അതില്‍ കല്‍പനയായിരുന്നെങ്കില്‍ നന്നായേനെ എന്ന് പലരും പറഞ്ഞിട്ടുണ്ട്; കല്‍പനയെ കുറിച്ച് ഹരിശ്രീ അശോകന്‍
Entertainment news
അതില്‍ കല്‍പനയായിരുന്നെങ്കില്‍ നന്നായേനെ എന്ന് പലരും പറഞ്ഞിട്ടുണ്ട്; കല്‍പനയെ കുറിച്ച് ഹരിശ്രീ അശോകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th November 2023, 6:17 pm

ഒരു കാലത്ത് മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ജോടിയായിരുന്നു ഹരിശ്രീ അശോകന്‍ – കല്‍പ്പന ജോഡി. ഇന്നും മലയാളികള്‍ ആ ജോഡി ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്.

ഒരുപാട് സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ മഹാറാണി എന്ന പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ കല്‍പ്പനയെ പറ്റി സംസാരിക്കുകയാണ് ഹരിശ്രീ അശോകന്‍.

‘കല്‍പനയെ പോലെയുള്ള ഒരു പെയറിനെ എനിക്ക് പിന്നെ ഒരിക്കലും കിട്ടിയിട്ടില്ല. കാരണം അതൊരു ഒന്നൊന്നര പെയറായിരുന്നു. ഒരു കാലത്ത് എന്റെയും അമ്പിളി ചേട്ടന്റെയും (ജഗതി) ഉള്‍പ്പെടെ ഒരുപാട് പേരുടെ പെയറായി വന്നിരുന്നത് കല്‍പ്പനയായിരുന്നു.

കല്‍പ്പന പോയ ശേഷം പെയറില്ലാതെയായെന്ന് വേണം പറയാന്‍. ആ സ്ഥാനത്തേക്ക് മറ്റൊരു ആര്‍ട്ടിസ്റ്റില്ലാതെയായി. എനിക്ക് കല്‍പ്പന പെയറായിട്ട് വന്നിട്ടുള്ളതും അല്ലാത്തതുമായ സിനിമകളുണ്ട്.

മറ്റൊരാള്‍ പെയറായിട്ട് വന്നിട്ടുള്ള എന്റെ സിനിമകള്‍ കാണുമ്പോള്‍ അതില്‍ കല്‍പ്പനയായിരുന്നെങ്കില്‍ നന്നായേനെ എന്ന് പലരും പറഞ്ഞിട്ടുണ്ട്. കല്‍പ്പനയും ഞാനും ഒരുമിച്ച് ഒരുപാട് സിനിമകളില്‍ വന്നിട്ടുള്ളത് കൊണ്ട് ഞങ്ങള്‍ തമ്മില്‍ നല്ല കെമിസ്ട്രിയായിരുന്നു.

അതുപോലെ ഒരു സമയത്ത് എന്റെയും അമ്പിളി ചേട്ടന്റെയും രണ്ട് സിനിമകള്‍ ഒരുമിച്ച് ഷൂട്ടിങ്ങ് വന്നു. ആ രണ്ട് സിനിമകളിലും കല്‍പ്പനയായിരുന്നു ഞങ്ങളുടെ പെയറായിട്ട് വന്നിരുന്നത്.

ആ സിനിമകള്‍ക്ക് വേണ്ടി കല്‍പ്പന രണ്ട് ലൊക്കേഷനുകളിലും മാറിമാറി വന്ന് അഭിനയിച്ചു. അമ്പിളി ചേട്ടന്റെ സിനിമയില്‍ ചേട്ടന്റെ ഭാര്യയായിട്ടും എന്റെ സിനിമയില്‍ എന്റെ കാമുകിയായിട്ടുമാണ് അഭിനയിച്ചിട്ടുള്ളത്.

ഇനി ഞാന്‍ ഉര്‍വശിയുടെ കൂടെ ഒരു സിനിമ ചെയ്യാന്‍ പോകുന്നുണ്ട്. സിനിമയുടെ കഥ വന്ന് പറഞ്ഞു, ഉര്‍വശിയാവും ഭാര്യാ കഥാപാത്രമെന്നും പറഞ്ഞു. അതിലെനിക്ക് വലിയ സന്തോഷമുണ്ട്.

കാരണം, ഉര്‍വശി നല്ല ടാലന്റുള്ള നടിയാണ്. ഭയങ്കര ടൈമിങ്ങും ഡയലോഗ് മോഡുലേഷനും ഉള്ള ആളാണ്. ഞാനത് ഒരു ചാലഞ്ചിങ്ങായിട്ടാണ് കരുതുന്നത്,’ ഹരിശ്രീ അശോകന്‍.

Content Highlight: Harisree Ashokan Talks About Kalpana