ഛത്തീസ്ഗഢിലെ ജയിലില്‍ കന്യാസ്ത്രീകളെ കാണാനെത്തിയ ഇടത് എം.പിമാരുടെ സംഘത്തിന് അനുമതി നിഷേധിച്ചു
attack against christians
ഛത്തീസ്ഗഢിലെ ജയിലില്‍ കന്യാസ്ത്രീകളെ കാണാനെത്തിയ ഇടത് എം.പിമാരുടെ സംഘത്തിന് അനുമതി നിഷേധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th July 2025, 4:45 pm

റായ്പൂര്‍: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ സന്ദര്‍ശിക്കാനെത്തിയ ഇടത് എം.പിമാരുടേയും നേതാക്കളുടേയും സംഘത്തിന് അനുമതി നിഷേധിച്ചു.

ജയിലിലെ സന്ദര്‍ശക സമയം കഴിഞ്ഞുവെന്ന് ചൂണ്ടിക്കാണിച്ചാണ് ദുര്‍ഗ് ജയിലിലെ അധികൃതര്‍ അനുമതി നിഷേധിച്ചത്. അനുമതി നിഷേധിച്ചത് നേതാക്കളും അധികൃതരും തമ്മില്‍ വാക്ക് തര്‍ക്കത്തിലേക്ക് നയിച്ചു.

പൊലീസ് കാണിക്കുന്നത് വിവേചനമാണെന്നും ഛത്തീസ്ഗഢില്‍ നടക്കുന്നത് ബി.ജെ.പി രാജ് ആണെന്നും ബൃന്ദ കാരാട്ട് വിമര്‍ശിച്ചു.

സന്ദര്‍ശന കാര്യം മുന്‍കൂട്ടി തന്നെ ജയില്‍ അധികൃതര്‍ക്ക് മെയില്‍ അയച്ചിരുന്നുവെന്ന് മുതിര്‍ന്ന സി.പി.ഐ നേതാവായ ആനി രാജയും പ്രതികരിച്ചു. തങ്ങള്‍ക്ക് മുമ്പായി മൂന്ന് മണിക്കും മൂന്നരയ്ക്കും എത്തിയ മറ്റ് പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് അനുമതി നല്‍കിയിരുന്നെന്നും എന്നാല്‍ തങ്ങളോട് കാണിക്കുന്നത് വിവേചനമാണെന്നും ആനി രാജ പറഞ്ഞു.

തങ്ങളുടെ സന്ദര്‍ശനം ബി.ജെ.പി ഭയപ്പെടുന്നുവെന്നും ഇവിടെ തന്നെ തുടരുമെന്നും കന്യാസ്ത്രീകളെ കണ്ട് സംസാരിച്ചേ മടങ്ങൂയെന്നും എ.എ. റഹീം എം.പി പറഞ്ഞു.
ഇന്ന് അനുമതി നിഷേധിച്ചതിനാല്‍ കന്യാസ്ത്രീകളെ നാളെ (30-07-25)  കാണാനാണ് നിലവില്‍ പ്രതിനിധികള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Group of Left MPs denied permission to visit nuns in Chhattisgarh jail