എഡിറ്റര്‍
എഡിറ്റര്‍
അവളാണ് എന്റെ ജീവിതം; മതംമാറ്റ വിവാഹത്തെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല; എന്നാല്‍ ഇതില്‍ നിഗൂഢതകളുണ്ട്; ഹാദിയയുടെ പിതാവ് അശോകന്‍
എഡിറ്റര്‍
Wednesday 27th September 2017 1:02pm

കൊച്ചി: ഹാദിയയുടെ കേസില്‍ എന്‍.ഐ.എ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് ഹാദിയയുടെ പിതാവ് കെ.എം അശോകന്‍. കോടതി പറയുന്നത് എന്താണോ അത് അനുസരിക്കാന്‍ താന്‍ തയ്യാറാണെന്നും അശോകന്‍ പറയുന്നു.

എന്‍.ഐ.എ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ അത് വായിക്കാനുള്ള അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. അതിന് ശേഷം അത് എന്റെ മകളെ കൂടി വായിച്ചുകേള്‍പ്പിക്കണം. അച്ഛനെന്ന നിലയിലുള്ള കടമ തനിക്ക് നിറവേറ്റേണ്ടതുണ്ടെന്നും അശോകന്‍ പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Dont Miss ചാനല്‍ ചര്‍ച്ചക്കിടെ അതിഥി എന്‍.ഡി.ടിവിയുടെ പേര് പറഞ്ഞപ്പോള്‍ ചിരിയടക്കാനാവാതെ അര്‍ണബ്; കോമാളിയാകരുതെന്ന് വിമര്‍ശനം


എന്‍.ഐ.എ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് വായിക്കുന്നതിലൂടെ ഇസ്‌ലാമിലേക്ക് മതം മാറുക വഴി താന്‍ തിരഞ്ഞെടുത്തത് അപകടം പിടിച്ച വഴിയാണെന്ന് മകള്‍ക്ക് മനസിലാകുമെന്നാണ് കരുതുന്നതെന്നും അശോകന്‍ പറയുന്നു.

വിവാദങ്ങള്‍ ഉടലെടുത്ത സമയത്ത് തന്റെ വേദനയും ഒറ്റപ്പെടലും എത്രത്തോളമുണ്ടായിരുന്നെന്ന് വിവരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്നും തന്നെ ഒരു ഇടുങ്ങിയ ചിന്താഗതിക്കാരനായാണ് പലരും ആ സമയങ്ങളില്‍ കണ്ടതെന്നും അശോകന്‍ പറയുന്നു.

‘ഞാന്‍ ഒരു നിരീശ്വരവാദിയാണ്. എന്റെ മകളാണ് എന്റെ ജീവിതം, എന്റെ സമ്പത്ത്. മറ്റൊരു മതത്തില്‍പ്പെട്ട ആളെ വിവാഹം ചെയ്താല്‍ പോലും ഞാന്‍ സന്തോഷത്തോടെ അത് അംഗീകരിക്കുമായിരുന്നു. മതംമാറ്റം പോലും എന്നെ സംബന്ധിച്ച് വലിയ പ്രശ്‌നമായിരുന്നില്ല. എന്നാല്‍ ഇതില്‍ പല നിഗൂഢതകളുമുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ ചില അജണ്ടകളാണ് ഇതിന് പിന്നില്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ നേതാവായ സൈനബ ഹാദിയയെ വിശ്വസിപ്പിച്ചിരിക്കുന്നത് ആര്‍.എസ്.എസുകാരുടെ സഹായത്തോടയാണ് ഞാന്‍ അവളെ തട്ടിയെടുത്തത് എന്നാണ്. എന്റെ മകളെ സംരക്ഷിക്കേണ്ട കാര്യം സൈനബയ്ക്ക് ഇല്ല. സൈബനയുടെ ഫോണ്‍ കണ്ടുകെട്ടിയിട്ടുണ്ട്. ഒരൊറ്റ ദിവസം കൊണ്ട് വിവാഹം വരെ നടത്തിയ അവരുടെ നടപടിയില്‍ കോടതി വരെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.


Dont Miss ‘149 ഇന്ത്യന്‍ തടവുകാരുടെ മോചനം കേന്ദ്രത്തെ ഞെട്ടിച്ച പിണറായിയുടെ നയതന്ത്രം’; ക്രഡിറ്റ് തട്ടിയെടുക്കാന്‍ നോക്കേണ്ടെന്ന് സുഷമ സ്വരാജിനോട് സോഷ്യല്‍ മീഡിയ


19 വര്‍ഷമായി സൈന്യത്തില്‍ സേവനമനുഷ്ഠിച്ച വ്യക്തിയാണ് ഞാന്‍. 19 ാമത്തെ വയസിലാണ് സൈന്യത്തില്‍ ചേര്‍ന്നത്. ഭരണഘടനയേയും ജുഡീഷ്യറിയേയും ഞാന്‍ ബഹുമാനിക്കുന്നു, അവയില്‍ എനിക്ക് വലിയ വിശ്വാസവും ഉണ്ട്. – അശോകന്‍ പറയുന്നു.

അതേസമയം ഹിന്ദുമതത്തിലേക്ക് മാറാന്‍ തയ്യാറാണെന്ന് ഹാദിയ പറഞ്ഞതായുള്ള വാര്‍ത്തകള്‍ അശോകന്‍ നിഷേധിച്ചു. അവളില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് അശോകന്‍ പറയുന്നത്. എന്നാല്‍ ഹാദിയയെ ഹിന്ദുമതത്തിലേക്ക് തന്നെ മടക്കിക്കൊണ്ടുവരാനായി കൊച്ചിയിലെ ആര്‍ഷ വൈദ്യ സമാജത്തിന്റെ സഹായം തേടിയിരുന്നെന്ന കാര്യം അശോകന്‍ അഭിമുഖത്തില്‍ സ്ഥിരീകരിക്കുന്നുണ്ട്.

സമാജത്തിലെ ഒരു വളണ്ടിയര്‍ ഹാദിയയുമായി സംസാരിച്ചിരുന്നു. സമാജത്തിന്റെ സഹായത്തോടെ മതംമാറിയ രണ്ട് കുട്ടികളില്‍ ഒരാള്‍ ഹിന്ദുമതത്തിലേക്ക് തന്നെ തിരിച്ചെത്തിയെന്ന വാര്‍ത്ത അറിഞ്ഞു. താന്‍ അതിനെ സ്വാഗതം ചെയ്യുന്നു. ആതിരയമായി സംസാരിക്കുന്നതിലൂടെ ഇതിന്റെ അപകടത്തെ കുറിച്ച് മകള്‍ക്ക് മനസിലാകുമെന്നാണ് കരുതുന്നതെന്നും അശോകന്‍ അഭിമുഖത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു.

‘ഞാനൊരു യുക്തിവാദിയായിരുന്നെങ്കിലും ഹാദിയയേയും അവളുടെ അമ്മയുടേയും ക്ഷേത്രദര്‍ശനങ്ങളെയും വിശ്വാസത്തേയും പിന്തുണച്ചിരുന്നു. എന്നാല്‍ പിന്നീട് മകള്‍ യുക്തിരഹിതമായ രീതിയില്‍ സംസാരിക്കുന്നത് തന്നില്‍ ഞെട്ടലുണ്ടാക്കി. ഇതിന് പിന്നാലെയാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. തലയില്‍ തട്ടമിട്ടാണ് സേലത്തെ കോളേജില്‍ അവള്‍ എത്തിയിരുന്നത് എന്നും അവള്‍ സത്യസരണിയില്‍ പോവാറുണ്ടെന്നും അറിഞ്ഞപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി.

2016 ജനുവരിയിയിലാണ് ഞാന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുന്നത്. അവള്‍ അന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ കസ്റ്റഡിയിലായിരുന്നു. രക്ഷിതാക്കളുമായി സംസാരിക്കാനുള്ള അനുവാദം അവള്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ എന്റെ പരാതിയെ തുടര്‍ന്ന് അവളെ കോടതിക്ക് മുന്നില്‍ ഹാജരാക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. എന്നാല്‍ അവള്‍ ഞങ്ങള്‍ക്കൊപ്പം വരാന്‍ തയ്യാറായില്ല. -അശോകന്‍ പറയുന്നു.

സിറിയയിലേക്ക് പോകാന്‍ തയ്യാറായിരുന്നെന്നും എന്നാല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം പോകാമെന്ന സുഹൃത്തുക്കളുടെ നിര്‍ദേശത്തിന് പിന്നാലെ തീരുമാനം മാറ്റുകയായിരുന്നെന്നും ഹാദിയ തന്നോട് പറഞ്ഞിരുന്നതായും അശോകന്‍ അഭിമുഖത്തില്‍ പറയുന്നു

‘അഖില എന്റെ ഒറ്റമകളാണ്. അവള്‍ക്ക് ഏറ്റവും മികച്ചത് നല്‍കണമെന്ന ആഗ്രഹമായിരുന്നു ഞങ്ങള്‍ക്ക്. ഒരു കുഞ്ഞ് മാത്രം മതിയെന്ന് തീരുമാനം പോലും അതുകൊണ്ടായിരുന്നു. ഹോമിയോപ്പതി പഠനത്തിനായി സുഹൃത്തുക്കളെല്ലാം ലോണ്‍ എടുത്തപ്പോള്‍ ഞാന്‍ മൊത്തം തുകയും നല്‍കിയാണ് അവളെ കോഴ്‌സിന് ചേര്‍ത്തത്. -അശോകന്‍ പറയുന്നു.

ബി.ജെ.പിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് ആര് സഹായം നീട്ടിയാലും താന്‍ അത് സ്വീകരിക്കുമെന്നായിരുന്നു അശോകന്റെ മറുപടി. തന്റെ സ്വന്തം പാര്‍ട്ടിയായ സി.പി.ഐ പോലും ഇതുവരെ ഈ കേസില്‍ സഹായിച്ചിട്ടില്ല. എന്നാല്‍ മറ്റു ചിലര്‍ സംസാരിച്ചു. അഭിഭാഷകര്‍, മറ്റ് രാഷ്ട്രീയപാര്‍ട്ടിയിലെ നേതാക്കള്‍, എന്നാല്‍ ബി.ജെ.പിയും ആര്‍.എസ്.എസുകാരുമായിരിക്കും കൂടുതലും സഹായിച്ചത്. എന്നാല്‍ അതൊന്നും എന്നെ ഒരു ബി.ജെ.പിക്കാരനാക്കില്ല ഞാന്‍ ആശയറ്റ ഒരു പിതാവാണ്. ആരില്‍ നിന്നും സഹായം സ്വീകരിക്കും.

മകളുമായി ഇപ്പോള്‍ അധികം സംസാരിക്കാറില്ല. അമ്മയുമായി അവള്‍ സംസാരിക്കും. സ്വന്തം പ്രവൃത്തിയിലൂടെ എന്നെ പരാജയപ്പെടുത്താമെന്നാണ് അവള്‍ കരുതുന്നത്. എന്നാല്‍ അവസാന കോടതി വിധി വരുന്നതുവരെ ഞാന്‍ ജീവനോടെയുണ്ടാകും. എന്റെ മകള്‍ തിരിച്ചുവരുമെന്ന് പൂര്‍ണമായും ഉറപ്പുണ്ട്- അശോകന്‍ പറയുന്നു.

Advertisement