സനാ: ചെങ്കടലില്‍ ബ്രിട്ടന്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം. യെമന്‍ തീരത്തിന് സമീപത്താണ് ആക്രമണം നടന്നത്. റോക്കറ്റ് ഉപയോഗിച്ചുള്ള ഗ്രനേഡ് ആക്രമണമാണ് ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ യെമനിലെ ഹൂത്തി വിമതസംഘം ചെങ്കടലില്‍ വീണ്ടും ആക്രമണം തുടങ്ങിയ സാഹചര്യത്തിലാണ് യു.കെ കപ്പലിന് നേരെയുള്ള അറ്റാക്ക്.
കപ്പലിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രത്യാക്രമണം നടത്തിയതായും വിവരമുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യു.കെ.എം.ടി.ഒ) സെന്റര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ പ്രതികരിച്ചു.
2023 ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഗസയ്ക്കെതിരായ ഇസ്രഈല്‍ ആക്രമണത്തെ തുടര്‍ന്നാണ് ചെങ്കടലില്‍ ഇസ്രഈലുമായി ബന്ധമുള്ള കപ്പലുകളെ ഹൂത്തികള്‍ ആക്രമിക്കാന്‍ തുടങ്ങിയത്. ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നവംബര്‍ മുതല്‍ ഇസ്രഈല്‍ ബന്ധമുള്ള 100ലധികം കപ്പലുകളെയാണ് ഹൂത്തികള്‍ ആക്രമിച്ചത്.
ഇക്കാലയളവില്‍ ഹൂത്തികള്‍ ഇസ്രഈല്‍ ബന്ധമുള്ള രണ്ട് കപ്പലുകള്‍ കടലില്‍ മുക്കുകയും മറ്റൊന്ന് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കുറഞ്ഞത് നാല് നേവി ഉദ്യോഗസ്ഥരെ ഹൂത്തികള്‍ കൊലപ്പെടുത്തിയിട്ടുമുണ്ട്.
ഹൂത്തികളുടെ ഉപരോധം ആഗോള ഷിപ്പിങ്ങിനെ തന്നെ തടസപ്പെടുത്തിയിരുന്നു. ഇതോടെ കപ്പലുകളെ ദക്ഷിണാഫ്രിക്കയ്ക്ക് ചുറ്റുമുള്ള ദീര്‍ഘവും ചെലവേറിയതുമായ വഴികളിലൂടെ വഴിതിരിച്ചുവിടാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായിരുന്നു.
ഇടക്കാലത്ത് ചെങ്കടലിലെ ആക്രമണം ഹൂത്തികള്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2025ല്‍ നിലവില്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗസയില്‍ ഇസ്രഈല്‍ ആക്രമണം പുനരാരംഭിച്ചതിലും ഫലസ്തീനിലേക്കുള്ള മാനുഷിക സഹായങ്ങള്‍ തടഞ്ഞതിലും പ്രതിഷേധിച്ചാണ് ഒരു ഇടവേളയ്ക്ക് ശേഷം ചെങ്കടലില്‍ ഇസ്രഈലി കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം തുടങ്ങിയത്.
Content Highlight: Grenade attack on British ship in the Red Sea