ഒന്നടിച്ച് ഒന്നാമത്! ടി-20 ലോകകപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ
Cricket
ഒന്നടിച്ച് ഒന്നാമത്! ടി-20 ലോകകപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ
സുദേവ് എ
Sunday, 14th June 2026, 7:51 pm

ടി-20 ലോകകപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ഐ.സി.സി വനിത ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമായാണ് ഹര്‍മന്‍പ്രീത് മാറിയത്. ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന പാകിസ്ഥാനെതിരെയുള്ള ആദ്യ മത്സരത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഈ നേട്ടം കൈവരിച്ചത്.

മത്സരത്തില്‍ വെറും ഒരു റണ്‍സ് മാത്രമായിരുന്നു ഹര്‍മന് ഈ നേട്ടത്തിലെത്താന്‍ വേണ്ടിയിരുന്നത്. മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പ് ടി-20 ലോകകപ്പില്‍ 726 റണ്‍സായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന് ഉണ്ടായിരുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിനെയാണ് ഈ നേട്ടത്തില്‍ ഹര്‍മന്‍പ്രീത് മറികടന്നത്. 23 ഇന്നിങ്സില്‍ നിന്നുമായിരുന്നു മിതാലി 726 റണ്‍സ് സ്വന്തമാക്കിയിരുന്നത്.

ഹർമൻപ്രീത് കൗർ

ടി-20യില്‍ പാകിസ്ഥാനെതിരെ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് ഹര്‍മന്‍പ്രീത് കൗര്‍. മത്സരത്തിനിറങ്ങും മുമ്പ് 15 മത്സരങ്ങളില്‍ നിന്ന് 194 റണ്‍സായിരുന്നു താരം പാകിസ്ഥാനെതിരെ സ്വന്തമാക്കിയത്.

അതേസമയം കുട്ടിക്രിക്കറ്റിലെ ആദ്യ കിരീടമാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. ഗ്രൂപ്പ് എയി-ലാണ് ഇന്ത്യ ഇടം നേടിയിട്ടുള്ളത്. പാകിസ്ഥാന് പുറമെ ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ് എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം ഗ്രൂപ്പ് എ-യില്‍ നിന്നും കിരീട പോരാട്ടത്തിനായി മാറ്റുരക്കുന്നത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ജെമിമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ഭാരതി ഫുള്‍മാലി, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീല്‍, ശ്രീ ചരണി, ക്രാന്തി ഗൗഡ്.

പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

ഗള്‍ ഫിറോസ, മുനീബ അലി (വിക്കറ്റ് കീപ്പര്‍), ആയിഷ സഫര്‍, സൈറ ജബീന്‍, ആലിയ റിയാസ്, നതാലിയ പെര്‍വൈസ്, ഫാത്തിമ സന (ക്യാപ്റ്റന്‍), റമീന്‍ ഷമീം, നഷ്‌റ സന്ധു, തസ്മിയ റുബാബ്, സാദിയ ഇക്ബാല്‍.

 

Content Highlight: Harmanpreet Kaur become the most runs score for India in Women’s T20 World Cup 

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.