മോഡലിങ് രംഗത്തുനിന്ന് സിനിമയിലേക്കെത്തിയ നടിയാണ് ഹന്ന റെജി കോശി. രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിലൂടെയാണ് ഹന്നയുടെ സിനിമ എന്‍ട്രി. പിന്നീട് കൂമന്‍, തീര്‍പ്പ് എന്നിങ്ങനെ മികച്ച സിനിമകളുടെ ഭാഗമായിക്കൊണ്ട് മലയാളത്തില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ താരത്തിന് സാധിച്ചു.
ഹന്ന റെജി കോശി Photo: Screen grab/ Movie World Media
മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിനെക്കുറിച്ച് ഹന്ന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്ന് ഹന്ന പറഞ്ഞു. കുട്ടിക്കാലം മുതല്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കാണാറുണ്ടെന്നും എന്നാല്‍ മോഹന്‍ലാലിന്റെ ആക്ഷന്‍ സിനിമകളോട് അത്ര താത്പര്യമില്ലെന്നും താരം പറയുന്നു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ഹന്ന.
‘ലാലേട്ടന്‍ ഇപ്പോഴും ഓഡിയന്‍സിനെ പിടിച്ച് നിര്‍ത്തുന്ന ഒരു ചാം ഉണ്ട്. തുടരും സിനിമയില്‍ ഒറ്റക്കൈ കുത്തിക്കൊണ്ട് ചാടുന്ന സീനൊക്കെ ആളുകള്‍ ഭയങ്കരമായിട്ട് ആഘോഷിച്ചു. എനിക്ക് വരെ അത് കണ്ട് രോമാഞ്ചമുണ്ടായി. ഞാന്‍ ലാലേട്ടന്റെ പഴയ സിനിമകളൊന്നും അധികം കണ്ടിട്ടില്ല. എനിക്ക് കോമഡി സിനിമകള്‍ മാത്രമേ ഇഷ്ടമുള്ളൂ.
നരന്‍ പോലെയുള്ള സിനിമകളുടെ ഫാനല്ല ഞാന്‍. എനിക്കിഷ്ടം കോമഡിയാണ്. കിലുക്കം പോലുള്ള സിനിമകളാണ് എനിക്കിഷ്ടം. അങ്ങനെയുള്ള എനിക്ക് പോലും തുടരും കണ്ടിട്ട് രോമാഞ്ചമുണ്ടായി. ഈയടുത്ത് തരുണ്‍ മൂര്‍ത്തിയുടെ സെറ്റില്‍ പോയപ്പോള്‍ ലാലേട്ടനെ കാണാന്‍ സാധിച്ചിരുന്നു. അദ്ദേഹം ഇങ്ങനെ നടന്ന് വരുമ്പോള്‍ ഒരു ഓറയുണ്ട്. ആ മീശ പിരിച്ചുകൊണ്ട് വരുന്ന വരവ് കാണാന്‍ നല്ല രസമാണ്,’ ഹന്ന പറയുന്നു.
താന്‍ അവസാനം ചെയ്ത സിനിമയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തത് മമ്മൂട്ടിയാണെന്നും താരം പറഞ്ഞു. എല്ലാ ആര്‍ട്ടിസ്റ്റുകളെയും സപ്പോര്‍ട്ട് ചെയ്യുന്നവരാണ് മമ്മൂട്ടിയും മോഹന്‍ലാലുമെന്നും അവര്‍ ഇങ്ങനെ ചെയ്യുന്നത് ഒരുപാട് സന്തോഷം നല്‍കുന്ന കാര്യമാണെന്നും ഹന്ന കൂട്ടിച്ചേര്‍ത്തു. അവരെ കണ്ട് വേണം പഠിക്കാനെന്നും താരം പറയുന്നു.
‘മമ്മൂക്കയുമായി പണ്ട് ഫോട്ടോഷൂട്ട് ചെയ്തിട്ടുണ്ട്. അതെല്ലാം നല്ല ഓര്‍മകളാണ്. അത്രയും സീനിയറായിട്ടുള്ള താരങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുന്ന സപ്പോര്‍ട്ട് വലുതാണ്. ഒരുപാട് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും അവര്‍ തന്നെയാണ് ഈ ഇന്‍ഡസ്ട്രിയെ താങ്ങി നിര്‍ത്തുന്നത്. അവരുടെ പെര്‍ഫോമന്‍സ് ഇപ്പോഴും കണ്ട് അന്തംവിടുകയാണ് ഞാന്‍,’ ഹന്ന റെജി കോശി പറഞ്ഞു.
Content Highlight: Hannah Reji Koshiy about Mohanlal and Thudarum Movie