പൊടി അലര്‍ജിയും ബ്രീത്തിങ് പ്രോബ്ലവും; കാര്യമറിഞ്ഞ അദ്ദേഹം എന്റെ കഥാപാത്രം ഇന്‍ഹേലര്‍ യൂസ് ചെയ്യുന്നതായി കൊടുത്തു: ഗ്രേസ് ആന്റണി
Entertainment
പൊടി അലര്‍ജിയും ബ്രീത്തിങ് പ്രോബ്ലവും; കാര്യമറിഞ്ഞ അദ്ദേഹം എന്റെ കഥാപാത്രം ഇന്‍ഹേലര്‍ യൂസ് ചെയ്യുന്നതായി കൊടുത്തു: ഗ്രേസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 2nd July 2025, 4:51 pm

2016ല്‍ ഹാപ്പി വെഡിങ്‌സ് എന്ന സിനിമയിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് ഗ്രേസ് ആന്റണി. പിന്നീട് മമ്മൂട്ടിയോടൊപ്പം റോഷാക്ക്, നിവിന്‍ പോളിയോടൊപ്പം കനകം കാമിനി കലഹം, ബേസില്‍ ജോസഫിനൊപ്പം നുണക്കുഴി തുടങ്ങിയ മികച്ച സിനിമകളില്‍ അഭിനയിക്കാന്‍ നടിക്ക് കഴിഞ്ഞു.

എന്നാല്‍ 2019ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ സിമിയെന്ന കഥാപാത്രമാണ് ഗ്രേസിന് വഴിത്തിരിവായത്. ഇപ്പോള്‍ ഗ്രേസിന്റേതായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പറന്ത് പോ.

നടിയുടെ കരിയറിലെ ആദ്യ തമിഴ് ചിത്രമാണ് ഇത്. തമിഴിലെ പ്രശസ്ത സംവിധായകന്‍ റാം സംവിധാനം ചെയ്യുന്ന സിനിമയാണ് പറന്ത് പോ. ഗ്രേസിന് പുറമെ ശിവ, അഞ്ജലി, അജു വര്‍ഗീസ് തുടങ്ങിയ മികച്ച താരനിരയാണ് ഈ ചിത്രത്തിനായി ഒന്നിക്കുന്നത്.

ഇപ്പോള്‍ സംവിധായകന്‍ റാമിന്റെ ഒബ്‌സര്‍വേഷനെ കുറിച്ച് പറയുകയാണ് ഗ്രേസ് ആന്റണി. പറന്ത് പോ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘സിനിമയില്‍ ഡാന്‍സ് ചെയ്യുന്ന ഒരു സീക്വന്‍സുണ്ട്. എനിക്ക് പൊടി അലര്‍ജി ആയിരുന്നു. അതുകൊണ്ട് ബ്രീത്തിങ് പ്രോബ്ലവും ഉണ്ടായിരുന്നു. ആ ഡാന്‍സ് സീക്വന്‍സ് എടുക്കുന്നതിന് മുമ്പ് സംവിധായകന്‍ റാം സാര്‍ എന്റെ അടുത്തേക്ക് വന്നു.

അദ്ദേഹം എന്നോട് ‘എന്തുപറ്റി’യെന്ന് ചോദിച്ചു. ഞാന്‍ അപ്പോള്‍ എനിക്ക് ബ്രീത്തിങ് പ്രോബ്ലം ഉണ്ടെന്ന് പറഞ്ഞു. ഉടനെ സാര്‍ അവിടെയുള്ളവരോട് ‘ഇത് നോട്ട് ചെയ്‌തേക്ക്’ എന്നാണ് പറഞ്ഞത് (ചിരി).

അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് ചോദിച്ചാല്‍, എന്റെ കഥാപാത്രം ഇന്‍ഹേലര്‍ യൂസ് ചെയ്യുന്നതായി അദ്ദേഹം സിനിമയില്‍ കൊണ്ടുവന്നു. റാം സാറിന് അത്രയേറെ ഒബ്‌സര്‍വേഷനാണ്. അല്ലെങ്കില്‍ അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലല്ലോ.

അതുപോലെ എന്നോട് ആദ്യമേ തന്നെ നീന്താന്‍ അറിയുമോയെന്ന് ചോദിച്ചിരുന്നു. ഞാന്‍ ആണെങ്കില്‍ ‘കുറച്ച് അറിയാം സാര്‍’ എന്ന് പറഞ്ഞു. പിന്നെ എനിക്ക് അദ്ദേഹം നീന്താന്‍ പറഞ്ഞാലോയെന്ന് സംശയം തോന്നി.

‘എനിക്ക് അധികം അറിയില്ല’ എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ നമുക്ക് നീന്താന്‍ പഠിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെ ഞാന്‍ ഈ സിനിമക്ക് വേണ്ടി നീന്താനും പഠിച്ചു,’ ഗ്രേസ് ആന്റണി പറയുന്നു.


Content Highlight: Grace Antony Talks About Director Ram