'ആർ.എസ്.എസ് ഗോത്രവർഗക്കാരെ മതപരിവർത്തനം ചെയ്തില്ലായിരുന്നുവെങ്കിൽ അവർ ദേശവിരുദ്ധരായി മാറുമായിരുന്നുവെന്ന് പ്രണബ് മുഖർജി പറഞ്ഞു: അവകാശവാദവുമായി മോഹൻ ഭഗവത്
national news
'ആർ.എസ്.എസ് ഗോത്രവർഗക്കാരെ മതപരിവർത്തനം ചെയ്തില്ലായിരുന്നുവെങ്കിൽ അവർ ദേശവിരുദ്ധരായി മാറുമായിരുന്നുവെന്ന് പ്രണബ് മുഖർജി പറഞ്ഞു: അവകാശവാദവുമായി മോഹൻ ഭഗവത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th January 2025, 4:24 pm

ന്യൂദൽഹി: ഇന്ത്യയിലെ ആദിവാസി സമൂഹങ്ങളെ മതപരിവർത്തനം ചെയ്യാൻ ഹിന്ദുത്വ സംഘടന ശ്രമിച്ചിരുന്നില്ലെങ്കിൽ അവർ ദേശവിരുദ്ധരാകുമായിരുന്നുവെന്ന് അന്തരിച്ച മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി തന്നോട് പറഞ്ഞെന്ന വാദവുമായി രാഷ്ട്രീയ സ്വയംസേവക് സംഘ് മേധാവി മോഹൻ ഭഗവത്.

പ്രണബ് മുഖർജി ഒരു സ്വകാര്യ കൂടിക്കാഴ്ചയിൽ തന്നോട് പറഞ്ഞതാണിതെന്ന് ഭഗവത് അവകാശപ്പെട്ടു. അതേ സമയം മോഹൻ ഭഗവതും 2020ൽ അന്തരിച്ച പ്രണബ് മുഖർജിയും തമ്മിൽ അത്തരമൊരു സംഭാഷണം നടന്നതിന് പൊതു രേഖകളൊന്നുമില്ല.

രാഷ്ട്രപതി ഭവനിൽ മുഖർജിയെ കാണാൻ പോയപ്പോൾ പാർലമെൻ്റിൽ ഘർ വാപ്സി വിഷയത്തിൽ ചർച്ചകൾ നടന്നിരുന്നുവെന്ന് ഇൻഡോറിലെ ഒരു പരിപാടിയിൽ ഭഗവത് പറഞ്ഞു.

‘ഘർ വാപ്സി’ എന്നത് (വീട്ടിലേക്ക് മടങ്ങുക) ഇസ്‌ലാം മതത്തിൽ നിന്നും ക്രിസ്തുമതത്തിൽ നിന്നും ഇന്ത്യയിലെ മറ്റ് ഇതര മതങ്ങളിൽ നിന്നും ഹിന്ദുമതത്തിലേക്കുള്ള മതപരിവർത്തനത്തിനുള്ള സംഘപരിവാർ നേതൃത്വത്തിലുള്ള പരിപാടിയാണ്.

എല്ലാ ഇന്ത്യക്കാരും യഥാർത്ഥത്തിൽ ഹിന്ദുക്കളായിരുന്നുവെന്നും അതിനാൽ ഈ മതപരിവർത്തനം അനിവാര്യമാനിന്നും അതൊരു തിരിച്ചുവരവാണെന്നുമാണ് ഘർ വാപ്സി അർത്ഥമാക്കുന്നത് എന്നാണ് സംഘപരിവാറിന്റെ വാദം.

5000 വർഷത്തെ നാഗരിക ചരിത്രത്തിൻ്റെ ഭാഗമായതിനാൽ ലോകം ഇന്ത്യയെ മതേതരത്വം പഠിപ്പിക്കേണ്ട ആവശ്യകതയില്ല എന്ന് പ്രണബ് മുഖർജി പറഞ്ഞതായി മോഹൻ ഭഗവത് പറഞ്ഞു.

‘ഡോക്ടർ പ്രണബ് മുഖർജിയെ ഞാൻ ആദ്യമായി കാണാൻ പോകുമ്പോൾ രാഷ്ട്രപതിയായിരുന്നു. ഘർ വാപ്സി വിഷയത്തിൽ പാർലമെൻ്റിൽഅന്ന് വലിയ ബഹളം നടന്നിരുന്നു. പ്രണബ് മുഖർജി പലതും ചോദിക്കും, ഉത്തരം പറയണം എന്ന് കരുതി ഞാൻ ഒരുങ്ങി പോയി.

എന്നാൽ അദ്ദേഹം പറഞ്ഞത് മറ്റൊന്നാണ്. നിങ്ങൾ പലരെയും തിരികെ കൊണ്ടുവന്നു. ഇന്ത്യയിലെ ആദിവാസി സമൂഹങ്ങളെ മതപരിവർത്തനം ചെയ്യാൻ ഹിന്ദുത്വ സംഘടന ശ്രമിച്ചിരുന്നില്ലെങ്കിൽ അവർ ദേശവിരുദ്ധരാകുമായിരുന്നു. മതേതരത്വം ഇന്ത്യയുടെ 5000 വർഷത്തെ നാഗരിക ചരിത്രത്തിൻ്റെ ഭാഗമായതിനാൽ ലോകം ഇന്ത്യയെ മതേതരത്വം പഠിപ്പിക്കേണ്ട ആവശ്യകതയില്ല എന്നും അദ്ദേഹം പറഞ്ഞു,’ മോഹൻ ഭഗവത് പറഞ്ഞു.

2018ൽ മുഖർജി ആർ.എസ്.എസിന്റെ വിജയ ദശമി പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ഒരു മതത്തിൻ്റെയോ ഭാഷയുടെയോ പ്രദേശത്തിൻ്റെയോ അടിസ്ഥാനത്തിൽ ദേശീയതയെ നിർവചിക്കാൻ കഴിയില്ലെന്ന് നാഗ്പൂർ പ്രസംഗത്തിൽ അദ്ദേഹം ആർ.എസ്.എസിനോട് പറഞ്ഞതായി ദി വയറിലെ ഒരു ലേഖനം രേഖപ്പെടുത്തിയിരുന്നു.

Content Highlight: ‘Had RSS Not Converted Tribal People, They Would Have Become Anti-National’: Mohan Bhagwat Puts Words in Late President’s Mouth