വലിയ തുടക്കമായിരുന്നു അവിടെ; ഒരു നടനോട് കാണിക്കുന്ന എല്ലാ മര്യാദകളും ബഹുമാനവും എനിക്ക് കിട്ടിയിട്ടുണ്ട്: ഗിന്നസ് പക്രു
Malayalam Cinema
വലിയ തുടക്കമായിരുന്നു അവിടെ; ഒരു നടനോട് കാണിക്കുന്ന എല്ലാ മര്യാദകളും ബഹുമാനവും എനിക്ക് കിട്ടിയിട്ടുണ്ട്: ഗിന്നസ് പക്രു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th September 2025, 5:20 pm

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ഗിന്നസ് പക്രു. കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ നായകനായി ഗിന്നസ് റെക്കോഡും സ്വന്തമാക്കി. നായകവേഷങ്ങളും തനിക്ക് ചേരുമെന്ന് തെളിയിച്ച ഗിന്നസ് പക്രു സംവിധാനരംഗത്തും തന്റെ സാന്നിധ്യമറിയിച്ചു.

മലയാളത്തിനൊപ്പം തമിഴിലും മികച്ച സിനിമകളുടെ ഭാഗമായിരുന്നു അദ്ദേഹം. ഡിഷ്യൂം, ഏഴാം അറിവ് തുടങ്ങി ചുരുങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ തമിഴ് സിനിമയിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ഗിന്നസ് പക്രു.

‘ഏറ്റവും വലിയ തുടക്കമായിരുന്നു എനിക്ക് തമിഴ് സിനിമാ മേഖലയില്‍ ലഭിച്ചത്. ശശിസാര്‍ സംവിധാനംചെയ്ത ‘ഡിഷ്യൂം’ ആയിരുന്നു ആദ്യസിനിമ. ജീവയുടെ സുഹൃത്തിന്റെ വേഷമായിരുന്നു എന്റേത്. ആദ്യത്തെ സിനിമ തന്നെ ഹിറ്റാവുകയും അതിലെ പാട്ടുകളൊക്കെ വൈറലാവുകയും ചെയ്തു. പിന്നാലെ ആ കഥാപാത്രത്തിന് ആ വര്‍ഷത്തെ മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചു,’ ഗിന്നസ് പക്രു പറയുന്നു.

അതിന് ശേഷം തമിഴില്‍ നിന്ന് ചെറുതും വലുതുമായ കുറെ കഥാപാത്രങ്ങള്‍ തനിക്ക് ലഭിക്കാന്‍ തുടങ്ങിയെന്നും മലയാളത്തില്‍ സിനിമകള്‍ ചെയ്യുന്നതിനാലും ചാനല്‍ പരിപാടികളും കാരണം കുറെ സിനിമകള്‍ തമിഴില്‍ ചെയ്യാന്‍ കഴിയാതെപോയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. തമിഴില്‍ ലഭിക്കുന്ന സിനിമകളില്‍ ഏറ്റവും നല്ലത് ചെയ്യുക എന്നതായിരുന്നു അന്നത്തെ രീതിയെന്നും അതുകൊണ്ടുതന്നെ വിരലിലെണ്ണാവുന്ന സിനിമകളേ തമിഴില്‍ താന്‍ ചെയ്തിട്ടുള്ളുവെന്നും പക്രു കൂട്ടിച്ചേര്‍ത്തു.

‘പക്ഷേ എല്ലാ സിനിമകളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അവിടെയുള്ള സംവിധായകര്‍ക്കും താരങ്ങള്‍ക്കുമെല്ലാം നമ്മളോട് ഒരു പ്രത്യേക സ്‌നേഹവും കരുതലുമൊക്കെയാണ്. മലയാളത്തില്‍നിന്നു പോകുന്ന ഒരു വലിയ നടനോട് കാണിക്കുന്ന എല്ലാ മര്യാദകളും ബഹുമാനവും എനിക്ക് അവിടെ കിട്ടിയിട്ടുണ്ട്. അതൊരു ഭാഗ്യമായി ഞാന്‍ കരുതുകയാണ്,’ ഗിന്നസ് പക്രു പറയുന്നു.

Content highlight: Guinness Pakru  sharing his experiences in Tamil cinema