വികസനത്തിന് സുരേഷിന്റെയും ജാനകിയുടെയും വയല്‍ വേണമെങ്കില്‍ അവരെ അത് ബോധ്യപ്പെടുത്തണം സര്‍ക്കാരേ
Opinion
വികസനത്തിന് സുരേഷിന്റെയും ജാനകിയുടെയും വയല്‍ വേണമെങ്കില്‍ അവരെ അത് ബോധ്യപ്പെടുത്തണം സര്‍ക്കാരേ
ഹരീഷ് വാസുദേവന്‍
Friday, 23rd March 2018, 6:48 pm

കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂര്‍ ഇന്ന് സമരമുഖത്ത് ആണ്. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ടൗണ്‍ ഒഴിവാക്കി ഒരു ബൈപ്പാസ് പാത നിര്‍മ്മിക്കാനുള്ള പദ്ധതിയിലാണ് കീഴാറ്റൂരിലൂടെ വയലുകള്‍ നികത്തി റോഡ് നിര്‍മ്മിക്കാം എന്ന ആശയം വരുന്നത്.

രാജ്യത്തെ ഏത് റോഡും ദേശീയപാതയായി വിജ്ഞാപനം ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്. ദേശീയപാത നിര്‍മ്മിക്കേണ്ടതും വികസിപ്പിക്കേണ്ടതും കേന്ദ്രസര്‍ക്കാരോ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന അധികാരിയോ ആണ് എന്നാണ് 1956 ലെ ദേശീയപാതാ നിയമം അനുശാസിക്കുന്നത്. അങ്ങനെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അധികാരിയായിരുന്നു ദേശീയപാതാ അതോറിറ്റി. കഴിഞ്ഞ 10 വര്‍ഷത്തോളമായി ദേശീയപാതാ നിര്‍മ്മാണം സാധ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കാത്തതിനാല്‍, ചഒഅക ഈ നിര്‍മ്മാണ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയുകയും, നിര്‍മ്മാണ ചുമതല സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കുകയും ചെയ്തുകൊണ്ട് കേന്ദ്രം വിജ്ഞാപനം ഇറക്കുകയുണ്ടായി. എന്നാല്‍ സ്ഥലം ഏറ്റെടുപ്പ് ഇന്നും തത്വത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തന്നെ ജോലിയാണ്. സഹായം ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരും.

കേരളത്തില്‍ ഇനിയും ദേശീയപാതയ്ക്ക് വീതി കൂട്ടണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ചര്‍ച്ച പോലും അര്‍ഹിക്കുന്നില്ല.

മിക്ക സോഷ്യല്‍ മീഡിയ ചര്‍ച്ചകളും വ്യക്തിഗതമായ അഭിപ്രായപ്രകടനങ്ങളില്‍ ഒതുങ്ങുന്നു. അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളില്‍, വ്യക്തികള്‍ എന്ത് കരുതുന്നു എന്നല്ല, ഇന്നാട്ടിലെ നിയമം എന്ത് പറയുന്നു എന്നാണല്ലോ നാം നോക്കുക.

 

വാഹനപ്പെരുപ്പവും ഗതാഗതക്കുരുക്കും പരിഗണിച്ചാല്‍ വീതികൂട്ടല്‍ അത്യന്താപേക്ഷിതമാണ് എന്ന് കാണാം. വീതി കൂട്ടുമ്പോള്‍ വയല്‍ നികത്തേണ്ടത് അത്യാവശ്യമെങ്കില്‍ അതാകാനും നിയമം വ്യവസ്ഥ ചെയ്യുന്നു.കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ പണംമുടക്കുന്ന പദ്ധതിയാണെങ്കില്‍, ഈ പദ്ധതിയ്ക്ക് വേറെ ഭൂമി ലഭ്യമല്ലെങ്കില്‍, അപ്രകാരം നികത്തുന്നത് സമീപത്തെ വയലുകളില് കൃഷിയെയോ പരിസ്ഥിതിയെയോ ദോഷകരമായി ബാധിക്കില്ലെങ്കില്‍, പൊതു ആവശ്യമായി പരിഗണിച്ചു വയല്‍ നികത്താനുള്ള അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്.

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം 2008 ലെ പത്താം വകുപ്പ് അനുസരിച്ച് ഈ കാര്യങ്ങള്‍ ആദ്യം കൃഷി ഓഫീസറും കര്‍ഷകരും അടങ്ങിയ പ്രാദേശികതല നിരീക്ഷണ സമിതിയും, പിന്നീട് ജില്ലാതല സമിതിയും, ഒടുവില്‍
വിദഗ്ധര്‍ അടങ്ങിയ സംസ്ഥാനതല സമിതിയും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്. അതിന്മേലാണ് സംസ്ഥാനസര്‍ക്കാര്‍ അനുകൂലമോ പ്രതികൂലമോ ആയ തീരുമാനം കൈക്കൊള്ളുക. ശാസ്ത്രീയവും നിയമപരവുമായ ആ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് മുന്‍പുതന്നെ ജണഉ മന്ത്രി ജി.സുധാകരന്‍ നിയമസഭയില്‍ നിലപാട് വ്യക്തമാക്കി, “നമുക്ക് അധികം ചര്‍ച്ചയില്ലാതെ ഈ പദ്ധതിയുമായി മുന്നോട്ടുപോകാം” എന്ന്. അതായത്, ഭരണ തീരുമാനം എടുക്കുക ശാസ്ത്രീയമോ നിയമപരമോ ആയ വസ്തുതകളുടെ അടിസ്ഥാനത്തിലല്ല, മുന്‍വിധിയുടെ മാത്രം അടിസ്ഥാനത്തില്‍ ആണെന്ന്. മന്ത്രി ജി.സുധാകരന് തിരുവനന്തപുരത്തിരുന്നു എല്ലാ പദ്ധതികളുടെയും ശാസ്ത്രീയതയും മറ്റും തീരുമാനിക്കാമെന്നോ? പിന്നെന്തിനാണ് മന്ത്രീ ഈ ത്രിതല ഭരണസംവിധാനങ്ങളും മറ്റും ഉണ്ടാക്കി വെച്ച് നിങ്ങള്‍ ജനാധിപത്യം എന്ന് വീമ്പ് പറയുന്നത്?

സമൂഹത്തില്‍ പരക്കെയും സോഷ്യല്‍ മീഡിയയില്‍ വിശേഷിച്ചും ആനയെ കണ്ട കുരുടന്മാരെപ്പോലെ, കീഴാറ്റൂരില്‍ വയല്‍ നികത്തണോ വേണ്ടയോ എന്നതിനെപ്പറ്റി അവരവരുടേതായ അഭിപ്രായ പ്രകടനങ്ങള്‍ കാണാനുണ്ട്. സെന്റിന് 4 ലക്ഷം രൂപവരെ നഷ്ടപരിഹാരം നല്‍കുമെന്ന്  സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പ്രസ്താവന കേട്ടു. ഇത്‌കേട്ടാല്‍, ഇപ്പോള്‍ നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നത് പാര്‍ട്ടി ഓഫീസിലാക്കിയോ എന്ന് തോന്നിപ്പോകും. പൊതു ആവശ്യത്തിനായി ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് നഷ്ടപരിഹാരത്തുക നിശ്ചയിക്കാന്‍ അതിന്റെതായ മാനദണ്ഡങ്ങള്‍ ഉണ്ടായിരിക്കെ, പി.ജയരാജന്‍ ആരെയാണ് മണ്ടനാക്കാന്‍ നോക്കുന്നത്?

 

കീഴാറ്റൂരിലെ സമരവുമായി ബന്ധപ്പെട്ട് നിലവില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പ്രശ്‌നങ്ങളെ താഴെ പറയുംവിധം ക്രമീകരിക്കാം.

ദേശീയപാത നിര്‍മ്മാണത്തിന് തളിപ്പറമ്പ് ടൌണ്‍ ഒഴിവാക്കിയുള്ള ബൈപ്പാസിന്റെ നിലവിലുള്ള പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് ശാസ്ത്രീയമായി ആണോ?

ഈ അലൈന്മെന്റ് തയ്യാറാക്കിയപ്പോള്‍ മറ്റു ബദലുകള്‍ പരിഗണിച്ചിരുന്നോ? ഏതൊക്കെ ബദലുകള്‍? എന്തുകൊണ്ട് മറ്റുള്ളവ തള്ളി?

നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ ആണോ സ്ഥലം ഏറ്റെടുക്കാനുള്ള നീക്കം നടക്കുന്നത്? ആരുടെയെങ്കിലും ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ?

ദേശീയപാത നിര്‍മ്മിക്കണമെങ്കില്‍ ആദ്യം അലൈന്‍മെന്റ് ക്രമീകരിക്കേണ്ടതുണ്ട്. അലൈന്‍മെന്റ് നിശ്ചയിക്കാനുള്ള അധികാരം NHAI യ്ക്കാണ്. അവരുടെ എഞ്ചിനീയറിങ് വിഭാഗം ആണ് ഏതുവഴിയാണ് റോഡ് പോകേണ്ടത് എന്ന് തീരുമാനിക്കുന്നത്. ഇപ്പോള്‍ അവരത് ഈ മേഖലയിലെ കണ്‍സല്‍ട്ടന്റ്മാരെ ഏല്‍പ്പിക്കുകയാണ്. NHAI യുടെ അധികാരം അവര്‍ക്ക് മറ്റാരെയെങ്കിലും ഏല്‍പ്പിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും യാതൊരു അക്കൗണ്ടബിലിറ്റിയും ഇല്ലാത്ത സ്വകാര്യ കണ്‍സല്‍ട്ടന്റ് സ്ഥാപനങ്ങളാണ് ഇപ്പോള്‍ ഇത് തീരുമാനിക്കുന്നത്. കേരളത്തില്‍ പലവട്ടം അലൈന്‍മെന്റ് മാറ്റേണ്ടി വന്നതും, ബാറുകാരുടെ സ്വാധീനത്തില്‍ ഹൈവേ വളഞ്ഞുപോയതുമൊക്കെ ഇക്കാരണത്താല്‍ ആണ്. ഒരിക്കല്‍ കോടികള്‍ ചെലവിട്ട് അലൈന്മെന്റുകള്‍ ഉണ്ടാക്കി, വിശദപദ്ധതിരേഖ (DPR) തയ്യാറാക്കി പിന്നീട് അത് അശാസ്ത്രീയമാണെന്ന് കണ്ടെത്തിയാല്‍ അത് ഉപേക്ഷിച്ചു പുതിയ പദ്ധതിരേഖയിലേക്ക് പോകുമ്പോള്‍ ലക്ഷക്കണക്കിനു രൂപയാണ് സര്‍ക്കാരിന് നഷ്ടം. അതിനാല്‍, അലൈന്മെന്റ് ഉണ്ടാക്കുന്ന ഏജന്‍സികളുടെ അക്കൗണ്ടബിലിറ്റി ഉറപ്പാക്കുകയാണ് ശാശ്വതമായ പരിഹാരം.

 

ഒന്നിലധികം അലൈന്‍മെന്റ്‌നു സാദ്ധ്യതകള്‍ ഉണ്ടെങ്കില്‍ കുറഞ്ഞ പാരിസ്ഥിതിക-സാമൂഹിക ആഘാതം ഉള്ള അലൈന്മെന്റാകണം തെരഞ്ഞെടുക്കേണ്ടത്. അതില്‍ പണച്ചെലവ് അല്ല മാനദണ്ഡം. അലൈന്‍മെന്റ് തീരുമാനിച്ചാല്‍ സര്‍വ്വേ നടത്തേണ്ടതുണ്ട്. സ്ഥലം ഉടമകള്‍ക്ക് നോട്ടീസ് കൊടുത്ത് സര്‍വ്വേ നടത്തി ഓരോ അലൈന്‍മെന്റും നടപ്പാക്കിയാല്‍ അത് ബാധിക്കാന്‍ ഇടയുള്ള കുടുംബങ്ങള്‍ക്ക് / ജനങ്ങള്‍ക്ക് ഉണ്ടാകാവുന്ന സാമൂഹിക-ആഘാത പഠനവും പരിസ്ഥിതി ആഘാത പഠനവും തയ്യാറാക്കണം. അതിനുശേഷം മാത്രമേ വിശദപദ്ധതിരേഖ തയ്യാറാക്കാന്‍ പാടുള്ളൂ. ഏതൊക്കെ സ്ഥലത്ത് എത്രയെത്ര ഭൂമി ഏറ്റെടുക്കേണ്ടി വരും, അതിനു എന്തെല്ലാം ആഘാതം ഉണ്ടാകും, അവിടെ എത്ര മെട്രിക് ടണ്‍ പാറയും മണ്ണും മറ്റു വിഭവങ്ങളും വേണ്ടിവരും, അത് എവിടെ നിന്ന് എടുക്കും, എങ്ങനെ കൊണ്ടുവരും തുടങ്ങിയ എല്ലാ വിവരങ്ങളും അതില്‍ ഉള്‍പ്പെടുത്തണം. പദ്ധതി രേഖ തയ്യാറാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് അനുമതികള്‍ ലഭിക്കുന്നത്.

2013 വരെ ദേശീയപാതയ്ക്ക് സ്ഥലം എടുത്തുകൊണ്ടിരുന്നത് 1956 ലെ നിയമം അനുസരിച്ചാണ്. ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്ന ഭൂമിയുടെ വിശദവിവരം കേന്ദ്രസര്‍ക്കാര്‍ ഗസറ്റില്‍ 3(A) വകുപ്പ് പ്രകാരം വിജ്ഞാപനം ചെയ്യും, കൂടാതെ പ്രാദേശികമായി സര്‍ക്കുലേഷനുള്ള 2 പത്രങ്ങളിലും പ്രസിദ്ധീകരിക്കും. എതിര്‍പ്പുള്ളവര്‍ 21 ദിവസത്തിനകം ബന്ധപ്പെട്ട അധികാരിയ്ക്ക് (ഡെപ്യുട്ടി കളക്ടര്‍) രേഖാമൂലം എതിര്‍പ്പ് അറിയിക്കണം. ഓരോരുത്തരുടെയും എതിര്‍പ്പ് വിശദമായി പരിശോധിച്ച് പരാതിക്കാരുടെ ഒറ്റയ്ക്ക് ഒറ്റയ്ക്കുള്ള ഹിയറിങ് നടത്തി അതിന്മേല്‍ ഒരുത്തരവ് പാസാക്കി സ്ഥലം ഏറ്റെടുക്കേണ്ടതെന്നു കാണുന്നപക്ഷം 3 (ഡി) വകുപ്പ് പ്രകാരമുള്ള വിജ്ഞാപനം ഇറക്കിയാല്‍ ആ ഭൂമികള്‍ കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാകും. പിന്നീട് നഷ്ടപരിഹാരം നല്‍കി സ്ഥലം പൊതുആവശ്യത്തിനായി ഏറ്റെടുക്കാവുന്നതാണ്.

Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013 ന്റെ ലംഘനം.

എന്നാല്‍ ഈ നടപടികളെ കീഴ്‌മേല്‍ മറിച്ചാണ് 2013 ല്‍ കേന്ദ്രസര്‍ക്കാര്‍ ന്യായമായ നഷ്ടപരിഹാര, ഭൂമിയേറ്റെടുക്കല്‍, പുനരധിവാസ നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. ഇന്ത്യയില്‍ ഭൂമി ഏറ്റെടുക്കലിന് ജനാധിപത്യസ്വഭാവം നല്‍കുന്നതിനും അതില്‍ തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ ജനകീയ പങ്കാളിത്തവും ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തുന്നതിനും ഒക്കെയാണ് പഴയ നിയമം പുതുക്കി 2013 ല്‍ പുതിയ നിയമം കൊണ്ടുവന്നത്. ഈ നിയമത്തിന്റെ ഷെഡ്യൂളില്‍ പെട്ട ദേശീയപാതാനിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ഇനി നടപ്പാക്കുമ്പോള്‍, 2013 ലെ നിയമപ്രകാരമേ സ്ഥലം ഏറ്റെടുക്കാന്‍ കഴിയൂ എന്നതാണ് നിയമത്തിന്റെ കാതല്‍. സ്വകാര്യപങ്കാളിത്തം ഉള്ള പദ്ധതികള്‍ ആണെങ്കില്‍ ആകെ ഇരകളുടെ 70 ശതമാനം പേരെങ്കിലും അനുകൂലിച്ചാലേ ഈ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കഴിയൂ. പദ്ധതിയുടെ വിശദമായ സാമൂഹികാഘാതപഠനം തയ്യാറാക്കാനായി ജനങ്ങളുമായി സമ്പര്‍ക്കപരിപാടികള്‍ നടത്തി, പ്രാദേശികഭാഷയില്‍ വാര്‍ഡ് തലത്തിലോ പഞ്ചായത്ത് തലത്തിലോ അതിനുള്ള അറിയിപ്പ് വിതരണം നല്‍കി അതിന്റെ കോപ്പി വെബ്സൈറ്റിലും ലഭ്യമാക്കണം. ഇപ്രകാരം ചെയ്യുമ്പോള്‍ മതിയായ ജനപങ്കാളിത്തം ഉറപ്പുവരുത്തണം എന്ന് നിയമം അനുശാസിക്കുന്നു. 6 മാസത്തിനുള്ളില്‍ വാര്‍ഡ് തലത്തിലുള്ള ജനപങ്കാളിത്തത്തോടെ സാമൂഹിക ആഘാത പഠനം പൂര്‍ത്തിയാക്കണം.

 

എന്തൊക്കെ കാര്യങ്ങളായിരിക്കണം അതില്‍ ഉണ്ടായിരിക്കേണ്ടത്?

1 ഭൂമി ഏറ്റെടുക്കലിന് എത്രത്തോളം പൊതുആവശ്യം ഉണ്ട് എന്ന പരിശോധന.

2 ബാധിതരായ കുടുംബങ്ങളുടെ കണക്കും, കുടിയിറക്കപ്പെടാന്‍ സാധ്യതയുള്ളവരുടെ കണക്കും.

3 ഭൂമി ഏറ്റെടുക്കല്‍ കൊണ്ട് ബാധിക്കാന്‍ പോകുന്ന പൊതു-സ്വകാര്യ ഉടമസ്ഥതയില്‍ ഭൂമിയുടെ അളവ്,വീടുകള്‍,കെട്ടിടങ്ങള്‍,മറ്റു പൊതുവസ്തുക്കള്‍

4 ഈ പദ്ധതി നടത്താന്‍ ഇതിലും കുറഞ്ഞ ഏറ്റെടുക്കല്‍ കൊണ്ട് കഴിയില്ലേ എന്ന കാര്യം.

5 മറ്റൊരു സ്ഥലത്തെ ഏറ്റെടുക്കല്‍ കൊണ്ട് ഈ പദ്ധതി നടക്കുമോയെന്ന് കാര്യം പരിശോധിക്കപ്പെട്ടിട്ടുണ്ടോ, അത് നടക്കില്ലെന്ന ബോധ്യപ്പെട്ടിട്ടുണ്ടോ എന്ന കാര്യം.
6 പദ്ധതി കൊണ്ടുണ്ടാകുന്ന സാമൂഹിക ആഘാതവും, അതുണ്ടാക്കുന്ന പ്രശ്നപരിഹാരത്തിന് ആവശ്യമായ തുകയും അത് കൊണ്ട് ഉണ്ടാകാന്‍ പോകുന്ന നേട്ടവും കോട്ടവും താരതമ്യം ചെയ്യുന്ന പഠനം. ആവശ്യമെങ്കില്‍ പാരിസ്ഥിതിക ആഘാത പഠനം.

കുടിവെള്ളം,കന്നുകാലികള്‍ക്കുള്ള വെള്ളം,സാമൂഹിക ആവശ്യത്തിനുള്ള കുളങ്ങള്‍,പൊതുസ്ഥലങ്ങള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ഓടകള്‍, എന്നിങ്ങനെ വിവിധ വസ്തുക്കളെ എങ്ങനെ ബാധിക്കുമെന്നത് ഉള്‍പ്പെടെ ഈ ആഘാതപഠനത്തിന്റെ ഭാഗം ആയിരിക്കണം.

 

ഇപ്രകാരം തയ്യാറാക്കുന്ന വിശദമായ സാമൂഹികആഘാതപഠനത്തിനു ശേഷം ആ റിപ്പോര്‍ട്ട് പ്രാദേശികഭാഷയില്‍ ലഭ്യമാക്കി, ബാധിക്കാന്‍ സാധ്യതയുള്ള എല്ലാ ജനങ്ങളെയും പങ്കെടുപ്പിച്ചുള്ള പൊതുതെളിവെടുപ്പ് പദ്ധതി പ്രദേശത്ത് നടത്തേണ്ടതാണ് എന്ന് 5 ആം വകുപ്പ് പറയുന്നു. അതില്‍ വരുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ അടക്കം ഒരു വിദഗ്ധ സമിതി ഇത് പരിശോധിക്കുകയും ഈ പദ്ധതിയ്ക്കായി ഈ രൂപത്തില്‍ സ്ഥലം ഏറ്റെടുപ്പ് ആവശ്യമാണെന്ന് തീരുമാനിക്കുകയും ചെയ്താല്‍ മാത്രമേ ഇനിമുതല്‍ ദേശീയപാതാ നിയമപ്രകാരമുള്ള പദ്ധതി ഉണ്ടാക്കല്‍ / സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കാന്‍ പാടുള്ളൂ. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് തങ്ങള്‍ കൂടി പിന്തുണച്ചു കൊണ്ടുവന്നു എന്ന് ദേശീയതലത്തില്‍ സി.പി.എം വലിയ നേട്ടമായി അവതരിപ്പിച്ച ഒരു നിയമം അതേ പാര്‍ട്ടി ഭരണത്തില്‍ ഇരിക്കെ കേരളത്തില്‍ ലംഘിക്കപ്പെടുന്നു എന്നത് വിരോധാഭാസം അല്ലേ?

20 കിലോമീറ്ററില്‍ കൂടുതല്‍ നീളത്തില്‍ നിലവിലുള്ള ദേശീയപാതാ സ്ഥലമെടുത്ത് വീതികൂട്ടല്‍ നടത്തുകയാണെങ്കില്‍ പാരിസ്ഥിതിക ആഘാത പഠനവും പൊതുതെളിവെടുപ്പും നിര്ബന്ധമാണ് എന്നതായിരുന്നു പരിസ്ഥിതി സംരക്ഷണ നിയമം. അത് ബിജെപി സര്‍ക്കാര്‍ ഭേദഗതി ചെയ്യുകയും 100 കിലോമീറ്റര്‍ ആയി കൂട്ടുകയും ചെയ്തു. എങ്കിലും, നിയമത്തിന്റെ അന്തസ്സത്ത നോക്കിയാല്‍ മംഗലാപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള വീതികൂട്ടല്‍ പദ്ധതിയ്ക്ക് ഒറ്റ ഉജഞ ആയതിനാല്‍ പാരിസ്ഥിതികപഠനവും പൊതുതെളിവെടുപ്പും വിദഗ്ധസമിതിയുടെ പരിശോധനയും ആവശ്യമാണ്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ മാത്രമാണ് സര്‍ക്കാര്‍ ഇപ്പോള്‍ 100 കിലോമീറ്ററില്‍ കുറഞ്ഞ കഷണങ്ങളായി മുറിച്ചു ദേശീയപാതയുടെ വിജ്ഞാപനം നടത്തുന്നത്. അതിലെയും പ്രധാനചോദ്യം ഈ വയല്‍ നികത്തേണ്ടത് അത്യാന്താപേക്ഷിതമാണോ അതോ ബദലുകള്‍ ഉണ്ടോ എന്നതാണ്.

കീഴാറ്റൂരിന്റെ കാര്യത്തില്‍ ഇതൊന്നും നടന്നിട്ടില്ല എന്നത് പകല്‍പോലെ വ്യക്തമാണ്. അവിടെ ഭൂരിപക്ഷം പേരുടെയും അനുവാദം കിട്ടിയെന്നു പാര്‍ട്ടി നേതാവ് വീമ്പ് പറയുമ്പോഴും, നിയമപ്രകാരം ജനങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ ഒന്നും ലഭിക്കാതെയുള്ള ഏറ്റെടുക്കല്‍ നടപടിയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് കുടപിടിക്കുന്നത് എന്നത് മനസിലാകാതെ പോകരുത്. അതുകൊണ്ടാണ് ശാസ്ത്രസാഹിത്യ പരിഷത്ത് പറയുന്ന ബദലോ, പാപ്പിനിശേരിയില്‍ നിന്ന് കണ്ണപുരം വഴി പിലാത്തറ വരെയുള്ള 9 കിലോമീറ്റര്‍ കുറവുള്ള ബദല്‍ റോഡോ ഒക്കെ ചര്‍ച്ചയാകേണ്ടത് ഫേസ്ബുക്കില്‍ അല്ല, കീഴാറ്റൂരെ ഗ്രാമസഭയിലാണ്, പൊതുതെളിവെടുപ്പ് വേദിയിലുമാണ്. ഇതൊന്നും പാലിക്കാതെ ഭൂമി ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നതായി 2018 ജനുവരി 4 കേന്ദ്രസര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്തു.

 

സ്വന്തം വയല്‍ വിട്ടുതരാന്‍ എതിര്‍ക്കുന്ന 4 പേര്‍ക്ക് വേണ്ടി ഇനി കോടികള്‍ ചെലവിട്ടു മേല്‍പ്പാലം പണിയണോ എന്ന് ചോദിക്കുന്ന സുഹൃത്തുക്കളുണ്ട്, അവരോട് ഈ ഘട്ടത്തില്‍ മറുപടി ഒന്നേയുള്ളൂ. കേന്ദ്രസര്‍ക്കാരിന് ഈ പദ്ധതിയ്ക്ക് കീഴാറ്റൂരെ ജാനകിയുടെയും സുരേഷിന്റെയും വയല്‍ ഏറ്റെടുക്കാതെ തരമില്ല എന്നാണെങ്കില്‍ അക്കാര്യം അവരെക്കൂടി പങ്കെടുപ്പിച്ചു നടത്തുന്ന ഒരു പ്രക്രിയയിലൂടെ ശാസ്ത്രീയവും ആധികാരികവുമായി ജാനകിയേയും സുരേഷിനെയും ബോധ്യപ്പെടുത്താതെ, അവരുടെ പറമ്പില്‍ സര്‍വ്വേക്കല്ലു സ്ഥാപിക്കാന്‍ കയറാനുള്ള അധികാരം പിണറായി വിജയന്റെ പോലീസിനോ നരേന്ദ്രമോദിയുടെ എഞ്ചിനീയര്‍മാര്‍ക്കോ ഈ രാജ്യത്തെ നിയമം നല്‍കുന്നില്ല സുഹൃത്തേ. ഇത് ജനാധിപത്യമാണ്.

ന്യൂനാല്‍ ന്യൂനപക്ഷത്തിന്റെ ന്യായമായ അവകാശങ്ങള്‍ക്കാണ് ഭൂരിപക്ഷ ആക്രോശങ്ങളെക്കാള്‍ ഇവിടെ വിലയുള്ളത്. അതുകൊണ്ട്, വികസിക്കേണ്ടവര്‍ ഭൂമി ഏറ്റെടുക്കാന്‍ വിയോജിപ്പുള്ളവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുംവരെ അല്‍പ്പം ക്ഷമിക്കേണ്ടി വരും. കാരണം, വിട്ടുകൊടുക്കില്ല എന്ന് ജാനകിയും മനോഹരനും സുരേഷും പറയുന്ന ആ വയല്‍ അവരുടെ ഉടമസ്ഥതയില്‍ ആണ്. അത് ആര്‍ട്ടിക്കിള്‍ 300 അ അനുശാസിക്കുന്ന അവരുടെ ഭരണഘടനാ അവകാശത്തിന്റെ ഭാഗമാണ്. നിയമപ്രകാരമല്ലാതെ ഒരു തരി മണ്ണിടാന്‍ സര്‍ക്കാരിന് കഴിയില്ല.

 

ദേശീയപാതാനിയമം പോലും പാലിക്കാതെ ഗുണ്ടായിസം കാണിച്ച് സ്ഥലം അളക്കാന്‍ വന്ന ഉദ്യോഗസ്ഥരോട് കീഴാറ്റൂര്കാര്‍ ആദ്യം പ്രതികരിച്ചത് നിയമത്തിന്റെ വഴിയില്‍ ആണ്. കേരള ഹൈക്കോടതിയില്‍ 2017 ഫെബ്രുവരി 6 നു നല്‍കിയ 3888/2017 നമ്പറായ റിട്ട് ഹരജിയില്‍ ഈ നടപടികള്‍ ചോദ്യം ചെയ്യുകയും, ദേശീയപാതാനിയമം പാലിച്ച് അല്ലാതെ ഉദ്യോഗസ്ഥര്‍ പരാതിക്കാരുടെ ഭൂമിയില്‍ പ്രവേശിക്കരുത് എന്ന് കോടതിയ്ക്ക് പറയേണ്ടി വരികയും ചെയ്തത് എന്തുകൊണ്ടാവും? സി.പി.എമ്മിന്റെ നേതൃത്വത്തില്‍ എല്ലാം നിയമപ്രകാരം നീങ്ങുകയായിരുന്നുവെങ്കില്‍ എന്തിനാണ് കോടതി ഇങ്ങനെ പറയേണ്ടിവന്നത്? 2013 ലെ നിയമപ്രകാരമുള്ള സാമൂഹികാആഘാത പഠനത്തിനും 2006 ലെ വിജ്ഞാപനപ്രകാരമുള്ള പാരിസ്ഥിതിക ആഘാത പഠനത്തിനും വേണ്ടി രണ്ടാംഘട്ട കേസിനു തയ്യാറെടുക്കുകയാണ് കീഴാറ്റൂര്‍ ജനത. അതിനിടയില്‍ ഇതില്‍ ഒരു റോളും ഇല്ലാത്ത പോലീസ് ഇറങ്ങി സമരക്കാരുടെ ഭൂമി നിയമവിരുദ്ധമായി സര്‍വ്വേ നടത്താന്‍ വന്നപ്പോള്‍ ഉണ്ടായ
വൈകാരിക പ്രതികരണമാണ്

നാം അന്നത്തെ ദൃശ്യങ്ങളില്‍ കണ്ടത്. അത് ഒരു ജനത തെരഞ്ഞെടുക്കുന്ന സമരരൂപമല്ല, അത് ഗതികേടിന്റെ ഭാഷയാണ്. അംഗീകരിച്ചില്ലെങ്കിലും, പുച്ഛിക്കരുത് സഖാക്കളെ.