ഗസ: അമേരിക്ക നിര്‍ദേശിച്ച 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന്റെ ചര്‍ച്ചകള്‍ക്കായി ഇസ്രഈലിനോട് സഹകരിക്കുമെന്ന് ഹമാസ്. വെടിനിര്‍ത്തലും ബന്ദി കൈമാറ്റവും ഉള്‍പ്പെടുന്ന അമേരിക്കയുടെ നിര്‍ദേശത്തോട് ഹമാസ് പോസിറ്റീവായി പ്രതികരിച്ചതായി ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
യു.എസിന്റേയും ഇസ്രഈലിന്റേയും പിന്തുണയുള്ള ഗസയിലെ സഹായ വിതരണ സംവിധാനമായ ഗസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ജി.എച്ച്.എഫ്) നടത്തുന്ന സഹായ വിതരണ സംവിധാനം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കൂടാതെ ഇസ്രഈലി ബന്ദികളെ മോചിപ്പിക്കുന്നതിനും 18 ബന്ദികളുടെ മൃതദേഹം വിട്ടുകൊടുക്കുന്നതിനും പകരമായി ഇസ്രഈലി ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരെ വിട്ട് നല്‍കണമെന്നും ഹമാസ് ആവശ്യപ്പെട്ടതായി സൂചനകളുണ്ട്. ഗസയില്‍ ഇപ്പോഴും അമ്പത് ബന്ദികള്‍ തടവിലുണ്ട്, ഇവരില്‍ 20 പേരെങ്കിലും ജീവനോടെയുണ്ടെന്നാണ് സൂചന.
എന്നാല്‍ അമേരിക്ക മുന്നോട്ട് വെച്ച എല്ലാ വ്യവസ്ഥകളും ഹമാസ് അംഗീകരിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇസ്രഈല്‍ സര്‍ക്കാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡൊണാള്‍ഡ് ട്രംപാകട്ടെ തനിക്ക് ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും എന്നാല്‍ ഹമാസ് അനുകൂലമായി പ്രതികരിച്ചത് നല്ലതാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അടുത്താഴ്ച്ചയോടെ കരാര്‍ നിലവില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അടുത്താഴ്ച്ച ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വൈറ്റ് ഹൗസ് സന്ദര്‍ശിക്കുന്നുണ്ട്.
ഹമാസ് ആവശ്യപ്പെട്ട മറ്റൊരു ഭേദഗതി ഇസ്രഈല്‍ സൈന്യത്തെ ഗസയില്‍ നിന്ന് ഘട്ടംഘട്ടമായി പിന്‍വലിക്കുന്നതിനെക്കുറിച്ചാണെന്ന് ഒരു ഫലസ്തീന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മറ്റൊന്ന് അമേരിക്കയുടെ പിന്തുണയുള്ള സഹായവിതരണങ്ങള്‍ പിന്‍വലിച്ച്
ഐക്യരാഷ്ട്രസഭയുടെയും റെഡ് ക്രോസിന്റെയും പങ്കാളിത്തത്തോടെ ഗസയിലേക്ക് മതിയായ അളവില്‍ സഹായം ഉടനടി എത്തിക്കണമെന്നാണ്.
കൂടാതെ വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി അവസാനിച്ചാലും ഇസ്രഈല്‍ ഗസയില്‍ വ്യോമ, കര സൈനിക നടപടികള്‍ പുനരാരംഭിക്കില്ലെന്ന് അമേരിക്ക ഉറപ്പ് നല്‍കണമെന്ന് ഹമാസ് ആഗ്രഹിക്കുന്നതായും ഫലസ്തീന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയതു.