ഹിറ്റ്മാനെ വീഴ്ത്താന്‍ ഹര്‍ദിക്; വേണ്ടത് ഇത്ര മാത്രം!
Cricket
ഹിറ്റ്മാനെ വീഴ്ത്താന്‍ ഹര്‍ദിക്; വേണ്ടത് ഇത്ര മാത്രം!
ഫസീഹ പി.സി.
Tuesday, 3rd March 2026, 10:39 pm

2026 ടി – 20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി ഫൈനലിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍. രണ്ടാം സെമി ഫൈനലിന് ഇറങ്ങുന്ന മെന്‍ ഇന്‍ ബ്ലൂവിന് എതിരാളികള്‍ ഇംഗ്ലണ്ടാണ്. മാര്‍ച്ച് അഞ്ചിനാണ് ഈ മത്സരം അരങ്ങേറുക. മുംബൈയിലെ വാംഖഡെ സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാവുക.

ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ടി – 20 ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുക എന്നതാണ് സൂര്യയും സംഘവും ലക്ഷ്യമിടുന്നത്. മറുവശത്താകട്ടെ കഴിഞ്ഞ ലോകകപ്പിലെ സെമിയില്‍ ഏറ്റ തോല്‍വിക്ക് പകരം വീട്ടാന്‍ ഉറച്ചാവും ഹാരി ബ്രൂക്കിന്റെ സംഘം വാംഖഡെയില്‍ ഇറങ്ങുക.

ഹര്‍ദിക് പാണ്ഡ്യ. Photo: BCCI/x.com

ഈ മത്സരത്തിന് കളത്തിലിറങ്ങുമ്പോള്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ കാത്തിരിക്കുന്നത് ഒരു സൂപ്പര്‍ നേട്ടമാണ്. ബാറ്റിങ്ങിലോ ബൗളിങ്ങിലോ അല്ല, മറിച്ച് ഫീല്‍ഡിങ്ങിലാണ് ഈ സുവര്‍ണാവസരമുള്ളത്. അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ ഫീല്‍ഡര്‍ എന്ന നിലയില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ക്യാച്ച് നേടുന്ന താരമാകാനാണ് 32 കാരന് സാധിക്കുക.

ഇതിനായി ഹര്‍ദിക്കിന് വേണ്ടത് രണ്ട് ക്യാച്ചുകള്‍ മാത്രമാണ്. താരം ഇതുവരെ ടി – 20 ക്രിക്കറ്റില്‍ ഇന്ത്യക്കായി 64 ക്യാച്ചുകള്‍ എടുത്തിട്ടുണ്ട്. നിലവില്‍ ഈ നേട്ടത്തില്‍ മുന്നിലുള്ളത് മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ്. താരം 65 ക്യാച്ചുകളാണ് കൈപ്പിടിയില്‍ ഒതുക്കിയത്.

ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ രണ്ട് ക്യാച്ചുകള്‍ കൂടി നേടാനായാൽ ഹര്‍ദിക്കിന് ഈ നേട്ടത്തില്‍ ഒന്നാമതെത്താം. ഇനി ഒരു ക്യാച്ചാണ് എടുക്കുന്നതെങ്കില്‍ ഹിറ്റ്മാന് ഒപ്പവുമെത്താം.

അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ ഫീല്‍ഡര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് നേടിയ ഇന്ത്യന്‍ താരങ്ങള്‍, എണ്ണം

രോഹിത് ശര്‍മ – 65

ഹര്‍ദിക് പാണ്ഡ്യ – 64

സൂര്യകുമാര്‍ യാദവ് – 57

വിരാട് കോഹ്ലി – 54

സുരേഷ് റെയ്‌ന – 42

റിങ്കു സിങ് – 37

അക്‌സര്‍ പട്ടേല്‍ – 34

തിലക് വര്‍മ – 31

Content Highlight: Hardik Pandya needs two catches to surpass Rohit Sharma in most catches for India in T20I Cricket

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി