ഗുരുദാസ്പൂര്‍: പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലീഡ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ഝാക്കര്‍ ഒരുലക്ഷം വോട്ടിന് മുന്നിലാണ്.
ബി.ജെ.പി സ്ഥാനാര്‍ത്ഥി സ്വരണ്‍ സലാറിയയാണ് രണ്ടാം സ്ഥാനത്ത്. പഞ്ചാബിലെ പ്രധാന പ്രതിപക്ഷമായ എ.എ.പി മൂന്നാം സ്ഥാനത്താണ്.
ബോളിവുഡ് താരവും ബി.ജെ.പി എം.പിയായ വിനോദ് ഖന്നയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
56% പോളിങ് ആണ് രേഖപ്പെടുത്തിയത്. ഒമ്പതു നിയസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാാണ് ഗുരുദാസ് പൂര്‍ ലോഗക്‌സഭാ സീറ്റ്. ഭോവ, പത്താന്‍കോട്ട്, ഗുരുദാസ്പൂര്‍, ദിനനഗര്‍, ഖ്വാദിയന്‍, ഫത്തേഘര്‍ ചുരിയന്‍, ദേര ബാബ നാനാക്, സുജന്‍പൂര്‍, ബടാല എന്നിവയുള്‍പ്പെടുന്നതാണ് ഗുരുദാസ്പൂര്‍ ലോക്‌സഭാ മണ്ഡലം.
Must Read: വേങ്ങരയില്‍ ബി.ജെ.പി നാലാമത്: മൂന്നാം സ്ഥാനത്തെത്തിയത് എസ്.ഡി.പി.ഐ
ആറുമാസം പ്രായമായ പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ വിലയിരുത്തല്‍ എന്ന രീതിയിലാണ് ഗുരുദാസ്പൂര്‍ തെരഞ്ഞെടുപ്പ് പരിഗണിക്കപ്പെട്ടത്. മോദി സര്‍ക്കാറിനുമേലുള്ള ഹിതപരിശോധനയാവും ഈ ഉപതെരഞ്ഞെടുപ്പ് എന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ഝാക്കര്‍ നേരത്തെ അഭിപ്രായപ്പെട്ടത്.
വിനോദ് ഖന്ന ബി.ജെ.പി ടിക്കറ്റില്‍ നാലുതവണ വിജയിച്ച ഈ മണ്ഡലം നിലനിര്‍ത്തുമെന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം.
ഒക്ടോബര്‍ 11നാണ് ഗുരുദാസ്പൂരില്‍ വോട്ടെടുപ്പ് നടന്നത്. 2017ലെ നിയസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ പോളിങ് കുറവായിരുന്നു ഇത്തവണ രേഖപ്പെടുത്തിയത്.
