സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയും ആതിഥേയര്‍ സ്വന്തമാക്കിയിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന പരമ്പരിയിലെ അവസാന മത്സരത്തില്‍ വിജയിച്ചതോടെ 3-1നാണ് ഇന്ത്യയുടെ പരമ്പര വിജയം.
ഇന്ത്യ ഉയര്‍ത്തിയ 232 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
തിലക് വര്‍മ (42 പന്തില്‍ 73), ഹര്‍ദിക് പാണ്ഡ്യ (25 പന്തില്‍ 63), സഞ്ജു സാംസണ്‍ (22 പന്തില്‍ 37), അഭിഷേക് ശര്‍മ (21 പന്തില്‍ 34) എന്നിവരുടെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്.
ഈ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ അന്താരാഷ്ട്ര ടി-20യില്‍ 2,000 റണ്‍സ് പൂര്‍ത്തിയാക്കാനും ഹര്‍ദിക് പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നു. ഈ നേട്ടത്തിലെത്തുന്ന അഞ്ചാം ഇന്ത്യന്‍ താരമാണ് ഹര്‍ദിക്. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, കെ.എല്‍. രാഹുല്‍ എന്നിവരാണ് 2,000 ടി-20ഐ റണ്‍സ് പൂര്‍ത്തിയാക്കിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
ഹര്‍ദിക് പാണ്ഡ്യ. Photo: BCCI/x.com
എന്നാല്‍ മറ്റൊരു ഇന്ത്യന്‍ താരത്തിനുമില്ലാത്ത നേട്ടത്തിലേക്കും ഹര്‍ദിക് പാണ്ഡ്യ കാലെടുത്ത് വെച്ചു. അന്താരാഷ്ട്ര ടി-20യില്‍ 2,000 റണ്‍സും 100 വിക്കറ്റുകളും പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടമാണ് ഹര്‍ദിക് തന്റെ പേരിലെഴുതിച്ചേര്‍ത്തത്.
അന്താരാഷ്ട്ര ടി-20യില്‍ 2000 റണ്‍സും 100 വിക്കറ്റും നേടിയ താരങ്ങള്‍
(താരം – ടീം – റണ്‍സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)
ഷാകിബ് അല്‍ ഹസന്‍ – ബംഗ്ലാദേശ് – 2,551 – 149
മുഹമ്മദ് നബി – അഫ്ഗാനിസ്ഥാന്‍ – 2,417 – 104
സിക്കന്ദര്‍ റാസ – സിംബാബ്‌വേ – 2,883 – 102
വിരണ്‍ദീപ് സിങ് – മലേഷ്യ – 3,180 – 109
ഹര്‍ദിക് പാണ്ഡ്യ – ഇന്ത്യ – 2,002 – 101*
ഹര്‍ദിക് പാണ്ഡ്യ. Photo: BCCI/x.com
ഈ ഇരട്ട നേട്ടം സ്വന്തമാക്കിയ താരങ്ങളില്‍ ഹര്‍ദിക് പാണ്ഡ്യ മാത്രമാണ് ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍. മറ്റുള്ള നാല് താരങ്ങളും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരാണ്.