ഫലസ്തീൻ പ്രതിരോധം ശക്തവും ദൃഢവുമാണ്, ആക്രമണങ്ങൾ അവസാനിപ്പിക്കാതെ ചർച്ചയില്ല; വെടിനിർത്തലിന് തയ്യാറെന്ന ഇസ്രഈൽ നിലപാടിന് പിന്നാലെ ഹമാസ്
World News
ഫലസ്തീൻ പ്രതിരോധം ശക്തവും ദൃഢവുമാണ്, ആക്രമണങ്ങൾ അവസാനിപ്പിക്കാതെ ചർച്ചയില്ല; വെടിനിർത്തലിന് തയ്യാറെന്ന ഇസ്രഈൽ നിലപാടിന് പിന്നാലെ ഹമാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th December 2023, 4:27 pm

ഗസ: രണ്ടര മാസമായി ഗസയിൽ ഇസ്രഈൽ നടത്തുന്ന യുദ്ധക്കുറ്റങ്ങൾക്ക് ശേഷവും യുദ്ധമുഖത്തിലെ ഫലസ്തീന്റെ പ്രതിരോധം ശക്തവും ദൃഢവുമാണെന്ന് ഹമാസ് രാഷ്ട്രീയ ബ്യൂറോയുടെ മേധാവി ഇസ്മായിൽ ഹനിയെ.

ഗസയ്ക്ക് മേൽ ഇസ്രഈൽ നടത്തുന്ന കര, നാവിക, വ്യോമാക്രമണങ്ങൾ കേട്ടുകേൾവിയില്ലാത്തതാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയനുമായി ഖത്തറിൽ വച്ച് നടന്ന യോഗത്തിൽ ഹനിയെ പറഞ്ഞു.

‘ സയണിസ്റ്റ് ഭരണകൂടവും അവരുടെ കൂട്ടാളികളും കരുതിയത് പ്രതിരോധത്തെ ഈ വിധത്തിൽ ഇല്ലാതാക്കാം എന്നും അവർ വെള്ളക്കൊടി വീശാൻ നിർബന്ധിതരാകുമെന്നുമാണ്.

എന്നാൽ ഫലസ്തീന്റെ ചെറുത്തുനിൽപ്പ് യുദ്ധമുഖത്ത് അചഞ്ചലമായി നിലനിൽക്കുകയും 75 ദിവസത്തെ ഇസ്രഈൽ കുറ്റകൃത്യങ്ങൾക്കും കൂട്ടക്കൊലകൾക്കും ശേഷം സയണിസ്റ്റ് ഭരണകൂടത്തിന് വലിയ നാശങ്ങൾ ഉണ്ടാക്കുകയും ചെയ്തു,’ ഹനിയെ പറഞ്ഞു.

അതേസമയം ഇസ്രഈൽ ആക്രമണങ്ങൾ തുടരുന്നിടത്തോളം കാലം വെടിനിർത്തൽ ചർച്ചകൾ ഉണ്ടാകില്ലെന്ന് ഹനിയെ വ്യക്തമാക്കി.

സ്ത്രീകളും മുതിർന്നവരും രോഗികളും ഉൾപ്പെടെ 40 ബന്ധികളെ മോചിപ്പിക്കുന്നതിനു പകരമായി ഏഴു ദിവസത്തെ വെടിനിർത്തൽ നടത്താനുള്ള ആവശ്യം ഇസ്രഈൽ ഉന്നയിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.

ഹമാസ് ബന്ദികളാക്കിയ ഇസ്രഈലികളെ വിട്ടയക്കുന്നതിന് പകരമായി മറ്റൊരു വെടിനിർത്തൽ നടത്താൻ തയ്യാറാണെന്ന് ഇസ്രഈൽ പ്രസിഡന്റ് ഐസക് എർദോഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഗസയിലെ ആക്രമണങ്ങൾ ഇസ്രഈൽ പൂർണമായി നിർത്തലാക്കണം എന്നാണ് ഹമാസിന്റെ ആവശ്യം. എന്നാൽ ഹമാസിനെ പൂർണമായി ഇല്ലാതാക്കുന്നത് വരെ യുദ്ധം തുടരുമെന്ന് നേരത്തെ വ്യക്തമാക്കിയ ഇസ്രഈൽ നേതൃത്വത്തിന് ഹമാസിന്റെ ആവശ്യത്തോട് യോജിപ്പില്ല.

CONTENT HIGHLIGHT: Hamas says resistance stands ‘strong, resolute’ as Israel says ready for ceasefire