ഇത് 'അഴിമതി വിരുദ്ധതയല്ല, ദളിത് - സ്ത്രീ വിരുദ്ധത' അടൂരിൻ്റെ പ്രസ്താവനക്കെതിരെ ഹരീഷ് വാസുദേവന്‍
Kerala
ഇത് 'അഴിമതി വിരുദ്ധതയല്ല, ദളിത് - സ്ത്രീ വിരുദ്ധത' അടൂരിൻ്റെ പ്രസ്താവനക്കെതിരെ ഹരീഷ് വാസുദേവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th August 2025, 8:43 am

തിരുവനന്തപുരം: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയെ വിമര്‍ശിച്ച് ഹരീഷ് വാസുദേവന്‍. അടൂര്‍ ഗോപാലകൃഷ്ണന് അഴിമതിയല്ല പ്രശ്നമെന്നും അതായിരുന്നെങ്കില്‍ വേറെ എന്തിനെപ്പറ്റിയൊക്കെ അടൂര്‍ വേവലാതിപ്പെടണമായിരുന്നുവെന്ന് അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമര്‍ശനം.

സെലക്ഷന്‍ മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കി നടത്തുന്ന ഒരു പരിപാടിക്ക് അഴിമതി എങ്ങനെ നടക്കുമെന്ന് കൃത്യമായി ചൂണ്ടിക്കാണിക്കാന്‍ ഭരണപരിചയം ഉള്ള ആളാണ് അടൂര്‍ എന്നും അഴിമതി ഒന്നുമില്ലാതെ എങ്ങനെ ഇത് നടത്താം എന്നുകൂടി പറയാന്‍ പ്രാപ്തിയുള്ള ആള് കൂടിയാണ് അടൂറെന്നും അദ്ദേഹം കുറിച്ചു. സിനിമകള്‍ ഏത് വകയിലാണ് പണം കൂടുതല്‍ ചെലവഴിച്ചത് എന്ന് പറയാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ടെന്നും ഇത് അഴിമതി വിരുദ്ധതയല്ല, ദളിത് വിരുദ്ധതയും സ്ത്രീ വിരുദ്ധതയുമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

താന്‍ ഇവിടെയുള്ളപ്പോള്‍ ട്രെയിനിങ്ങില്ലാതെ സിനിമ എടുക്കുന്നതിന് വേണ്ടി ദളിതര്‍ക്കും സ്ത്രീകള്‍ക്കും സര്‍ക്കാര്‍ പണം കൊടുക്കുന്നോ എന്ന ഭാവമാണ് അടൂര്‍ ഗോപാലകൃഷ്ണനെന്നും ജാതിവെറിയനായ ഒരാളെ അടൂര്‍ ഗോപാലകൃഷ്ണന്‍ സംരക്ഷിക്കുന്നു എന്ന് കെ. ആർ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ രണ്ടുവര്‍ഷം മുന്‍പ് ആരോപിച്ചത് തനിക്ക് ഓര്‍മ വന്നുവെന്നും അദ്ദേഹം കുറിച്ചു. ചിലര്‍ സ്വയം വെളിവാക്കുമെന്നും കേരളമേ കാണുക എന്നും പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.

ഇന്നലെ (ഞായർ) നടന്ന ഫിലിം കോൺക്ലേവിൻ്റെ സമാപന ചടങ്ങിലായിരുന്നു അടൂർ ഗോപാലകൃഷ്ണൻ വിവാദ പരാമർശം നടത്തിയത്. സ്ത്രീകൾക്കും ദളിത് വിഭാഗങ്ങൾക്കും സിനിമ നിർമിക്കാൻ സംസ്ഥാന സർക്കാർ നൽകിവരുന്ന ഫണ്ടിനെതിരെയാണ് അദ്ദേഹം സംസാരിച്ചത്.

ഒരാൾ സിനിമയെടുക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് വരുമ്പോൾ തന്നെ ‘പോയി സിനിമയെടുത്തോ’ എന്ന് പറയുന്നതല്ല പ്രോത്സാഹനമെന്നും നിലവിൽ പുതുമുഖങ്ങൾക്ക് നൽകിവരുന്ന ഒന്നരക്കോടി 50 ലക്ഷമായി കുറയ്ക്കണമെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു.

ഈ തുക വാണിജ്യ സിനിമക്ക് വേണ്ടിയല്ല വിനിയോഗിക്കേണ്ടതെന്നും നല്ല സിനിമയെടുക്കാൻ വേണ്ടിയാണ് ഈ പണം ഉപയോഗപ്പെടുത്തേണ്ടതെന്നും പറഞ്ഞ അദ്ദേഹം, സർക്കാർ നൽകുന്നത് നികുതി പണമാണെന്ന് അവരെ പറഞ്ഞ് മനസിലാക്കിക്കണമെന്നും പരാമർശിച്ചിരുന്നു.

സൂപ്പർ സ്റ്റാറുകളെ വെച്ച് സിനിമയുണ്ടാക്കാനല്ല സർക്കാർ സഹായിക്കേണ്ടതെന്നും ഒരു സ്ത്രീ ആയതുകൊണ്ട് മാത്രം സിനിമ എടുക്കാൻ സർക്കാർ പണം കൊടുക്കരുതെന്നും അടൂർ പറഞ്ഞിരുന്നു. അടൂരിൻ്റെ പരാമർശനത്തിന് പിന്നാലെ വേദിയിൽ നിന്ന് തന്നെ വിമർശനം ഉയർന്നിരുന്നു. ശേഷം അദ്ദേഹത്തിൻ്റെ പ്രസ്താവനക്കെതിരെ മന്ത്രിമാരും സിനിമാരംഗത്തുള്ളവരും അടക്കം കൂടുതൽ പേര് രംഗത്ത് വന്നു.

Content Highlight: Harish Vasudevan against Adoor’s statement