പര്‍ദ ധരിച്ചവരെ ഭീകരവാദികളാക്കി ഗുജറാത്തിലെ സ്‌കൂളില്‍ നാടകം
India
പര്‍ദ ധരിച്ചവരെ ഭീകരവാദികളാക്കി ഗുജറാത്തിലെ സ്‌കൂളില്‍ നാടകം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th August 2025, 7:48 pm

അഹമ്മദാബാദ്: ഗുജറാത്തില്‍ പര്‍ദ ധരിച്ചവരെ ഭീകരവാദികളാക്കി ചിത്രീകരിച്ച് സ്‌കൂള്‍ നാടകം. ഓപ്പറേഷന്‍ സിന്ദൂര്‍ പ്രമേയമാക്കി അവതരിപ്പിച്ച നാടകത്തിലാണ് പര്‍ദ ധരിച്ചവരെ ഭീകരവാദികളാക്കി ചിത്രീകരിച്ചത്. ഭാവ്‌നഗറിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.

എ.പി.ജെ അബ്ദുള്‍കലാമിന്റെ പേരിലുള്ള കുംഭര്‍വാഡയിലെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സ്‌കൂളില്‍ സ്വാതന്ത്ര്യദിന പരിപാടിക്കിടെയാണ് വിവാദ നാടകം അവതരിപ്പിച്ചത്. സംഭവത്തില്‍ ഭാവ്‌നഗര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സ്‌കൂള്‍ ബോര്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുഞ്ജല്‍ ബദ്മാലിയയ്ക്ക് നോട്ടീസ് അയച്ചു.

ഇന്നലെ (ചൊവ്വ)യാണ് നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. സാമൂഹിക സംഘടനായ ബന്ധാരന്‍ ബച്ചാവ് സമിതിയുടെ പരാതിയെ തുടര്‍ന്നാണ് ഡി.ഇ.ഒ ഹിതേന്ദ്രസിങ് ഡി. പധേരിയ സ്‌കൂള്‍ അധികൃതര്‍ക്ക് നോട്ടീസ് അയച്ചത്.

നാടകം മുസ്‌ലിങ്ങളെ ഭീകരവാദികളാക്കി ചിത്രീകരിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടന പരാതിപ്പെട്ടത്. നാടകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സ്‌കൂള്‍ അധികൃതര്‍ മനപൂര്‍വം മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചതാണെന്നും പരാതിയില്‍ പറയുന്നു.

നാടകത്തില്‍ മുസ്‌ലിം പെണ്‍കുട്ടികളെയും സമൂഹത്തെയും വ്യക്തമായ രീതിയില്‍ ഭീകരവാദികളാക്കി ചിത്രീകരിച്ചിട്ടുണ്ടെന്ന് ബന്ധാരന്‍ ബച്ചാവ് സമിതി പ്രസിഡന്റ് ജെഹുര്‍ഭായ് ഹുസൈന്‍ഭായ് ജെജ ചൂണ്ടിക്കാട്ടി.


നിലവില്‍ വിവാദ നാടകത്തിന്റെ ഏതാനും ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം ഓപ്പറേഷന്‍ സിന്ദൂരില്‍ എന്താണ് സംഭവിച്ചതെന്ന് ചിത്രീകരിക്കുക എന്നത് മാത്രമായിരുന്നു തങ്ങള്‍ ഉദ്ദേശിച്ചിരുന്നതെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജേന്ദ്രകുമാര്‍ ദവേയുടെ പ്രതികരണം.

ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ആരെയെങ്കിലും വേദനിപ്പിച്ചട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ദവേ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

Content Highlight: Gujarat school drama portrays burqa-wearing people as terrorists