എഡിറ്റര്‍
എഡിറ്റര്‍
‘149 ഇന്ത്യന്‍ തടവുകാരുടെ മോചനം കേന്ദ്രത്തെ ഞെട്ടിച്ച പിണറായിയുടെ നയതന്ത്രം’; ക്രഡിറ്റ് തട്ടിയെടുക്കാന്‍ നോക്കേണ്ടെന്ന് സുഷമ സ്വരാജിനോട് സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Wednesday 27th September 2017 8:40am


ന്യൂദല്‍ഹി: വിവിധ കേസുകളില്‍പ്പെട്ട് ഷാര്‍ജ ജയിലില്‍ കഴിയുന്ന 149 ഇന്ത്യക്കാരെ മോചിതരാക്കാനുള്ള ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖസിമിയുടെ നടപടിയെ സ്വാഗതം ചെയ്ത കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ട്വീറ്റ് ക്രെഡിറ്റ് തട്ടിയടുക്കാനാണെന്ന് സോഷ്യല്‍ മീഡിയ. മുഖ്യമന്ത്രി പിണറായി വിജയന്റെ അപേക്ഷപ്രകാരമാണ് ഷാര്‍ജ ഭരണാധികാരിയുടെ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങളുടെ വാര്‍ത്തയടക്കം പോസ്റ്റ് ചെയ്താണ് സുഷമയുടെ ട്വീറ്റിന് താഴെ കമന്റുകള്‍ നിറയുന്നത്.

കേരളസന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരം ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുളള കേസുകളില്‍പ്പെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ ഇന്ത്യക്കാരെയും മോചിപ്പിക്കാമെന്ന് ഷാര്‍ജ ഭരണാധികാരി അറിയിച്ചിരുന്നു. ഈ പ്രഖ്യാപനത്തോടെ ഷാര്‍ജ ജയിലില്‍ കഴിയുന്ന 149 തടവുകാരുടെ മോചനമാണ് യാഥാര്‍ത്ഥ്യമാവുക. സാമ്പത്തിക ക്രമക്കേടുകളിലും നിസ്സാരമായ കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടവരാണ് ഇവര്‍.


Also Read: സൗദിയില്‍ സ്ത്രീകള്‍ക്കും വാഹനമോടിക്കും: ഉത്തരവുമായി സല്‍മാന്‍ രാജാവ്


എന്നാല്‍ ഷാര്‍ജാ ഭരണാധികാരിയുടെ തീരുമാനത്തിനു പിന്നില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് ട്വീറ്റിനു താഴെ വരുന്ന കമന്റുകള്‍. ഉത്തരവിന്റെ ക്രെഡിറ്റ് തട്ടിയെടുക്കുന്നതിനെ കുമ്മനഫൈ പ്രതിഭാസാമാണെന്നാണ് സുഷമയുടെ ട്വീറ്റിനുള്ളിലെ ഒരാളുടെ കമന്റ്. കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ച കേരള മുഖ്യമന്ത്രിയുടെ നയതന്ത്രമെന്നും ചിലരുടെ കമന്റുകളുണ്ട്.

നേരത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ചര്‍ച്ചകളില്‍ ഐ.ടി, ആയുര്‍വേദം, മെഡിക്കല്‍ ടൂറിസം തുടങ്ങിയ പദ്ധതികളില്‍ കേരളവുമായി സഹകരണത്തിന് ഷാര്‍ജ ഭരണാധികാരി സാധ്യത ആരാഞ്ഞിരുന്നു. കേരളത്തില്‍ അറബി പഠനത്തിനും ഗവേഷണത്തിനുമുളള ഉന്നതവിദ്യാഭ്യാസ കേന്ദ്രം ഷാര്‍ജ സ്ഥാപിക്കുമെന്ന് ചര്‍ച്ചയില്‍ ശൈഖ് സുല്‍ത്താന്‍ പ്രഖ്യാപിച്ചു. വിദേശത്ത് ജോലി തേടുന്ന കേരളത്തിലെ യുവജനങ്ങളുടെ തൊഴില്‍പരമായ കഴിവും വൈദ്ഗധ്യവും വര്‍ധിപ്പിക്കുന്നതിന്, പ്രത്യേകിച്ച് നഴ്സിംഗ് മേഖലയില്‍, നൈപുണ്യവികസന കേന്ദ്രങ്ങളുടെ ശൃംഖലയുണ്ടാക്കണമെന്ന ആശയം ശൈഖ് സുല്‍ത്താന്‍ തന്നെ മുന്നോട്ടുവെച്ചു.

 

Advertisement