ധനുഷ്-രജിഷ വിജയന്‍ ചിത്രം കര്‍ണന്റെ റിലീസ് പ്രഖ്യാപിച്ച് ടീസര്‍; വാളെടുത്ത് നില്‍ക്കുന്ന ധനുഷും മാരി സെല്‍വരാജിന്റെ പഞ്ച് ഡയലോഗും
Entertainment
ധനുഷ്-രജിഷ വിജയന്‍ ചിത്രം കര്‍ണന്റെ റിലീസ് പ്രഖ്യാപിച്ച് ടീസര്‍; വാളെടുത്ത് നില്‍ക്കുന്ന ധനുഷും മാരി സെല്‍വരാജിന്റെ പഞ്ച് ഡയലോഗും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 31st January 2021, 12:35 pm

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രം കര്‍ണന്റെ റിലീസ് പ്രഖ്യാപിച്ചു. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലില്‍ തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

റിലീസ് പ്രഖ്യാപനത്തിനൊപ്പം ചിത്രത്തിന്റെ ടീസറും പുറത്തുവിട്ടിട്ടുണ്ട്. ബ്ലാക്ക് ആന്റ് വൈറ്റ് ടോണിലാണ് അനൗണ്‍സ്‌മെന്റ് ടീസര്‍. വാളെടുത്ത് കുന്നിന്‍ മുകളിലേക്ക് ഓടിക്കയറുന്ന ധനുഷിനെയാണ് ടീസറില്‍ കാണുന്നത്. ആനയും കുതിരയും നായയും ടീസറിലുണ്ട്.

‘വാളെടുത്ത് നില്‍ക്കുന്ന അവനെ നോക്കൂ, എതിരിടാന്‍ ഒരുത്തനും ഇല്ല’ എന്ന വാചകത്തോടെയാണ് ചിത്രത്തിന്റെ ടീസര്‍ മാരി സെല്‍വരാജ് ട്വിറ്ററില്‍ പങ്കുവെച്ചത്.

രജിഷ വിജയനാണ് ചിത്രത്തിലെ നായിക. രജിഷയുടെ തമിഴ് അരങ്ങേറ്റ ചിത്രമാണ് കര്‍ണ്ണന്‍. നടന്‍ ലാലും യോഗി ബാബുവും ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ എത്തും.

മാരി സെല്‍വരാജിന്റെ ആദ്യ ചിത്രമായ പരിയേറും പെരുമാളിന് സംഗീതമൊരുക്കിയ സന്തോഷ് നാരായണനാണ് ഈ ചിത്രത്തിന്റെയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ധനുഷിനോടൊപ്പം മൂന്നാം തവണയാണ് സന്തോഷ് ഒരുമിക്കുന്നത്. കൊടി, വട ചെന്നൈ എന്നീ ചിത്രങ്ങളിലായിരുന്നു ഇരുവരും നേരത്തെ ഒരുമിച്ചത്.

തമിഴ്‌നാട്ടിലെ ജാതി പ്രശ്‌നത്തിന്റെ നേര്‍ക്കാഴ്ചകള്‍ പങ്കുവെച്ച ചിത്രമായിരുന്നു മാരി സെല്‍വരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാള്‍. നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരേ പോലെ നേടിയ ചിത്രമായിരുന്നു പരിയേറും പെരുമാള്‍.

ജാതീയത ആസ്പദമാക്കി തന്നെയാണ് കര്‍ണനും ഒരുങ്ങുന്നതെന്നാണ് വാര്‍ത്തകള്‍. ചിത്രത്തിനെതിരെ ചില സംഘടനകള്‍ രംഗത്തെത്തിയിരുന്നു.