ആ സിനിമയിലെ അടിയെല്ലാം കമ്പോസ് ചെയ്തത് ലാലേട്ടനാണ്; അതൊരു നാടൻ തല്ലാണ്: ഹരീഷ് പേരാടി
Film News
ആ സിനിമയിലെ അടിയെല്ലാം കമ്പോസ് ചെയ്തത് ലാലേട്ടനാണ്; അതൊരു നാടൻ തല്ലാണ്: ഹരീഷ് പേരാടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th January 2024, 7:53 am

മോഹൻലാലിനെ കേന്ദ്ര കഥാപാത്രത്തിൽ അവതരിപ്പിച്ച് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിൽ ഹരീഷ് പേരാടിയും മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പമുള്ള അനുഭവങ്ങൾ സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയാണ് ഹരീഷ് പേരാടി. ഓളവും തീരവും സിനിമയിൽ താനും മോഹൻലാലുമായി ഒരു നാടൻ തല്ലുണ്ടെന്നും അതെല്ലാം കമ്പോസ് ചെയ്തത് അദ്ദേഹം തന്നെയാണെന്നും ഹരീഷ് പേരാടി പറഞ്ഞു.

‘ഈ തൊട്ടു മുന്നേ ഞങ്ങൾ ചെയ്ത ഓളവും തീരവും സിനിമയിൽ ഞാനും ലാലേട്ടനും തമ്മിൽ ഒരു നാടനടി ഉണ്ട്. ഇത് നാടൻ അടിയാണ്, അത് കമ്പോസ് ചെയ്തത് മുഴുവൻ ലാലേട്ടനാണ്. ഞങ്ങൾ തമ്മിൽ കെട്ടിമറിഞ്ഞിട്ടുള്ള ഒരു അടിയാണ്. അതൊരു താഴ്വാരം സ്റ്റൈലിലുള്ള അടിയാണ്. അത് പഴയ ഓളവും തീരും തന്നെയാണ്. അത് പ്രിയൻ സാർ, സാറിന്റേതായിട്ടുള്ള പുതിയ ക്രാഫ്റ്റിലൂടെ സൗന്ദര്യം ആയിട്ട് വർക്ക് ചെയ്ത ഒരു സിനിമയാണത്.

അത് ലാലേട്ടനാണ് ഫുള്ള് കമ്പോസ് ചെയ്തത്. അതെങ്ങനെ ചെയ്യണം, എവിടെ ഒഴിയണം എന്നെല്ലാം പറഞ്ഞു തന്നത് ലാലേട്ടനാണ്. തൂവൽ സ്പർശം എന്ന സാധനമുണ്ട്, അതാണ് ലാലേട്ടന്റെ അടി. അതുകൊണ്ട് നമുക്ക് ധൈര്യമായിട്ട് പുള്ളിയുടെ കൂടെ കൊറിയോഗ്രാഫിയിൽ പങ്കെടുക്കാൻ പറ്റും. ഇതേപോലെ ഫൈറ്റിൽ ലാലേട്ടനെക്കാൾ ഈസിയായി തോന്നിയത് തമിഴ് നടൻ വിജയ് ആണ്. വിജയ് സാർ ഇതുപോലെയാണ് ഭയങ്കര രസമാണ്,’ ഹരീഷ് പേരാടി പറഞ്ഞു.

മോഹൻലാൽ- ലിജോ കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ ചിത്രമാണ് വാലിബൻ. മോഹൻലാലിനും ഹരീഷ് പേരടിക്കും പുറമെ സൊണാലി കുൽക്കർണി, സുചിത്ര നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവർ സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ജനുവരി 25ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നൂറ്റി മുപ്പത് ദിവസങ്ങളിൽ രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലായാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ്. റഫീക്കാണ്.

Content Highlight: Hareesh peradi about Mohanlal’s fight choreography