ചെന്നൈ: തമിഴ്‌നാട്ടിലെ ഹയര്‍സെക്കന്ററി സ്‌കൂളില്‍ അനുമതിയില്ലാതെ ഗുരു പൂജയും ശാഖയും നടത്തിയ സംഭവത്തില്‍ 47 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ചെന്നൈ പൊരൂര്‍ പൊലീസാണ് നടപടിയെടുത്തതെന്ന് ഇന്‍ഡ്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
ചെന്നൈക്ക് സമീപം പൊരൂരിലെ അയ്യപ്പന്‍തങ്കല്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് സംഭവം. അനുമതി വാങ്ങാതെ വ്യാഴാഴ്ചയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സ്‌കൂളില്‍ പ്രത്യേക ശാഖ പ്രവര്‍ത്തനം നടത്തിയത്.
ഇതിന് പിന്നാലെ പൊലീസ് നടപടിയെടുക്കുകയായിരുന്നെന്ന് ഹിന്ദുസ്ഥാന്‍ ടൈസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാവായ തമിഴിസൈ സൗന്ദരരാജന്‍ രംഗത്തെത്തി. വര്‍ഷങ്ങളായി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ശാഖയുള്‍പ്പടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കാറുള്ളത് ഇതേ സ്‌കൂള്‍ ഗ്രൗണ്ടിലാണെന്ന് തമിലിസൈ അവകാശപ്പെട്ടു.
ആര്‍.എസ്.എസ് സംഘടനയുടെ നൂറാം വാര്‍ഷിക ദിനമായ വിജയദശമി ദിനത്തിലാണ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേക ശാഖ പരിശീലനം നടത്തിയത്.
ദിവസവും നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളോട് കണ്ണടക്കുന്ന തമിഴ്‌നാട്ടിലെ എം.കെ സ്റ്റാലിന്‍ സര്‍ക്കാര്‍ ആത്മീയവും ദേശസ്‌നേഹവും സാംസ്‌കാരികവുമായ പരിപാടികള്‍ വെട്ടിക്കുറക്കുകയാണെന്ന് തമിഴിസൈ വിമര്‍ശിച്ചു.