മുര്‍മുവിനെയും നഞ്ചിയമ്മയെയും അംഗീകരിക്കാത്ത ഇടതുപക്ഷ സവര്‍ണ ബുദ്ധിജീവികളെ കാണാതെ പോകരുത്: ഹരീഷ് പേരടി
Kerala News
മുര്‍മുവിനെയും നഞ്ചിയമ്മയെയും അംഗീകരിക്കാത്ത ഇടതുപക്ഷ സവര്‍ണ ബുദ്ധിജീവികളെ കാണാതെ പോകരുത്: ഹരീഷ് പേരടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th July 2022, 11:20 pm

കോഴിക്കോട്: രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മുവിനെയും മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നഞ്ചിയമ്മയെയും അംഗീകരിക്കാന്‍ പറ്റാത്ത ഇടതുപക്ഷ സവര്‍ണ ബുദ്ധിജീവികളെ കാണാതെ പോകരുതെന്ന് നടന്‍ ഹരീഷ് പേരടി. അപകടങ്ങളില്‍ പെടാതെ സാംസ്‌കാരിക കേരളം ശ്രദ്ധയോടെ യാത്ര ചെയേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പേരടിയുടെ പ്രതികരണം.

‘ഈ രണ്ട് ദളിത് അമ്മമാരെയും അംഗീകരിക്കാന്‍ പറ്റാത്ത ഇടതുപക്ഷ സവര്‍ണ ബുദ്ധിജീവികളെ ഈ ബഹളത്തിനിടയില്‍ കാണാതെ പോകരുത്. ഇവര്‍ക്ക് ഒപ്പമാണെന്ന് തോന്നിപ്പിക്കുകയും എന്നാല്‍ എതിര്‍പക്ഷത്തുള്ളവര്‍ ഇവരെ അംഗീകരിച്ചതിന്റെ വെറുപ്പ് സാംസ്‌കാരിക കേരളത്തിന്റെ മുഖത്ത് ഉരച്ചുതീര്‍ക്കുന്നവര്‍. അവര്‍ ശരിക്കും കുളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നുണ്ട്.

അസ്സല്‍ കുളം കുത്തികളായി. അവരുടെ ഏറ്റവും താഴ്ന്ന ജാതി കോരനാണ്. കോരന് താഴെയുള്ള കീരനെയും, ചാത്തനെയും, ചൂലനെയും ഏറ്റെടുക്കാന്‍ അവരുടെ രാഷ്ട്രീയ യജമാനന്‍മാര്‍ ഇപ്പോഴും ഈ ബുദ്ധിജീവി അടിമകള്‍ക്ക് അനുവാദം കൊടുത്തിട്ടില്ല. അപകടങ്ങളില്‍ പെടാതെ സാംസ്‌കാരിക കേരളം ശ്രദ്ധയോടെ യാത്ര ചെയേണ്ട സമയമാണിത്. ജാഗ്രതൈ,’ ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു ഇന്നാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ സത്യവാചകം ചൊല്ലിക്കൊടുത്തു.

തുടര്‍ന്ന് മുന്‍ രാഷ്ട്രപതി തന്റെ കസേരയില്‍നിന്നു മാറി പുതിയ രാഷ്ട്രപതിയെ ഇരുത്തി. സത്യപ്രതിജ്ഞാ രജിസ്റ്ററില്‍ രാഷ്ട്രപതി ഒപ്പിട്ടു. പാര്‍ലമെന്റിനു പുറത്ത് അംഗരക്ഷകര്‍ പുതിയ രാഷ്ട്രപതിക്ക് സല്യൂട്ട് നല്‍കി.