ഗാന്ധിനഗർ: ഗുജറാത്തിൽ ആദിവാസി യുവതിയെ വിവസ്ത്രയാക്കി മോട്ടോർ സൈക്കിളിൽ വലിച്ചിഴച്ചു. സംഭവത്തിൽ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ സഞ്ജേലി താലൂക്കിലാണ് സംഭവം. 35 കാരിയായ ആദിവാസി യുവതിയെ ഒരു കൂട്ടം ആളുകൾ അതി ക്രൂരമായി ആക്രമിക്കുകയും വിവസ്ത്രയാക്കി റോഡിലൂടെ പരേഡ് ചെയ്യുകയും 800 മീറ്ററോളം ദൂരത്തേക്ക് ബൈക്കിൽ വലിച്ചിഴക്കുകയും ചെയ്തു.
ജനുവരി 28ന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. സോഷ്യൽ മീഡിയയിൽ ആക്രമണത്തിൻ്റെ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവരം പുറം ലോകം അറിഞ്ഞത്.
വിവാഹേതര ബന്ധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു യുവതി ആക്രമണത്തിന് ഇരയായത്. യുവതിയുടെ ഭർത്താവിന്റെ നേതൃത്ത്വത്തിലുള്ള ഒരുകൂട്ടം ആളുകളാണ് കുറ്റകൃത്യം നടത്തിയത്. ആളുകൾ യുവതിയെ നഗ്നയാക്കുകയും ഗ്രാമത്തിലെ റോഡിൽ വെച്ച് ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്തു.
ആൾക്കൂട്ടത്തിൽ ചിലർ മുളവടികളുമായി സ്ത്രീയെ മോട്ടോർ സൈക്കിളിൽ കെട്ടിയിട്ട് ഗ്രാമത്തിലൂടെ വലിച്ചിഴയ്ക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. അതുവഴി പോയ ഒരു സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസിന്റെ ഡ്രൈവറോട് തന്നെ രക്ഷിക്കൂ എന്ന് ആദിവാസി സ്ത്രീ നിലവിളിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കേൾക്കാം .
വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പോലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തിൽ നാല് പുരുഷന്മാരും നാല് സ്ത്രീകളും നാല് പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്തവർക്കെതിരെയുള്ള നടപടികൾ ജുവനൈൽ ജസ്റ്റിസ് ബോർഡ് കൈക്കൊള്ളുന്നുണ്ട്.
മറ്റ് പ്രതികൾക്കെതിരെ ഭാരതീയ ന്യായ് സംഹിത (ബി.എൻ.എസ്) 11, ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് എന്നിവ പ്രകാരം തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടവിൽ വയ്ക്കൽ, സ്ത്രീയെ അപമാനിക്കൽ , തുടങ്ങിയവക്ക് കേസ് എടുത്തിട്ടുണ്ട്.
ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ ഗാന്ധിനഗറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കുറ്റവാളികൾക്കായി നടപടികൾ പുരോഗമിക്കുകയാണെന്ന് പറഞ്ഞു.
ആൾക്കൂട്ട ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ച് കോൺഗ്രസിൻ്റെയും ആം ആദ്മി പാർട്ടിയുടെയും പ്രതിപക്ഷ നേതാക്കൾ ഭരണകക്ഷിയായ ബി.ജെ.പി സർക്കാരിനെ വിമർശിച്ചു.