയിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ഹര്‍മന്‍ ഇന്ത്യയ്ക്കായി ലോകകപ്പ് നേടിയ നാലമത് ക്യാപ്റ്റനല്ല, 11ാം ക്യാപ്റ്റനാണ്.

1983 ലോകകപ്പില്‍ കപില്‍ ദേവിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തുന്നത്. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ ക്ലൈവ് ലോയ്ഡിന്റെ കരിബീയന്‍ പടയെ പരാജയത്തിലേക്ക് തള്ളിയിട്ടാണ് കപിലിന്റെ ചെകുത്താന്‍മാര്‍ ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ലോകകപ്പ് സ്വന്തമാക്കുന്നത്. ലോയ്ഡിനൊപ്പം സാക്ഷാല്‍ വിവ് റിച്ചാര്‍ഡ്‌സ്, മാല്‍ക്കം മാര്‍ഷല്‍, ജോയല്‍ ഗാര്‍ണര്‍ തുടങ്ങി അന്നത്തെ അതികായകരെ പരാജയപ്പെടുത്തിയതോടെ 1983 ജൂണ്‍ 25ന് ക്രിക്കറ്റ് ലോകത്ത് ഇന്ത്യയ്ക്കൊരു മേല്‍വിലാസമുണ്ടാവുകയായിരുന്നു.

ഒരു സ്വപ്നത്തിന്‍റെ തുടക്കം

ഇന്ത്യയുടെ പേരില്‍ അടുത്ത ഐ.സി.സി ലോകകപ്പ് കുറിക്കപ്പെടുന്നത് 2007 ടി-20 ലോകകപ്പിലല്ല, അതിന് ഏഴ് വര്‍ഷം മുമ്പ് 2000ല്‍ ഇന്ത്യ മറ്റൊരു ഐ.സി.സി ലോകകപ്പ് സ്വന്തമാക്കിയിരുന്നു.

അണ്ടര്‍ 19 ലോകകപ്പിലായിരുന്നു ഇന്ത്യയുടെ സ്വപ്‌നനേട്ടം. മുഹമ്മദ് കൈഫിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി താരങ്ങള്‍ കിരീടമേറ്റുവാങ്ങിയത്. ആ കൗമാര നിരയിലെ പ്രധാനിയുടെ പേര് പറഞ്ഞാല്‍ നിങ്ങളറിയും, യുവരാജ് സിങ്! അന്ന് ആതിഥേയരായ ശ്രീലങ്കയെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യന്‍ കൗമാരം കിരീടത്തില്‍ മുത്തമിട്ടത്.

ആദ്യ U19 കീരടം

2003 ലോകകപ്പ് ഫൈനലിലെ തോല്‍വിക്കും 2007 ഏകദിന ലോകകപ്പില്‍ നാണംകെട്ട് പുറത്തായതിനും ശേഷം മഹേന്ദ്ര സിങ് ധോണിയെന്ന യുവനായകന് കീഴില്‍ ഇന്ത്യ ഒരിക്കല്‍ക്കൂടി വിശ്വം വിജയിച്ചു. ഐ.സി.സി ടി-20 ലോകകപ്പിന്റെ ഉദ്ഘാടന സീസണില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ധോണി നയിച്ച ഇന്ത്യയുടെ കിരീട നേട്ടം.

പ്രഥമ ടി-20 ലോകകപ്പ് ജേതാക്കള്‍

ആ ലോകകപ്പ് ടീമിന്റെ ഭാഗമാകാന്‍ സാധിച്ചില്ലെങ്കിലും ക്യാപ്റ്റന്റെ റോളില്‍ അന്നത്തെ കൊച്ചുപയ്യന്‍ വിരാട് കോഹ്‌ലി അടുത്ത വര്‍ഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്തു. ഇന്ത്യയുടെ രണ്ടാം ഐ.സി.സി അണ്ടര്‍ 19 ലോകകപ്പ്.

വിരാടിന് പുറമെ രവീന്ദ്ര ജഡേജയും സൗരഭ് തിവാരിയും കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ നിരയിലെ പ്രധാന താരങ്ങളായിരുന്നു. കിരീടപ്പോരാട്ടത്തില്‍ സൗത്ത് ആഫ്രിക്കയെയാണ് കോഹ്‌ലിപ്പട പരാജയപ്പെടുത്തിയത്. ഇന്നത്തെ സൗത്ത് ആഫ്രിക്കന്‍ നിരയിലെ പല സൂപ്പര്‍ താരങ്ങളും അന്ന് കൗമാരതാരങ്ങളായി ‘കുട്ടി പ്രോട്ടിയാസ്’ ടീമിലുണ്ടായിരുന്നു.

വിരാടിന്‍റെ കൗമാരനിര

2011ല്‍ എം.എസ്. ധോണിയെന്ന ക്യാപ്റ്റന്‍ ഇന്ത്യയ്ക്ക് തങ്ങളുടെ മൂന്നാം സീനിയര്‍ ലോകകപ്പ് സമ്മാനിച്ചു. വാംഖഡെയില്‍ ശ്രീലങ്കയെ തോല്‍പിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ ഏകദിന ലോകകപ്പ് നേട്ടം.

വാംഖഡെയിലെ സ്വപ്ന വിജയം

 

അടുത്ത വര്‍ഷം, 2012ല്‍, മറ്റൊരു അണ്ടര്‍ 19 കിരീടവും ഇന്ത്യ സ്വന്തമാക്കി. ഉന്‍മുക്ത് ചന്ദായിരുന്നു അന്നത്തെ ക്യാപ്റ്റന്‍. ഭാവിയില്‍ ഇന്ത്യന്‍ മര്‍ദകനായി പേരെടുത്ത ട്രാവിസ് ഹെഡ് അടക്കം നിരവധി സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന കുട്ടിക്കങ്കാരുക്കളെയാണ് ഇന്ത്യ തോല്‍പ്പിച്ചുവിട്ടത്.

ഉന്മുക്ത് ചന്ദും സംഘവും

ശേഷം 2018ലും 2022ലും ഇന്ത്യ വീണ്ടും അണ്ടര്‍ 19 ലോകകപ്പ് സ്വന്തമാക്കി. യഥാക്രമം ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവരെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടമണിഞ്ഞത്.

ദി നെക്സ്റ്റ് ബിഗ് തിങ് എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഒന്നുപോലെ വിശേഷിപ്പിച്ച പൃഥ്വി ഷായുടെ നേതൃത്വത്തിലാണ് ഇന്ത്യ 2018ല്‍ കിരീടത്തില്‍ മുത്തമിട്ടത്. ശുഭ്മന്‍ ഗില്‍, റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ, ശിവം മാവി, ഇഷാന്‍ പോരല്‍ തുടങ്ങി മികച്ച താരനിരയാണ് അന്ന് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നത്.

പൃഥ്വി ഷായും ശുഭ്മന്‍ ഗില്ലും കിരീടവുമായി

യാഷ് ധുള്‍ ആയിരുന്നു 2022 അണ്ടര്‍ 19 ലോകകപ്പിലെ ഇന്ത്യന്‍ നായകന്‍. നോര്‍ത്ത് സൗണ്ടില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് യാഷ് ധുള്‍ ഇന്ത്യയെ ഒരിക്കല്‍ക്കൂടി ലോക ചാമ്പ്യന്‍മാരാക്കിയത്.

യാഷ് ധുള്‍

ഇതിനിടെ പലപ്പോഴായി നോക്ക്ഔട്ടുകളില്‍ ഇന്ത്യ പരാജയപ്പെടുകയും ചെയ്തിരുന്നു.

2023ലാണ് വനിതാ ക്രിക്കറ്റില്‍ ആദ്യമായി ഇന്ത്യയ്ക്ക് ഒരു കിരീടം ലഭിക്കുന്നത്. ഷെഫാലി വര്‍മയിലൂടെ ഐ.സി.സി അണ്ടര്‍ 19 വിമണ്‍സ് ലോകകപ്പ് സ്വന്തമാക്കി. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചാമ്പ്യന്‍മാര്‍ എന്ന ഖ്യാതിയോടെയാണ് ഇന്ത്യ കപ്പുയര്‍ത്തിയത്.

ആദ്യ വനിതാ ഐ.സി.സി കിരീടം

2024ല്‍ രോഹിത് ശര്‍മയ്ക്ക് കീഴില്‍ ഇന്ത്യ ഒരിക്കല്‍ക്കൂടി ഐ.സി.സി ടി-20 ലോകകപ്പില്‍ മുത്തമിട്ടു. ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകിരീടം ശിരസില്‍ ചൂടിയത്.

ഒറ്റ മത്സരം പോലും പരാജയപ്പെടാതെയായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. കൂടാതെ വെസ്റ്റ് ഇന്‍ഡീസിനും ഇംഗ്ലണ്ടിനും ശേഷം ഒന്നിലധികം തവണ ഐ.സി.സി ടി-20 കിരീടം നേടുന്ന ടീം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.

രണ്ടാം ടി-20 ലോകകപ്പ്

 

2025 ഫെബ്രുവരിയിലാണ് ഇന്ത്യ രണ്ടാം തവണയും ഐ.സി.സി അണ്ടര്‍ 19 വനിതാ ലോകകപ്പ് സ്വന്തമാക്കുന്നത്. ക്വാലാലംപൂരില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ഇന്ത്യയുടെ വിജയം. സൗത്ത് ആഫ്രിക്കയെ വെറും 82 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ 52 പന്ത് ശേഷിക്കെ വിജയം പിടിച്ചടക്കുകയായിരുന്നു.

നിക്കിയുടെ പെണ്‍പട

ഒടുവില്‍ ഇപ്പോള്‍ ഹര്‍മന്‍പ്രീത് കൗറിലൂടെ ഇന്ത്യ വീണ്ടും ലോകത്തെ കാല്‍ക്കീഴിലാക്കിയിരിക്കുകയാണ്.

മൂന്ന് തവണ മെന്‍ ഇന്‍ ബ്ലൂ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിതും ഇതോടൊപ്പം ചേര്‍ത്തുവെക്കട്ടെ.

സമീപ ഭാവിയില്‍ നിരവധി ഐ.സി.സി ടൂര്‍ണമെന്റുകള്‍ ഇന്ത്യയ്ക്ക് മുമ്പിലുണ്ട്. അടുത്ത വര്‍ഷം അണ്ടര്‍ 19 ലോകകപ്പിലും പുരുഷ-വനിതാ ടി-20 ലോകകപ്പിലും ഇന്ത്യന്‍ ടീം കളത്തിലിറങ്ങും. 2027 പുരുഷ ഏകദിന ലോകകപ്പും അണ്ടര്‍ 19 വനിതാ ലോകകപ്പും ഇന്ത്യയ്ക്ക് മുമ്പിലുണ്ട്. കൂടാതെ ഐ.സി.സി വനിതാ ലോകകപ്പ്, 2027 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തുടങ്ങിയ ഐ.സി.സി ഇവന്റുകളും പിന്നാലെ വരുന്നുണ്ട്. കൂടുതല്‍ ഐ.സി.സി കിരീടങ്ങള്‍ ഇന്ത്യയുടെ ഷെല്‍ഫിലെത്തുമെന്ന് തന്നെ നമുക്ക് ഉറച്ച് വിശ്വസിക്കാം.

 

Content Highlight: Harmanpreet Kaur becomes the 11th captain to win the ICC World Cup for India

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.