കൈതിയില്‍ പൊലീസാവാന്‍ വിളിച്ചപ്പോള്‍ വരില്ലെന്ന് പറഞ്ഞു, പാതിരാത്രിയില്‍ ലൊക്കേഷനില്‍ വിളിച്ചുവരുത്തി അടൈക്കളത്തെ ചെയ്യണമെന്ന് ലോകേഷ് പറഞ്ഞു: ഹരീഷ് ഉത്തമന്‍
Film News
കൈതിയില്‍ പൊലീസാവാന്‍ വിളിച്ചപ്പോള്‍ വരില്ലെന്ന് പറഞ്ഞു, പാതിരാത്രിയില്‍ ലൊക്കേഷനില്‍ വിളിച്ചുവരുത്തി അടൈക്കളത്തെ ചെയ്യണമെന്ന് ലോകേഷ് പറഞ്ഞു: ഹരീഷ് ഉത്തമന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th October 2022, 8:00 am

നടന്‍ ഹരീഷ് ഉത്തമന്റെ കരിയറില്‍ ഏറ്റവും ഇംപാക്ട് ഉണ്ടാക്കിയ കഥാപാത്രമാണ് കൈതിയിലെ വില്ലനായ അടൈക്കളം. ഒരു വില്ലനായി ഇത്രയും ബില്‍ഡ് അപ്പ് ഹരീഷിന് മറ്റൊരു ചിത്രത്തില്‍ കിട്ടിയിട്ടുണ്ടാവില്ല.

കൈതിയില്‍ പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ആദ്യം വിളിച്ചതെന്ന് പറയുകയാണ് ഹരീഷ്. അന്ന് പോവാതിരുന്ന തന്നെ പാതിരാത്രിയില്‍ ലൊക്കേഷനില്‍ വിളിച്ചുവരുത്തിയാണ് അടൈക്കളത്തെ അവതരിപ്പിക്കണമെന്ന് ലോകേഷ് കനകരാജ് ആവശ്യപ്പെട്ടതെന്ന് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഹരീഷ് പറഞ്ഞു.

‘കൈതിയില്‍ ഒരു പൊലീസ് റോളിലേക്ക് എന്നെ വിളിച്ചിരുന്നു. പൊലീസ് റോള് ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു. ഏതാന്ന് പറയില്ല. അങ്ങനെ അത് ഞാന്‍ വിട്ടു. ഒരു ദിവസം രാത്രി സെക്കന്റ് ഷോ കണ്ടുകൊണ്ടിരിക്കുമ്പോള്‍ കൈതിയുടെ സ്റ്റണ്ട് മാസ്റ്റര്‍ അന്‍പറിവ് വിളിച്ചു, ബ്രോ എവിടാന്ന് ചോദിച്ചു. സെക്കന്റ് ഷോ കാണുവാണെന്ന് ഞാന്‍ പറഞ്ഞു. അത് തീരുമ്പോള്‍ നേരെ ലൊക്കേഷനിലേക്ക് വരണമെന്ന് എന്നോട് പറഞ്ഞു.

ഒരു മണിയായപ്പോള്‍ ഞാന്‍ അവിടെനിന്നും ലൊക്കേഷനിലേക്ക് പോയി. അവിടെ ലോകേഷ് ഉണ്ടായിരുന്നു. ഇതാണ് ക്യാരക്ടര്‍, നിങ്ങള്‍ ഓക്കെയാണോ, മറ്റെന്നാളാണ് ഷൂട്ടെന്ന് പറഞ്ഞു. ചെയ്യാം റെഡിയാണെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ജോയിന്‍ ചെയ്തതാണ്.

ലോകേഷിന്റെ ആദ്യ സിനിമയായ മാനഗരത്തിലേക്കും എന്നെ വിളിച്ചിരുന്നു. സമയമില്ലാത്തതുകൊണ്ടായിരുന്നു എന്ന് തോന്നുന്നു, അന്നത് ചെയ്യാന്‍ പറ്റിയില്ല. നാല് രാത്രിയാണ് ഞാന്‍ കൈതിയില്‍ വര്‍ക്ക് ചെയ്തത്. ഈ സിനിമയില്‍ അഭിനയിക്കുന്ന കാര്യം ഞാന്‍ എന്റെ സഹോദരന്മാരോട് പോലും പറഞ്ഞിരുന്നില്ല. സിനിമ കാണാന്‍ പോയ എല്ലാവര്‍ക്കും ഷോക്കായി.

ജയിലിലെ ഇരുട്ടില്‍ നിന്നും എന്റെ കയ്യാണ് ആദ്യം പുറത്തേക്ക് വന്നത്. പൊലീസ് ഓഫീസറെ പിടിക്കുന്ന സീനാണ്. അത് കണ്ട് കുറെ പേര് പേടിച്ചുവെന്ന് പറഞ്ഞു. ആദ്യം തന്നെ കുറെ ബില്‍ഡ് അപ്പ് തന്നു, പിന്നെ ഇരുട്ടില്‍ നിന്നും പെട്ടെന്ന് വന്നപ്പോള്‍ ഒരു ഞെട്ടല്‍ ഉണ്ടായിരുന്നു. എല്ലാവര്‍ക്കും ഭയങ്കര സര്‍പ്രൈസ് ആയിരുന്നു. അടൈക്കളം ക്യാരക്റ്റര്‍ ഒരു ഇംപാക്ട് ഉണ്ടാക്കിയിട്ടുണ്ട്,’ ഹരീഷ് പറഞ്ഞു.

ഇനി ഉത്തരം ആണ് ഏറ്റവും പുതുതായി റിലീസ് ചെയ്ത ഹരീഷിന്റെ ചിത്രം. അപര്‍ണ ബാലമുരളി നായികയായ ചിത്രം ഒക്ടോബര്‍ ഏഴിനാണ് റിലീസ് ചെയ്തത്. സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, ചന്തു നാഥ്, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Harish uthaman says that he was first called to play the character of a policeman in Kaithi