ഗസ: ഫലസ്തീനികള്‍ ഗസസയില്‍ നിന്ന് പുറത്തുപോകണമെന്നും ഗസ അമേരിക്ക പിടിച്ചെടുക്കുമെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി ഹമാസ്. ട്രംപിന്റെ പ്രസ്താവന അസംബന്ധവും അപഹാസ്യവുമാണെന്ന് ഹമാസ് വക്താവ് സമി അബു സുഹ്‌രി റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഗസ പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള നിലപാട് പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗസ പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പരാമര്‍ശങ്ങള്‍ അസംബന്ധവും പരിഹാസ്യവുമാണ്. ഇത്തരത്തിലുള്ള ഏത് നിലപാടുകളും മേഖലയെ അസ്ഥിരപ്പെടുത്തുന്നതാണ്: സമി അബു സുഹ്‌രി
അതേ സമയം ട്രംപിന്റെ പരാമര്‍ശത്തിനെതിരെ വൈറ്റ് ഹൗസിന് പുറത്ത് ഗസ വില്‍പനക്കുള്ളതല്ല എന്ന പ്ലക്കാര്‍ഡുകളുയര്‍ത്തിയുള്ള പ്രതിഷേധങ്ങള്‍ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച ഇസ്രഈല്‍ പ്രധാനമന്ത്രി നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ഫലസ്തീന്‍ അനുകൂലികള്‍ വൈറ്റ് ഹൗസിന് പുറത്ത് പ്രതിഷേധ റാലി നടത്തിയത്.
ഫലസ്തീനിലെ ജനങ്ങള്‍ എങ്ങോട്ടും പോകില്ലെന്നും അവര്‍ ആ നാട്ടിലെ തദ്ദേശീയരാണെന്നും പ്രതിഷേധ റാലിയില്‍ പങ്കെടുത്ത ആക്ടിവിസ്റ്റുകളിലൊരാളായ മൈക്കല്‍ ഷിര്‍ട്സ്റ്റര്‍ അല്‍ജസീറയോട് പ്രതികരിച്ചു. ആളുകളെ കുടിയിറക്കുമെന്ന് പറയുന്നത് കോളനിവത്കരണത്തിന് അനുകൂലമായ മാനസികാവസ്ഥയാണെന്നും മൈക്കല്‍ ഷിര്‍ട്സ്റ്റര്‍ പറഞ്ഞു.
അമേരിക്ക ഗസ പിടിച്ചെടുത്ത് പുനര്‍നിര്‍മിക്കുമെന്നും ഗസയിലുള്ള ഫലസ്തീനികള്‍ ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകണമെന്നുമൊണ് ചൊവ്വാഴ്ച ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ട്രംപ് രണ്ടാം തവണ അധികാരത്തിലെത്തിയതിന്റെ ആദ്യ നാളുകളിലും അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു.
ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങള്‍ കാരണം ഗസ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും അവിടെയിനി മനുഷ്യവാസം സാധ്യമല്ലെന്നും ട്രംപ് പറഞ്ഞിരുന്നു. അതിനാല്‍ ഗസ മുനമ്പ് അമേരിക്ക പിടിച്ചെടുത്ത് പുനര്‍നിര്‍മിക്കുമെന്നും അവിടെ ആയിരക്കണക്കിന് തൊഴിലവസരങ്ങല്‍ സൃഷ്ടിക്കുമെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞത്. അമേരിക്ക പുനര്‍നിര്‍മിച്ച് മനോഹരമാക്കുന്ന ഗസ പശ്ചിമേഷ്യക്കാകെ അഭിമാനിക്കാവുന്ന ഒന്നായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തിരുന്നു.
ട്രംപിന്റെ ആവര്‍ത്തിച്ചുള്ള ഈ പ്രസ്താവനയെയാണ് ഇപ്പോള്‍ ഹമാസ് വിമര്‍ശിച്ചിരിക്കുന്നത്. നേരത്തെ സൗദിയും ഖത്തറും ഉള്‍പ്പടെയുള്ള രാജ്യങ്ങളും ട്രംപിന്റെ ഈ ആവശ്യത്തെ പിന്തുണക്കില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ നിര്‍ദേശം പരിഗണിക്കാവുന്നതാണെന്നാണ് ഇസ്രഈല്‍ പ്രധാനമന്ത്രി നെതന്യാഹു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
ഇസ്രഈലിന് ലഭിച്ച എക്കാലത്തെയും മികച്ച സുഹൃത്താണ് ട്രംപ് എന്നും നെതന്യാഹു പറഞ്ഞു. രണ്ടാംവരവില്‍ വൈറ്റ് ഹൗസിലെത്തിയ ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തുന്ന ആദ്യ വിദേശ പ്രതിനിധിയാണ് ഇസ്രഈല്‍ പ്രധാനമന്ത്രി നെതന്യാഹു.
CONTENT HIGHLIGHTS: Hamas Says Trump’s Statement About Gaza Capture Is Absurd; Protest in front of the White House that Gaza is not for sale