തമാശയില്‍ തുടങ്ങി വേദനയില്‍ അവസാനിച്ചു; ഫാലിമി കണ്ടവര്‍ക്ക് മറക്കാനാവാത്ത അപ്പൂപ്പന്‍
Film News
തമാശയില്‍ തുടങ്ങി വേദനയില്‍ അവസാനിച്ചു; ഫാലിമി കണ്ടവര്‍ക്ക് മറക്കാനാവാത്ത അപ്പൂപ്പന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th November 2023, 5:52 pm

ഒരു കുടുംബത്തിനുണ്ടാവേണ്ട ഒത്തൊരുമയോ പരസ്പര സ്‌നേഹമോ ഇല്ലാത്ത കുടുംബമാണ് അനൂപിന്റേത്. കാശിയിലേക്ക് ഇടക്ക് ഒളിച്ചുപോകാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന അപ്പൂപ്പനും കുടുംബം നോക്കാത്ത അച്ഛനും യു.കെയില്‍ പോകാന്‍ ആഗ്രഹിക്കുന്ന അനിയനും തനിക്കൊപ്പം കുടുംബം നോക്കുന്ന അമ്മയുമാണ് അയാളുടെ കുടുംബാംഗങ്ങള്‍.

SPOILER ALERT

ഒരു പ്രത്യേക സാഹചര്യത്തില്‍ കുടുംബവുമായി ഇയാള്‍ കാശിയിലേക്ക് പോവുകയാണ്. കാശി യാത്ര ആ കുടുംബത്തെ എങ്ങനെ മാറ്റി മറിക്കുന്നു എന്നാണ് ഫാലിമി എന്ന ചിത്രം പറയുന്നത്. നിതീഷ് സഹദേവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബേസില്‍ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ്, മീനരാജ് പള്ളുരുത്തി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മരണം ആഘോഷിക്കപ്പെടുന്ന കാശിയില്‍ പല പ്രശ്‌നങ്ങളാണ് അവരെ കാത്തിരിക്കുന്നത്. അതില്‍ വളരെ കുറച്ച് നേരത്തേക്ക് മാത്രം വന്നുപോകുന്ന ശരണാലയത്തില്‍ കഴിയുന്ന ഒരു അപ്പൂപ്പനുണ്ട്, ജനാര്‍ദ്ദനന്‍. കുറച്ച് നേരം മാത്രമാണ് ഉള്ളതെങ്കിലും ഫാലിമി കണ്ട പ്രേക്ഷകര്‍ അദ്ദേഹത്തെ മറക്കാന്‍ സാധ്യതയില്ല. കോമഡി രംഗമായാണ് ഈ പോര്‍ഷന്‍ തുടങ്ങുന്നതെങ്കിലും ഒരു വേദന സമ്മാനിച്ചാണ് അത് അവസാനിക്കുന്നത്.

സ്വന്തം കുടുംബം തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന സന്തോഷത്തില്‍ ജനാര്‍ദ്ദനന്‍ തന്റെ സാധന സാമഗ്രികളെല്ലാം എടുക്കുകയാണ്. ഇറങ്ങിവന്ന് ഇത് ഞങ്ങളുടെ അപ്പൂപ്പനല്ല എന്ന് കേള്‍ക്കുന്ന നിമിഷത്തില്‍ ആ മുഖം മാറുന്നുണ്ട്. അത്രയും കാലത്തെ പ്രതീക്ഷകളും ഒരു നിമിഷത്തില്‍ കിട്ടിയ സന്തോവുമെല്ലാം ഒറ്റ വാക്കില്‍ മാറുകയായിരുന്നു. തിരികെ നിരാശയോടെ തന്റെ മുറിയിലേക്ക് മടങ്ങുമ്പോള്‍ നിരാശയിലാഴ്ന്നിരുന്നു അപ്പൂപ്പന്റെ മുഖം.

കാശിയില്‍ പല ലക്ഷ്യത്തോടെ വരുന്നവരുണ്ടെന്ന് ചിത്രത്തില്‍ തന്നെ പറയുന്നുണ്ട്. കാശിയില്‍ മോക്ഷം കിട്ടുമെന്നും അവിടെ മരിക്കണമെന്നുള്ള ആഗ്രഹത്താല്‍ വരുന്നവര്‍, വീട് വിട്ട് ഒളിച്ചോടുന്നവര്‍. പലരേയും സ്വന്തം വീട്ടുകാര്‍ വന്ന് വിളിച്ചുകൊണ്ട് പോകാറുണ്ട്. വീട്ടുകാരോട് വഴക്കിട്ടോ അവഗണനയാലോ ഇറങ്ങി വന്നതാവാം ജനാര്‍ദ്ദനന്‍. എന്നെങ്കിലും തിരികെ വിളിക്കാന്‍ കുടുംബം വരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാവാം അയാള്‍. ആ പ്രതീക്ഷയാണ് കെട്ടത്. അകലെയാണെങ്കിലും അടുത്താണെങ്കിലും നമ്മുടെയിടയിലെ പല ജനാര്‍ദ്ദനന്‍മാരേയുമാണ് ഫാലിമിയില്‍ കാണുന്നത്.

Content Highlight: Write about janardhanan cheracter in falimy movie