ഹാപ്പി വെഡ്ഡിങ്ങിലൂടെ അഭിനയജീവിതം ആരംഭിച്ച നടിയാണ് ഗ്രേസ് ആന്റണി. പിന്നീട് മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയയായി. പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ ഗ്രേസിന് സാധിച്ചു. സ്വഭാവികമായി ഹ്യൂമര്‍ ചെയ്ത് ഫലിപ്പിക്കാനുള്ള കഴിവാണ് ഗ്രേസ് എന്ന നടിയുടെ ഏറ്റവും വലിയ പോസിറ്റീവ്.
റാം സംവിധാനം ചെയ്യുന്ന പറന്ത് പോ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലും തന്റെ സാന്നിധ്യമറിയിക്കുകയാണ് ഗ്രേസ് ആന്റണി. ജൂലൈ നാലിന് ചിത്രം തിയേറ്ററുകളിലെത്തും. തമിഴ് സിനിമയില്‍ അഭിനയിക്കാനായി വന്നപ്പോള്‍ എല്ലാവരും തനിക്കൊരു കുടുംബം പോലെയാണ് തോന്നിയതെന്ന് ഗ്രേസ് ആന്റണി പറയുന്നു.
നടിയായ രജിഷ വിജയന്‍ തന്റെ അടുത്ത സുഹൃത്താണെന്നും തമിഴ്‌നാട്ടിലുള്ളവര്‍ക്ക് നല്ല സ്‌നേഹമായിരിക്കുമെന്നും അത് എന്‍ജോയ് ചെയ്യാന്‍ പറഞ്ഞെന്നും ഗ്രേസ് കൂട്ടിച്ചേര്‍ത്തു. സിനിമ വികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗ്രേസ് ആന്റണി.
‘എന്റെ കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ എനിക്ക് കുടുംബം പോലെയാണ്. തമിഴ്‌നാട്ടിലേക്ക് വരുമ്പോള്‍ വേറെ രീതിയിലുള്ള ഒരു അഫക്ഷന്‍ ലഭിക്കുന്നുണ്ട്. മലയാള സിനിമയിലെ എന്റെ വളരെ അടുത്ത സുഹൃത്താണ് രജിഷ വിജയന്‍. അവള്‍ ജയ് ഭീം, കര്‍ണ്ണന്‍ തുടങ്ങിയ സിനിമകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്.
ഞാന്‍ തമിഴില്‍ ഒരു സിനിമ ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍ അവള്‍ എന്നോട് പറഞ്ഞത് ‘ഗ്രേസ് നീ തമിഴില്‍ പോകുമ്പോള്‍ അവിടെനിന്ന് നിനക്ക് ലഭിക്കുന്ന സ്‌നേഹം വളരെ ഡിഫറെന്റ് ആയിരിക്കും. അത് ദയവ് ചെയ്ത് എന്‍ജോയ് ചെയ്യൂ’ എന്നാണ്,’ ഗ്രേസ് ആന്റണി പറയുന്നു.