ആ സിനിമയിലേക്ക് വിളിച്ചപ്പോള്‍ ത്രില്ലറില്‍ അഭിനയിക്കാന്‍ ചാന്‍സ് കിട്ടിയെന്നാണ് കരുതിയത്, എന്നാല്‍ അതും കോമഡി പടം: ഗ്രേസ് ആന്റണി
Entertainment
ആ സിനിമയിലേക്ക് വിളിച്ചപ്പോള്‍ ത്രില്ലറില്‍ അഭിനയിക്കാന്‍ ചാന്‍സ് കിട്ടിയെന്നാണ് കരുതിയത്, എന്നാല്‍ അതും കോമഡി പടം: ഗ്രേസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 16th January 2025, 5:14 pm

ഹാപ്പി വെഡിങ്സ് എന്ന സിനിമയിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് ഗ്രേസ് ആന്റണി. എന്നാല്‍ 2019ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് ചിത്രത്തിലെ സിമി എന്ന കഥാപാത്രമാണ് ഗ്രേസിന് വഴിത്തിരിവായത്.

കഴിഞ്ഞ വര്‍ഷം ഹോട്‌സ് സ്റ്റാറില്‍ റിലീസായ നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് എന്ന വെബ് സീരീസില്‍ ലില്ലിക്കുട്ടിയെന്ന കഥാപാത്രമായും ജീത്തു ജോസഫ് സംവിധാനം ചെയ്ത നുണക്കുഴി എന്ന ചിത്രത്തില്‍ രശ്മിത എന്ന കഥാപാത്രമായും ഗ്രേസ് ആന്റണി എത്തിയിരുന്നു. ലില്ലിക്കുട്ടി എന്ന കഥാപാത്രത്തെ കുറിച്ച് ആദ്യമായി കേട്ടപ്പോള്‍ എങ്ങനെ ചെയ്യും എന്നോര്‍ത്ത് ടെന്‍ഷന്‍ ഉണ്ടായിരുന്നു എന്ന് ഗ്രേസ് ആന്റണി പറയുന്നു.

ജീത്തു ജോസഫ് നുണക്കുഴി എന്ന ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ ദൃശ്യം പോലൊരു ത്രില്ലര്‍ ചിത്രത്തിലേക്കാണെന്നാണ് കരുതിയതെന്നും പിന്നീടാണ് നുണക്കുഴി ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആണെന്ന് മനസിലായതെന്നും നടി കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗ്രേസ് ആന്റണി.

‘നാഗേന്ദ്രന്‍സ് ഹണിമൂണ്‍സിലെ ലില്ലിക്കുട്ടിയെ കുറിച്ച് ആദ്യം കേട്ടപ്പോള്‍ എങ്ങനെ ചെയ്യും എന്ന ടെന്‍ഷനുണ്ടായിരുന്നു. സെറ്റിലെത്തി കോസ്റ്റ്യൂം കണ്ടപ്പോള്‍ തന്നെ ഏകദേശ ധാരണ കിട്ടി. ചെയ്തു കഴിഞ്ഞപ്പോള്‍ ആളുകള്‍ ഇതെങ്ങനെ സ്വീകരിക്കുമെന്നായിരുന്നു പേടി. പ്രിവ്യൂ കണ്ടുകഴിഞ്ഞ് ആള്‍ക്കാരെല്ലാം അഭിനന്ദിച്ചപ്പോഴാണ് സന്തോഷമായത്.

ജീത്തു സാര്‍ (ജീത്തു ജോസഫ്) നുണക്കുഴിയിലേക്ക് വിളിച്ചപ്പോള്‍ ആദ്യം വിചാരിച്ചത് ദൃശ്യം പോലൊരു ത്രില്ലറില്‍ അഭിനയിക്കാന്‍ ചാന്‍സ് കിട്ടി എന്നാണ്. പിന്നെയാണ് കോമഡി എന്റര്‍ടെയ്‌നറാണെന്ന് മനസിലായത്. ജീത്തു സാറിന്റെ പടത്തില്‍ അഭിനയിക്കുന്നതിന്റെ എക്‌സൈറ്റ്മെന്റ്‌റ് ഉണ്ടായിരുന്നു.

ബേസിലാണ് നായകനെന്നറിഞ്ഞപ്പോള്‍ അല്പം കൂടി സന്തോഷമായി കുറച്ചുകാലമായി ബേസിലിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. തമാശ ചെയ്യാന്‍ ഇഷ്ടമുള്ളതുകൊണ്ട് അതുപോലെ ഒരാളുടെ കൂടെ അഭിനയിക്കുമ്പോള്‍ കട്ടയ്ക്ക് അഭിനയിച്ചു നില്‍ക്കാം. ബൈജുച്ചേട്ടന്‍, മനോജേട്ടന്‍, സിദ്ദിഖിക്ക, അജു വര്‍ഗീസ് തുടങ്ങി നല്ലൊരു ടീമായിരുന്നു നുണക്കുഴിയില്‍. സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തു,’ ഗ്രേസ് ആന്റണി പറയുന്നു.

Content Highlight: Grace Antony talks about Nunakkuzhi Movie