പാതിവില തട്ടിപ്പ്; പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍
Kerala
പാതിവില തട്ടിപ്പ്; പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th September 2025, 9:11 am

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിലെ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍. അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന എസ്.പി എം.ജെ സോജനെ വിജിലന്‍സിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ അന്വേഷണ സംഘത്തെ പിരിച്ചുവിട്ടത്.

അന്വേഷണത്തിന് പ്രത്യേക സംഘം വേണ്ടെന്നും ക്രൈംബ്രാഞ്ചിന്റെ അതാത് യൂണിറ്റുകള്‍ കേസ് അന്വേഷിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. കണക്കുകള്‍ അനുസരിച്ച് 500 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് കേരളത്തില്‍ നടന്നത്. കേസില്‍ 1500ഓളം പരാതികളാണ് പൊലീസിന് മുമ്പാകെയുള്ളത്.

പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട നടപടി തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. കേരളത്തിലുടനീളം ഫയല്‍ ചെയ്തിരിക്കുന്ന വിവിധ കേസുകളില്‍ ഏകോപനം കൂടാതെ അന്വേഷണമുണ്ടായാല്‍ തട്ടിപ്പിനിരയാവര്‍ക്ക് നീതി ലഭ്യമാകുന്നത് വൈകാനാണ് സാധ്യത.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 15നാണ് പാതിവില തട്ടിപ്പിനായി അഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ചത്. സായി ഗ്രാമം ട്രസ്റ്റ് ചെയര്‍മാനായ കെ.എന്‍. ആനന്ദകുമാര്‍ ആജീവനാന്ത ചെയര്‍മാനായ ട്രസ്റ്റില്‍ അഞ്ച് അംഗങ്ങളാണ് ഉണ്ടായിരുന്നത്. പ്രതികളായ അനന്തു കൃഷ്ണന്‍, ബീന സെബാസ്റ്റ്യന്‍, ഷീബ സുരേഷ്, ജയകുമാരന്‍ നായര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

തട്ടിപ്പില്‍ പങ്കില്ലെന്നും പണമിടപാട് അടക്കം എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തത് അനന്തു കൃഷ്ണനാണെന്നുമായിരുന്നു കെ.എന്‍. ആനന്ദകുമാറിന്റെ വാദം. ആനന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ കൈമാറിയെന്നും അനന്തു കൃഷ്ണന്‍ മൊഴിയും നല്‍കിയിരുന്നു.

തട്ടിപ്പില്‍ ആനന്ദ കുമാറിന് നിര്‍ണായ പങ്കുണ്ടെന്നായിരുന്നു ഒന്നാം പ്രതിയായ അനന്തു കൃഷ്ണന്റെ മൊഴി. സി.എസ്.ആര്‍ ഫണ്ട് വാങ്ങാനായി രൂപീകരിച്ച കോണ്‍ഫഡറേഷന്‍ ഓഫ് എന്‍.ജി.ഒ എന്ന സംഘടനയുടെ പ്രസിഡന്റെന്ന നിലയില്‍ ആനന്ദ് കുമാറിനെ എല്ലാ മാസവും പ്രതിഫലവും ലഭിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കണ്ണൂര്‍ സീഡ് സൊസൈറ്റിയിലെ വനിത അംഗങ്ങള്‍ക്ക് സി.എസ്.ആര്‍ ഫണ്ടുപയോഗിച്ച് 50 ശതമാനം നിരക്കില്‍ ഇരുചക്ര വാഹനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2,96,40,000 രൂപ തട്ടിയെടുത്തെന്നാണ് പൊലീസ് കേസ്.

Content Highlight: Half-price scam: Government disbands special investigation team