സുരക്ഷാ ഓഡിറ്റിൽ കുടുങ്ങി; ഗുജറാത്തിൽ അഞ്ച് പാലങ്ങൾ അടച്ചു, 36 പാലങ്ങൾ അടച്ചേക്കും
India
സുരക്ഷാ ഓഡിറ്റിൽ കുടുങ്ങി; ഗുജറാത്തിൽ അഞ്ച് പാലങ്ങൾ അടച്ചു, 36 പാലങ്ങൾ അടച്ചേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th July 2025, 12:08 pm

ഗാന്ധിനഗർ: 20 പേരുടെ മരണത്തിനിടയാക്കിയ ഗുജറാത്തിലെ വഡോദര പാലം തകർച്ചക്ക് പിന്നാലെ ഗുജറാത്തിലുടനീളമുള്ള റോഡുകളിലും പാലങ്ങളിലും സമഗ്രമായ പരിശോധന നടത്താൻ നിർദേശം നൽകി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ. നിർദേശത്തിന് പിന്നാലെ നടത്തിയ പരിശോധനക്ക് ശേഷം നർമദ കാനലുകൾക്ക് കുറുകെയുള്ള അഞ്ച് പാലങ്ങൾ അടച്ചു.

സർദാർ സരോവർ നർമദ നിഗം ലിമിറ്റഡിന്റെ (എസ്.എസ്.എൻ.എൻ.എൽ) റിപ്പോർട്ട് അനുസരിച്ച്, ഗുജറാത്തിലെ നർമദ കനാൽ സംവിധാനം ഏകദേശം 69,000 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നു. ദേശീയ പാതകൾ, സംസ്ഥാന പാതകൾ, ഗ്രാമീണ റോഡുകൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന 2,110 പാലങ്ങൾ ഈ കനാൽ ശൃംഖലയിൽ ഉൾപ്പെടുന്നു.

സർക്കാർ നിർദേശത്തിന് പിന്നാലെ ഈ പാലങ്ങളുടെ നിലവാരം വിലയിരുത്തുന്നതിനായി, എസ്.എസ്.എൻ.എൻ.എൽ ഒരു സമഗ്രമായ പരിശോധനാ ക്യാമ്പയിൻ ആരംഭിക്കുകയായിരുന്നു. തുടർന്ന് പുറത്തുവിട്ട റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, അഞ്ച് പാലങ്ങൾ സുരക്ഷിതമല്ലെന്ന് കണ്ടെത്തുകയും ഇവ പൂർണമായും അടക്കുകയും ചെയ്തു. കൂടാതെ നാല് പാലങ്ങളിൽ ഭാരം കുറഞ്ഞ വാഹങ്ങൾക്ക് മാത്രം സഞ്ചരിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. അതേസമയം അറ്റകുറ്റപ്പണികൾ ആവശ്യമുള്ള 36 പാലങ്ങൾ കൂടി ഉടൻ അടച്ചുപൂട്ടും. ഈ പാലങ്ങൾ അടക്കാൻ അതത് ജില്ലാ ഭരണകൂടങ്ങൾ ഉത്തരവിട്ടിട്ടുണ്ട്.

മാലിയ ബ്രാഞ്ച് കനാലിന് കുറുകെയുള്ള അജിത്ഗഡ്-ഘണ്ടില പാലം (മോർബി), മാലിയ ബ്രാഞ്ച് കനാലിലെ പാലം, NH-151A യ്ക്കും മച്ചു നദിക്കും ഇടയിലുള്ള പാലം, സൗരാഷ്ട്ര ബ്രാഞ്ച് കനാലിൽ ധങ്കി-ഛാഡ് ഗ്രാമത്തിന് സമീപമുള്ള പാലം, സൗരാഷ്ട്ര ബ്രാഞ്ച് കനാലിൽ ലക്തർ-വാന പാലം, വാധ്‌വാൻ താലൂക്കിലെ ബാല-ബാല ഫാം പാലം എന്നിവയാണ് അടച്ചിട്ട പാലങ്ങൾ.

വല്ലഭിപൂർ ബ്രാഞ്ച് കനാലിന് മുകളിലൂടെ ഫെദര-ബഗോദര-ഭാവ്‌നഗർ എസ്.എച്ചിലെ പാലം, നരോദയ്ക്കും (അഹമ്മദാബാദ്) ദെഹ്ഗാമിനും (ഗാന്ധിനഗർ) ഇടയിലുള്ള പാലം, റായ്പൂരിനും മേദ്രയ്ക്കും ഇടയിലുള്ള പാലം, ഫ്യൂട്ടുല-സുയിഗാം റോഡിലെ (സന്തൽപൂർ, പാടൻ) കച്ച് ബ്രാഞ്ച് കനാലിന് കുറുകെയുള്ള പാലം എന്നിവക്ക് മുകളിലൂടെ അമിത ഭാരമുള്ള വാഹനങ്ങൾ പോകുന്നത് നിരോധിച്ചിട്ടുണ്ട്.

2025 ജൂലൈ ഒമ്പതിനായിരുന്നു ഗുജറാത്തിലെ വഡോദര ജില്ലയിലെ പദ്ര താലൂക്കിലുള്ള പാലം തകർന്നുവീണത്. മഹിസാഗർ നദിക്ക് കുറുകെയുള്ള പാലമായിരുന്നു ഇത്. അപകടത്തിൽ 20 പേർക്ക് ജീവൻ നഷ്ടമായിരുന്നു.

 

Content Highlight: Gujarat closes 5 bridges after safety audit, 36 more ordered shut for repairs