നാട്ടുകാരെ അറിയിക്കാതെ എനിക്ക് ഉറക്കം കിട്ടില്ല, അതുകൊണ്ടാ മമ്മുക്കാ ഉമ്മ; ഹരീഷ് പേരടി
Entertainment news
നാട്ടുകാരെ അറിയിക്കാതെ എനിക്ക് ഉറക്കം കിട്ടില്ല, അതുകൊണ്ടാ മമ്മുക്കാ ഉമ്മ; ഹരീഷ് പേരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th December 2021, 10:27 pm

മോഹന്‍ലാലിന്റെ മരക്കാര്‍ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയതിന് പിന്നാലെ വ്യാപകമായി നെഗറ്റീവ് റിവ്യൂകളും സൈബര്‍ ആക്രമണങ്ങളും ചിത്രത്തിനെതിരെ നടന്നിരുന്നു. എന്നാല്‍ ചിത്രത്തെ വിമര്‍ശിച്ചവര്‍ പോലും ഹരീഷ് പേരടി അവതരിപ്പിച്ച മാങ്ങാട്ടച്ചനെ പ്രശംസിച്ചു.

ഇന്ന് അമ്മയുടെ മീറ്റിംഗിനിടയില്‍ മമ്മൂട്ടിയും മാങ്ങാട്ടച്ചനെ പ്രശംസിച്ചതിന്റെ സന്തോഷം പങ്കിടുകയാണ് ഹരീഷ് പേരടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരടി ഇക്കാര്യം പങ്കുവെച്ചത്.

‘ഇന്ന് അമ്മയുടെ മീറ്റിംഗില്‍ പങ്കെടുത്തപ്പോള്‍ എനിക്ക് ഒരു ദേശീയ അവാര്‍ഡ് കിട്ടി. ഈ മഹാനടന് മങ്ങാട്ടച്ഛനെ വല്ലാതെ ഇഷ്ടമായി എന്ന നല്ല വാക്കുകള്‍. മമ്മുക്കയെ പോലെ ഒരാള്‍ നേരിട്ട് പറയുന്നതിലും അപ്പുറം എനിക്ക് എന്താണ് കിട്ടാനുള്ളത്.

സന്തോഷം അദ്ദേഹത്തോട് നേരിട്ട് പറഞ്ഞെങ്കിലും നാട്ടുകാര് കേള്‍ക്കേ ആ സന്തോഷവും നന്ദിയും പറയാതെ എനിക്ക് ഉറക്കം കിട്ടില്ല. അതുകൊണ്ടാ മമ്മുക്കാ ഉമ്മ,’ എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.

മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസിന് പിന്നാലെ സമൂഹമാധ്യമത്തില്‍ സിനിമയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സിനിമയുടെ പോരായ്മകള്‍ വ്യക്തമാക്കിയ നിരൂപണങ്ങള്‍ക്ക് പുറമെ മരക്കാര്‍ എന്ന സിനിമയെ അനാവശ്യമായി ഡീഗ്രേഡ് ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകളും വീഡിയോകളും സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ടെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. സിനിമയുടെ ഡീഗ്രേഡിംഗിനെതിരെ മോഹന്‍ലാലും രംഗത്ത് വന്നിരുന്നു.

ആദ്യം ഒ.ടി.ടിയിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തിയേറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു. തിയേറ്റര്‍ റിലീസിന് പിന്നാലെ മരയ്ക്കാര്‍ അറബിക്കടലിന്റ സിംഹം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലും റിലീസ് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: hareesh peradi says that mammotty appreciate his perfomance as mangattachan in marakkar