ഗ്രീന്‍ലാന്‍ഡ് 'വില്‍പ്പനയ്ക്കില്ല'; അമേരിക്കയുമായുള്ള ചര്‍ച്ച പരാജയം, ദ്വീപില്‍ നാറ്റോയുടെ സൈനിക നിരീക്ഷണം
World
ഗ്രീന്‍ലാന്‍ഡ് 'വില്‍പ്പനയ്ക്കില്ല'; അമേരിക്കയുമായുള്ള ചര്‍ച്ച പരാജയം, ദ്വീപില്‍ നാറ്റോയുടെ സൈനിക നിരീക്ഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th January 2026, 7:10 pm

ന്യൂക്ക്: ഗ്രീന്‍ലാഡിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു.

ഗ്രീന്‍ലാഡിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ഫ്രാന്‍സ്, ജര്‍മനി, സ്വീഡന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സൈനികര്‍ ദ്വീപിലെത്തിത്തുടങ്ങിയതായാണ് വിവരം.

ഗ്രീന്‍ലാഡിന്റെ സുരക്ഷ സംബന്ധിച്ച് അമേരിക്കയുമായി നടത്തിയ ചര്‍ച്ചകള്‍ പാരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ നീക്കം.

ഗ്രീന്‍ലാന്‍ഡ് വിട്ടുനല്‍കില്ലെന്ന ഡെന്മാര്‍ക്കിന്റെയും ഗ്രീന്‍ലാഡിന്റെയും കര്‍ശന നിലപാട് നിലനില്‍ക്കെ തന്നെ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുളള താത്പര്യം യു.എസ് പ്രസിഡന്റ് ആവര്‍ത്തിച്ചു.

ബുധനാഴ്ച വാഷിങ്ടണില്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോ എന്നിവരുമായി ഡാനിഷ് വിദേശകാര്യ മന്ത്രി നടത്തിയ ചര്‍ച്ചയിലും സമവായത്തില്‍ എത്താന്‍ സാധിച്ചിട്ടില്ല.

ആര്‍ട്ടിക്ക് മേഖലയിലെ റഷ്യന്‍-ചൈനീസ് സ്വാധീനം തടയേണ്ടതിന്റെ ആവശ്യകതയാണ് ട്രംപ് പ്രധാനമായും ഉന്നയിക്കുന്നത്.

നിലവില്‍ അമേരിക്കയുടെ കടന്നുകയറ്റം തടയാന്‍ നാറ്റോ സഖ്യകക്ഷികളുടെ സഹായത്തോടെ ഡെന്മാര്‍ക്ക് പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ്.

ഇതിന്റെ ഭാഗമായി ഫ്രാന്‍സിന്റെ 15 അംഗ ‘പര്‍വത കാലാള്‍പ്പട ന്യൂക്കില്‍ എത്തിയിട്ടുണ്ട്. ജര്‍മനിയുടെ നിരീക്ഷണ സംഘവും അടുത്ത ദിവസം തന്നെ ന്യൂക്കില്‍ എത്തും. കാനഡ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും സൈനിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

നിലവില്‍ ആര്‍ട്ടിക് മേഖലയില്‍ വിമാനങ്ങളും കപ്പലുകളും സൈനികരെയും വിന്യസിച്ചുകൊണ്ട് വന്‍തോതിലുള്ള സൈനികാഭ്യാസത്തിനാണ് യൂറോപ്യന്‍ ശക്തികള്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഇത് വരും ദിവസങ്ങളില്‍ അമേരിക്കയും യൂറോപ്പും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വലിയ വിള്ളലുകള്‍ ഉണ്ടാക്കിയേക്കാം.

Content Highlight: Greenland; Negotiations with the US fail, NATO military surveillance on the island