ഒരു നടൻ അങ്ങനെയുള്ള വേഷങ്ങളും ചെയ്യണം, അതാണ് എന്റെ ആഗ്രഹം: ഹരിശ്രീ അശോകൻ
Entertainment
ഒരു നടൻ അങ്ങനെയുള്ള വേഷങ്ങളും ചെയ്യണം, അതാണ് എന്റെ ആഗ്രഹം: ഹരിശ്രീ അശോകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th November 2023, 6:29 pm

മലയാളികളുടെ ഇഷ്ട നടനാണ് ഹരിശ്രീ അശോകൻ. ഇപ്പോഴും പ്രേക്ഷകർ ഓർത്തോർത്ത് ചിരിക്കുന്ന ഒരുപാട് കോമഡി സീനുകൾ സമ്മാനിച്ച താരം നിലവിൽ സീരിയസ് വേഷങ്ങളിലും വലിയ രീതിയിൽ ശ്രദ്ധ നേടുന്നുണ്ട്. സിനിമകളിലും പ്രേക്ഷകരിലും വലിയ മാറ്റങ്ങൾ സംഭവിച്ചപ്പോൾ അതിനനുസരിച്ചു മാറാൻ നടനും ശ്രമിക്കാറുണ്ട്.

തന്റെ കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഹരിശ്രീ അശോകൻ. ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു മുഴുനീളെ നെഗറ്റീവ് കഥാപാത്രം തനിക്ക് ചെയ്യാൻ ആഗ്രഹമുണ്ടെന്നും അത്തരം ഒരു കഥ തന്നെ തേടി വന്നിട്ടുണ്ടെന്നും ഹരിശ്രീ അശോകൻ പറയുന്നു.

ഒരു സമയത്ത് തന്നെ തേടി വന്നതെല്ലാം ക്ലീഷേ കഥാപാത്രങ്ങൾ ആയതുകൊണ്ടാണ് കുറച്ചുകാലം സിനിമയിൽ ഒരു ഇടവേള എടുത്തതെന്നും മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘നെഗറ്റീവ് കഥാപാത്രം ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ട്. അതിനായി ഒരു കഥ വന്നിട്ടുണ്ട്. അത് വളരെ വ്യത്യസ്തമായ ഒരു സംഭവമാണ്. ആ കഥയിൽ എന്റെ കഥാപാത്രം ഒരു മൂന്നാലു പേരെ കൊല്ലുന്നുണ്ട്. ആ വേഷം എനിക്ക് എന്റെ ശരീരം വച്ച് തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ്. നാലു പേരെ കൊല്ലുന്നുണ്ടെങ്കിലും ഒരാളെ കൊല്ലുന്നത് മാത്രമേ ചിത്രത്തിൽ കാണിക്കുന്നുള്ളൂ. പക്കാ നെഗറ്റീവ് കഥാപാത്രമാണത്.

ഒരു നടൻ എന്ന നിലയിൽ നമ്മൾ ആ തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യണം. ഇപ്പോഴത്തെ ജനറേഷന് നന്നായി അറിയാം എന്താണ് ഒരു ആർട്ടിസ്റ്റെന്ന്. പ്രേക്ഷകരുടെ മനസ്സിൽ ഒരു സ്ഥാനമുണ്ട്. വളരെ മോശമായ ഒരു കഥാപാത്രമല്ല അത്. എന്തിനുവേണ്ടിയാണ് അയാൾ ഇതെല്ലാം ചെയ്യുന്നത് എന്ന് വ്യക്തമായി സിനിമയിൽ പറയുന്നുണ്ട്.

സിനിമയിൽ ഒരു ഇടവേള എടുത്തത്, ഒരു സമയത്ത് വന്ന കഥാപാത്രങ്ങളെല്ലാം ക്ലീഷേ ആയതുകൊണ്ടായിരുന്നു. ആ വേഷങ്ങളും നല്ലതല്ലായിരുന്നു അതുകൊണ്ടാണ് കുറച്ചുകാലം ഞാൻ മാറി നിന്നത്. പക്ഷേ എനിക്ക് അപ്പോഴും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. പിന്നീട് കൊവിഡും പ്രളയവുമെല്ലാം വന്നപ്പോൾ വിവിധ ഭാഷയിലെ ഒരുപാട് സിനിമകൾ ഞാൻ കണ്ടു.

അതെനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. ഇനി അങ്ങനെ ഒരു കഥാപാത്രം വരുമ്പോൾ നമ്മുടെ മനസ്സിൽ ഞാൻ കണ്ട ആ സിനിമകളും ഉണ്ടാകും,’ഹരിശ്രീ അശോകൻ പറയുന്നു.

Content Highlight: Harisree Ashokan Says that He has to Do Negative Characters Too