ഗസയിലെ വെടിനിര്‍ത്തലില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഹമാസ്; തീരുമാനം മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചു
Israel–Palestinian conflict
ഗസയിലെ വെടിനിര്‍ത്തലില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഹമാസ്; തീരുമാനം മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th July 2025, 6:42 am

ജെറുസലേം: ഗസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തലിനോട് അനുകൂലമായി പ്രതികരിച്ച് ഫലസ്തീന്‍ സായുധ സംഘടനായ ഹമാസ്. വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതില്‍ അടിയന്തിര ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഹമാസ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

തീരുമാനം മധ്യസ്ഥ രാജ്യങ്ങളായ ഖത്തറിനെയും ഈജിപ്തിനെയും അറിയിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഗസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ടുവെച്ചത്.

കഴിഞ്ഞ ദിവസം 60 ദിവസത്തെ വെടിനിര്‍ത്തര്‍ കരാറിലെ പ്രധാന വ്യവസ്ഥകള്‍ ഇസ്രഈല്‍ അംഗീകരിച്ചതായും ഇനിയുള്ള ദിവസങ്ങളില്‍ യുദ്ധ പരിഹാരത്തിനായി ചര്‍ച്ചകള്‍ നടത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഘട്ടം ഘട്ടമായി ബന്ദികളെ മോചിപ്പിക്കുക, ഗസയിലേക്കുള്ള മാനുഷിക സഹായം വര്‍ധിപ്പിക്കുക തുടങ്ങിയ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍.

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഒന്ന്, ഏഴ്, 30, 50, 60 എന്നീ ദിവസങ്ങളില്‍ ബന്ദികളുടെ മോചനം നടക്കും. ആദ്യ ദിവസം എട്ട് ബന്ദികളെയാണ് മോചിപ്പിക്കുക. തടങ്കലിലിരിക്കെ മരണപ്പെട്ട 18 ഇസ്രഈലികളുടെ മൃതദേഹങ്ങളും ഇക്കാലയളവില്‍ കൈമാറും. ബന്ദികളുടെ കൈമാറ്റം കരാര്‍ പ്രകാരം നടക്കുകയാണെങ്കില്‍, ഗസയിലേക്ക് തത്തുല്യമായ മാനുഷിക സഹായം എത്തുമെന്നാണ് വ്യവസ്ഥ.

ഐക്യരാഷ്ട്ര സംഘടനയും ഫലസ്തീന്‍ റെഡ് ക്രസന്റ് ഉള്‍പ്പെടെയുള്ള ഏജന്‍സികളാണ് മാനുഷിക സഹായം എത്തിക്കുക. കരാറിലെത്തിയാല്‍ ഗസയിലെ മുഴുവന്‍ സൈനിക നടപടികളും ഇസ്രഈല്‍ നിര്‍ത്തുമെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂടാതെ ബന്ദികളുടെ കൈമാറ്റം നടക്കുന്ന ദിവസങ്ങളില്‍ ഗസയ്ക്ക് മുകളിലൂടെയുള്ള സൈനിക, നിരീക്ഷണ വിമാന സര്‍വീസുകള്‍ ഇസ്രഈല്‍ 12 മണിക്കൂര്‍ നിര്‍ത്തിവെക്കും. ദിവസവും 10 മണിക്കൂര്‍ സമയത്തേക്കും ഇസ്രഈല്‍ സര്‍വീസ് നിര്‍ത്തും.

വെടിനിര്‍ത്തലിന്റെ ആദ്യം ദിവസം തന്നെ സ്ഥിരമായ വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കും. മധ്യസ്ഥരുടെ നേതൃത്വത്തിലായിരിക്കും ചര്‍ച്ച. ഫലസ്തീന്‍ ബന്ദികള്‍ക്കായി മുഴുവന്‍ ഇസ്രഈല്‍ ബന്ദികളെയും വിട്ടയക്കുക, ഇസ്രഈല്‍ സൈന്യത്തിന്റെ പിന്‍വാങ്ങല്‍, ഗസയിലെ ഭാവി സുരക്ഷാ ക്രമീകരണങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഈ യോഗം കൈകാര്യം ചെയ്യും.

എന്നാല്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇതുവരെ വെടിനിര്‍ത്തലില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം വെടിനിര്‍ത്തല്‍ സംബന്ധിച്ച ഹമാസിന്റെ ഔദ്യോഗിക പ്രതികരണം ഇസ്രഈലിന് ലഭിച്ചതായും പ്രതികരണം അധികൃതര്‍ വിലയിരുത്തുകയാണെന്നും ഇസ്രഈല്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

2025 മാര്‍ച്ച് 18ന് ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 400ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതോടെയാണ് രണ്ട് മാസത്തെ മുന്‍ വെടിനിര്‍ത്തല്‍ അവസാനിച്ചത്. കഴിഞ്ഞ 21 മാസമായി ഇസ്രഈല്‍ ഗസയില്‍ തുടരുകയാണ്.

Content Highlight: Hamas says it is ready for talks on Gaza ceasefire; informs mediators of decision