കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അജയ് കുമാറെന്ന ഗിന്നസ് പക്രു. അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ നായകനായി ഗിന്നസ് റെക്കോഡും പക്രു സ്വന്തമാക്കി. നായകവേഷങ്ങളും തനിക്ക് ചേരുമെന്ന് തെളിയിച്ച ഗിന്നസ് പക്രു സംവിധാനരംഗത്തും തന്റെ സാന്നിധ്യമറിയിച്ചു.
ഗിന്നസ് പക്രുവിന്റെ അഭിനയ ജീവിതത്തിലെ മികച്ച സിനിമകളില്‍ ഒന്നായിരുന്നു വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ്. അത്ഭുതദ്വീപിലെ പ്രകടനത്തിന് ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹനായി. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് സംവിധായകന്‍ വിനയന്‍ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ അത്ഭുതദ്വീപ് 2വിനെ കുറിച്ച് സംസാരിക്കുകയാണ് പക്രു.
അത്ഭുതദ്വീപിന്റെ 2ാം ഭാഗം വിനയന്‍ അനൗണ്‍സ് ചെയ്തിട്ടുണ്ടെന്നും അതില്‍ ഉണ്ണി മുകുന്ദനും താനും ആണെന്നാണ് പറഞ്ഞിട്ടുള്ളതെന്നും ഗിന്നസ് പക്രു പറയുന്നു. ചിത്രത്തിന്റെ ആദ്യഭാഗത്ത് അഭിനയിച്ചത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും രണ്ടാം ഭാഗം എടുക്കുമ്പോള്‍ ഇന്നത്തെ ടെക്‌നോളജിയിലേക്ക് കൊണ്ടു വരുമ്പോള്‍ അതിന്റേതായ മുന്നൊരുക്കങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ ജോലികള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും എവിടെ ചെന്നാലും തന്നെ സ്‌നേഹിക്കുന്നവര്‍ ചോദിക്കുന്നത് അത്ഭുതദ്വീപ് 2 എപ്പോഴാണെന്നുമാണെന്നും പക്രു പറഞ്ഞു.
‘അത്ഭുതദ്വീപിന്റെ 2ാം ഭാഗം വിനയന്‍ സാര്‍ അനൗണ്‍സ് ചെയ്തിട്ടുണ്ട്. അതില്‍ ഉണ്ണി മുകുന്ദനും ഞാനും ആണെന്നാണ് പറഞ്ഞത്. അന്ന് വലിയ ചാലഞ്ച് ആയിരുന്നു ആ സിനിമ. അപ്പോള്‍ സ്വാഭാവികമായി ഇന്നത്തെ ടെക്‌നോളജിയിലേക്ക് കൊണ്ടു വരുമ്പോള്‍ അതിന്റേതായ മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്.
അതിന്റെ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. എവിടെ ചെന്നാലും എന്നെ സ്‌നേഹിക്കുന്നവര്‍ ചോദിക്കുന്ന ചോദ്യമാണ്, ‘എന്നാണ് അത്ഭുതദ്വീപ് 2 എപ്പോഴാണ് എന്ന്.’ ആ കഥാപാത്രത്തിനായി ഞാന്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്,’ ഗിന്നസ് പക്രു പറയുന്നു.