അഹമ്മദാബാദ്: വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് പകരം അധ്യാപകര്‍ ക്ഷേത്രത്തില്‍ ഭക്ഷണം വിളമ്പണമെന്ന ഉത്തരവ് പിന്‍വലിച്ച് ഗുജറാത്ത് കളക്ടര്‍. ഉത്തരവിനെതിരായ രൂക്ഷവിമര്‍ശനമാണ് തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിതരാക്കിയത്.
ഉദ്യോഗസ്ഥർക്ക് തെറ്റുപറ്റിയെന്ന് ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി കുബേര്‍ ഡിന്‍ഡോര്‍ സമ്മതിച്ചു. തെരഞ്ഞെടുപ്പ്, വോട്ടര്‍ പട്ടിക പരിഷ്‌കരണം പോലുള്ള ചുമതലകള്‍ മാത്രമേ അധ്യാപര്‍ക്ക് നല്‍കാവൂ എന്ന് പറഞ്ഞ മന്ത്രി, ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയതായും പ്രതികരിച്ചു.
ഉത്തരവ് തികച്ചും അനുചിതമാണെന്ന് വിദ്യാഭ്യാസ സഹമന്ത്രി പ്രഫുല്‍ പന്‍സേരിയയും പറഞ്ഞു. ഉന്നതരെ സേവിക്കുന്നതിനുപകരം വിദ്യാര്‍ത്ഥികളുടെ ഭാവി രൂപപ്പെടുത്തുന്നതിലാണ് അധ്യാപകര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും പ്രഫുല്‍ പന്‍സേരിയ ചൂണ്ടിക്കാട്ടി.
രാജ്‌കോട്ട് ജില്ലയിലെ 48 സ്‌കൂള്‍ അധ്യാപകരോടാണ് ക്ഷേത്രത്തില്‍ ഭക്ഷണം വിളമ്പണമെന്ന് ഉത്തരവിട്ടത്. ശ്രാവണ മാസത്തോട് അനുബന്ധിച്ച് രാജ്കോട്ടിലെ ഗേല സോമനാഥ് ക്ഷേത്രത്തില്‍ നടക്കാനിരിക്കുന്ന ഉത്സവത്തില്‍ ഭക്ഷണം വിളമ്പാനാണ് അധ്യാപകര്‍ക്ക് നിര്‍ദേശം ലഭിച്ചത്.
ജസ്ദാന്‍ ഡെപ്യൂട്ടി കളക്ടറാണ് പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചത്.
ജസ്ദാനില്‍ പ്രവര്‍ത്തിക്കുന്ന പത്തിലധികം വരുന്ന സ്‌കൂളുകളിലെ പ്രൈമറി അധ്യാപകരെ ലക്ഷ്യമിട്ടായിരുന്നു കളക്ടറുടെ ഉത്തരവ്. ക്ഷേത്രത്തിലെത്തുന്ന വി.വി.ഐ.പികള്‍ക്ക് ഭക്ഷണം നല്‍കണമെന്നായിരുന്നു ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ സംഘടനകള്‍ രംഗത്ത് എത്തിയതോടെ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി.
കളക്ടറുടെ വിവാദ ഉത്തരവിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ തുടരുന്ന അധ്യാപകരുടെ ക്ഷാമവും ചര്‍ച്ചയായിട്ടുണ്ട്. 12,500 അധ്യാപകരുടെയും 700 പ്രിന്‍സിപ്പല്‍മാരുടെയും ഒഴിവാണ് ഗുജറാത്തിൽ നിലനില്‍ക്കുന്നതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് 7,000 സെക്കന്‍ഡറി, 5,500 ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ കുറവുണ്ടെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസും പറയുന്നത്.
Content Highlight: Gujarat government withdraws order requiring teachers to serve food to VVIPs at temple