വിനയന്റെ സംവിധാനത്തില്‍ എത്തിയ മികച്ച സിനിമകളില്‍ ഒന്നായിരുന്നു അത്ഭുത ദ്വീപ്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ ചിത്രം 2005ലാണ് പുറത്തിറങ്ങിയത്. സിനിമയില്‍ ഒരു ദ്വീപിലെ ഉയരം കുറഞ്ഞ ആളുകളുടെ കഥയാണ് പറഞ്ഞിരുന്നത്.
ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നത് ഗിന്നസ് പക്രു ആയിരുന്നു. അത്ഭുതദ്വീപിലെ വേഷത്തിലൂടെ ഏറ്റവും പൊക്കം കുറഞ്ഞ നടനെന്ന ഗിന്നസ് റെക്കോഡ് പക്രു സ്വന്തമാക്കിയിരുന്നു.
അദ്ദേഹത്തിന് പുറമെ പൃഥ്വിരാജ് സുകുമാരന്‍, ജഗതി, കല്‍പന, ബിന്ദു പണിക്കര്‍, ജഗദീഷ്, ഇന്ദ്രന്‍സ് തുടങ്ങി വന്‍ താരനിര തന്നെയായിരുന്നു മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നത്. ഇപ്പോള്‍ അത്ഭുത ദ്വീപ് സിനിമയുടെ ഷൂട്ടിങ് സമയത്തെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഗിന്നസ് പക്രു.
അന്ന് ഷൂട്ട് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കുറേകാലം ഒരു ദ്വീപില്‍ താമസിച്ച് തിരികെ പോകുന്നത് പോലെയുള്ള തോന്നലായിരുന്നുവെന്നാണ് നടന്‍ പറയുന്നത്. ഒപ്പം ചിത്രത്തിലെ നരഭോജികളായി അഭിനയിച്ച പൊക്കം കൂടിയ ആളുകളെ കണ്ട് കല്‍പനയും ബിന്ദു പണിക്കറും പേടിച്ചുവെന്നും അദ്ദേഹം പറയുന്നു. കാര്‍ത്തിക് സൂര്യയോട് സംസാരിക്കുകയായിരുന്നു ഗിന്നസ് പക്രു.
‘എനിക്ക് അത്ഭുത ദ്വീപ് എന്ന ആ സിനിമ വേറെ തന്നെയൊരു എക്‌സ്പീരിയന്‍സായിരുന്നു. അതില്‍ ഒരു സംശയവുമില്ല. ഒരു അത്ഭുത ദ്വീപും അവിടുത്തെ രാജാവും ഒരുപാട് പെണ്‍കുട്ടികള്‍ എന്നെ മോഹിക്കുന്നതുമൊക്കെയാണ് ആ സിനിമയില്‍ പറയുന്നത്.
വിനയന്‍ സാര്‍ ഷൂട്ട് കഴിഞ്ഞ് പാക്കപ്പ് പറഞ്ഞതും നമ്മള്‍ അവിടുന്ന് തിരികെ വീട്ടിലേക്ക് പോയി. അന്ന് ശരിക്കും ഒരു ദ്വീപില്‍ പോയി കുറേകാലം താമസിച്ചിട്ട് തിരികെ വീട്ടിലേക്ക് പോകുന്നത് പോലെയുള്ള തോന്നലായിരുന്നു എനിക്ക് ഉണ്ടായിരുന്നത്.
കാരണം ആ സിനിമയില്‍ എല്ലാവരും എന്നെ പോലെ തന്നെയുള്ള ആളുകളായിരുന്നു. അത് സത്യത്തില്‍ വേറെ തന്നെയൊരു ലോകമായിരുന്നു. ഏത് ഭാഗത്തേക്ക് നോക്കിയാലും അവിടെയൊക്കെ കൗതുകമായിരുന്നു.
സെറ്റും സിനിമയ്ക്ക് വേണ്ടി നടത്തിയ സെറ്റപ്പും ആ ലൊക്കേഷനുമൊക്കെ കൗതുകം നിറഞ്ഞതായിരുന്നു. അവിടെയുള്ള കാര്യങ്ങളൊക്കെ അത്തരത്തിലായിരുന്നു. ഞങ്ങളുടെ പൊക്കം കുറഞ്ഞ ചെറിയ ഗ്രൂപ്പ് മൊത്തം വന്നത് ഒരു ടൂറിസ്റ്റ് ബസിലായിരുന്നു.
അതേസമയം സിനിമയില്‍ പൊക്കം കൂടിയ വലിയ ആളുകളൊക്കെ വന്നത് വേറെ വണ്ടിയിലായിരുന്നു. കല്‍പന ചേച്ചിയുടെ അടുത്ത് നമ്മളുടെ പൊക്കം കുറഞ്ഞ ആളുകള്‍ നില്‍ക്കുമ്പോള്‍ എങ്ങനെയായിരുന്നോ അതുപോലെയായിരുന്നു കല്‍പന ചേച്ചി ഏറ്റവും പൊക്കം കൂടിയ ആളുകളുടെ അടുത്ത് നിന്നത്.
അത്രയും പൊക്കമുള്ളവരാണ് അവരൊക്കെ. കല്‍പന ചേച്ചിയും ബിന്ദു ചേച്ചിയുമൊക്കെ അവരെ കണ്ടിട്ട് പേടിച്ചിരുന്നു. നല്ല സൈസാണ് അവര്‍ക്ക്. ആ മേക്കപ്പ് കൂടെ ആകുമ്പോള്‍ പേടിക്കാതിരിക്കില്ലല്ലോ. പക്ഷെ അവരൊക്കെ പാവങ്ങളായിരുന്നു. വളരെ സോഫ്റ്റായിരുന്നു,’ ഗിന്നസ് പക്രു പറയുന്നു.
Content Highlight: Guinness Pakru Talks About Kalpana And Athbhutha Dweepu Movie