മലയാളികളുടെ പ്രിയ നടനാണ് ഹരിശ്രീ അശോകൻ. ഹരിശ്രീ എന്ന മിമിക്‌സ് ട്രൂപ്പിലൂടെ വന്ന് സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ തന്റെ കരിയർ ആരംഭിച്ച ഹരിശ്രീ അശോകൻ പിന്നീട് മലയാളത്തിലെ മികച്ച ഹാസ്യതാരമായി വളർന്നു. ശ്രദ്ധേയമായ ഒരുപാട് വേഷങ്ങളിൽ ഹരിശ്രീ അശോകൻ മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്.
തനിക്ക് നഷ്ടമായ വേഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഹരിശ്രീ അശോകൻ. കല്യാണരാമൻ എന്ന ചിത്രത്തിൽ സലിം കുമാർ അവതരിപ്പിച്ച വേഷവും വെട്ടം എന്ന ചിത്രത്തിൽ കലാഭവൻ മണി അവതരിപ്പിച്ച കഥാപാത്രവും ആദ്യം ചെയ്യേണ്ടിയിരുന്നത് താൻ ആണെന്ന് ഹരിശ്രീ അശോകൻ പറയുന്നു.
പല കാര്യങ്ങൾ കൊണ്ട് തനിക്ക് ആ രണ്ട് വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞില്ലെന്നും രണ്ടും മികച്ച റോളുകൾ ആയിരുന്നെന്നും ഹരിശ്രീ അശോകൻ പറഞ്ഞു. കല്യാണരാമൻ സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് താൻ വിനയൻ സംവിധാനം ചെയ്ത ഒരു സിനിമയുടെ ഷൂട്ടിന്റെ ഭാഗമായി കാട്ടിലായിരുന്നെന്നും അതിനാൽ കല്യാണരാമൻ ചെയ്യാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കല്യാണരാമനും വെട്ടവും എനിക്ക് ചെയ്യാൻ കഴിയാത്ത പോയ സിനിമകളാണ്. ഈ രണ്ട് സിനിമകളിലും ഞാൻ ഉണ്ടായിരുന്നു. പല കാര്യങ്ങൾ കൊണ്ട് എനിക്ക് ആ സിനിമ ചെയ്യാൻ കഴിഞ്ഞില്ല.
വെട്ടത്തിൽ മണി (കലാഭവൻ മണി) ചെയ്ത വേഷവും കല്യാണരാമനിൽ സലിം കുമാർ ചെയ്ത വേഷവും ഞാൻ ചെയ്യേണ്ടിയിരുന്നതാണ്. രണ്ടിലും നല്ല വേഷങ്ങളായിരുന്നു എനിക്ക് ഉണ്ടായിരുന്നത്.
കല്യാണരാമന്റെ ഷൂട്ട് നടക്കുന്ന സമയത്ത് ഞാൻ വിനയേട്ടന്റെ ഒരു സിനിമയുടെ സെറ്റിൽ ആയിരുന്നു. ഒരു കാട്ടിനകത്ത് വെച്ചായിരുന്നു ആ ആ സിനിമയുടെ ഷൂട്ട് നടന്നത്. അതുകൊണ്ടുതന്നെ എനിക്ക് കൃത്യസമയത്ത് കല്യാണരാമന്റെ ലൊക്കേഷനിൽ എത്താൻ കഴിഞ്ഞില്ല,’ ഹരിശ്രീ അശോകൻ പറയുന്നു.