ആ നടിയോടൊപ്പം അഭിനയിക്കുമ്പോള്‍ കൂടെ പിടിച്ചുനില്‍ക്കുക എന്നതാണ് വെല്ലുവിളി: ഗ്രേസ് ആന്റണി
Entertainment
ആ നടിയോടൊപ്പം അഭിനയിക്കുമ്പോള്‍ കൂടെ പിടിച്ചുനില്‍ക്കുക എന്നതാണ് വെല്ലുവിളി: ഗ്രേസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th May 2025, 10:27 pm

2016ല്‍ ഹാപ്പി വെഡിങ്സ് എന്ന സിനിമയിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് ഗ്രേസ് ആന്റണി. പിന്നീട് മമ്മൂട്ടിയോടൊപ്പം റോഷാക്ക്, നിവിന്‍ പോളിയോടൊപ്പം കനകം കാമിനി കലഹം, ബേസില്‍ ജോസഫിനൊപ്പം നുണക്കുഴി തുടങ്ങിയ മികച്ച സിനിമകളില്‍ അഭിനയിക്കാന്‍ നടിക്ക് കഴിഞ്ഞു.

എന്നാല്‍ 2019ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ സിമിയെന്ന കഥാപാത്രമാണ് ഗ്രേസിന് വഴിത്തിരിവായത്. ഇപ്പോള്‍ ഹാപ്പി വെഡിങ്സ് എന്ന സിനിമയില്‍ നിന്ന് കുമ്പളങ്ങി നൈറ്റ്‌സിലേക്ക് എത്തിയതിനെ കുറിച്ചും പ്രതി പൂവന്‍കോഴി സിനിമയില്‍ മഞ്ജു വാര്യരുടെ കൂടെ അഭിനയിച്ചതിനെ കുറിച്ചും പറയുകയാണ് ഗ്രേസ് ആന്റണി.

‘സത്യം പറഞ്ഞാല്‍, ഹാപ്പി വെഡിങ്സ് കണ്ടിട്ടാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയുടെ ഓഡിഷനിലേക്ക് ശ്യാമേട്ടന്‍ എന്നെ വിളിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സിന്റെ ക്യാമറാമാന്‍ ആയിരുന്നു ഷൈജു ഖാലിദ്.

ഇക്ക നിര്‍മിച്ച പടമായിരുന്നു തമാശ. അങ്ങനെയാണ് അതിലേക്ക് എത്തുന്നത്. ആദ്യ രണ്ട് സിനിമകളില്‍ നിന്ന് തികച്ചും വേറിട്ട ടീമിന്റെ കൂടെയാണ് മൂന്നാമത്തെ സിനിമയായ പ്രതി പൂവന്‍കോഴി ചെയ്തത്.

ശ്യാമേട്ടനും ഷൈജു ഇക്കയുമൊക്കെ അടങ്ങുന്ന ടീമിന്റെ മൂവി മേക്കിങ് കുറച്ച് പതിയെ പോകുന്ന ഒന്നാണ്. എന്നാല്‍ റോഷന്‍ ആന്‍ഡ്രൂസ് സാറിന്റേത് വേഗത്തിലുള്ളതാണ്. മുതിര്‍ന്ന സംവിധായകന്റെ കൂടെയാണ് നമ്മള്‍ വര്‍ക്ക് ചെയ്യുന്നത് എന്ന ഫീല്‍ കിട്ടും.

കുറച്ചുകൂടി സീരിയസായ സെറ്റായിരുന്നു അത്. മഞ്ജു ചേച്ചിയൊക്കെ കൂടെ അഭിനയിക്കുമ്പോള്‍ നന്നായെങ്കില്‍ നന്നായെന്ന് കൃത്യമായി പറഞ്ഞ് തരും. മോശമായാല്‍ ‘ഗ്രേസേ അത് കുറച്ചുകൂടി നന്നാക്കണം’ എന്ന് പറയും.

ശരിക്കും ചേച്ചിയുടെ കൂടെയൊക്കെ അഭിനയിക്കുമ്പോള്‍ അവരുടെ സ്‌ക്രീന്‍ പ്രസന്‍സിനൊപ്പം പിടിച്ചു നില്‍ക്കുക എന്നതാണ് നമ്മളെ പോലുള്ള അഭിനേതാക്കള്‍ക്കുള്ള വെല്ലുവിളി,’ ഗ്രേസ് ആന്റണി പറയുന്നു.

Content Highlight: Grace Antony Talks About Manju Warrier